---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---
Showing posts with label സ്മരണ. Show all posts
Showing posts with label സ്മരണ. Show all posts

Saturday, August 23, 2014

അനന്തമൂര്‍ത്തിക്ക് ആദരാഞ്ജലികള്‍....

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുക...

അനന്തമൂര്‍ത്തി ഒരിക്കല്‍ പറഞ്ഞത്.: 
മലയാളി കേരളത്തിനു പുറത്ത് കഠിനമായി അധ്വാനിക്കും. 
കേരളത്തിനകത്ത് അവന്‍ മടിയനാണ്; 
പ്രത്യേകിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. 
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാല്‍ ഒരു ജോലിയും
ചെയ്യേണ്ടതില്ല എന്നതാണ് മനോഭാവം. 
അവര്‍ ജനങ്ങളുടെ യജമാനന്മാരായി. 
ഒരു ടൈപ്പിസ്റ്റിനെ സെക്ഷന്‍ ഓഫീസറാക്കിയാല്‍ പിന്നീടയാള്‍ ടൈപ്പ്‌ചെയ്യുകയില്ല. അതയാളുടെ അന്തസ്സിന് യോജിച്ച പണിയല്ലാതാവുന്നു. 
തൊഴിലെടുക്കുന്നതിലുള്ള ആഹ്ലാദം, എടുക്കുന്ന തൊഴില്‍ ആസ്വദിക്കല്‍ ഇല്ലാതാവുകയാണ്. എന്റെ അച്ഛന്‍ ക്ലര്‍ക്കായിരുന്നു. 
അദ്ദേഹം തന്റെ കൈയക്ഷരത്തില്‍ അഭിമാനംകൊണ്ടിരുന്നു. 
ഇന്ന് ഏതു ക്ലര്‍ക്കാണ് സ്വന്തം കൈയക്ഷരത്തിലഭിമാനിക്കുന്നത്?

Friday, August 22, 2014

അബ്ദുല്‍ അഹദ് തങ്ങള്‍ വിശുദ്ധ ജീവിതത്തിന്‍െറ ആള്‍രൂപം...

ആറു പതിറ്റാണ്ടുകാലം ജമാഅത്തെ ഇസ്ലാമി സംസ്ഥാന നേതൃരംഗത്ത് വിവിധ തലങ്ങളില്‍ മഹത്തായ സേവനമര്‍പ്പിച്ച മഹദ്വ്യക്തിയാണ് മുഹമ്മദ് അബ്ദുല്‍ അഹദ് തങ്ങള്‍. സൗമ്യമായ പെരുമാറ്റത്തിന്‍െറയും കര്‍മനിരതമായ ജീവിതത്തിന്‍െറയും കറയറ്റ സേവനത്തിന്‍െറയും കണിശമായ സത്യസന്ധതയുടെയും വിട്ടുവീഴ്ചയില്ലാത്ത നീതിബോധത്തിന്‍െറയും കാണപ്പെടുന്ന രൂപമായിരുന്നു അദ്ദേഹം. നാലര പതിറ്റാണ്ടുകാലം വളരെ അടുത്തിടപഴകാന്‍ അവസരം ലഭിച്ചിട്ടും അനിഷ്ടകരമായ ഒരു വാക്കുകേള്‍ക്കുകയോ അലോസരമുണ്ടാക്കുന്ന എന്തെങ്കിലും സമീപനമുണ്ടാവുകയോ ചെയ്തതായി ഓര്‍ത്തെടുക്കാന്‍ സാധ്യമല്ല. ഇസ്ലാമിക് പബ്ളിഷിങ് ഹൗസിന്‍െറ ചുമതല ഏറ്റെടുത്തപ്പോള്‍ നല്‍കിയ ഉപദേശ നിര്‍ദേശങ്ങള്‍ സ്ഥാപനം കൊണ്ടുനടത്തുന്നതിലെന്നപോലെ ജീവിതത്തിലും ഏറെ ഉപകരിക്കുകയുണ്ടായി. തുടര്‍ന്ന് രോഗശയ്യയിലാകുന്നതുവരെ അദ്ദേഹത്തില്‍നിന്ന് കലവറയില്ലാത്ത സ്നേഹം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി.

അബ്ദുൽ അഹദ് തങ്ങൾ(87) നിര്യാതനായി....


 ജമാഅത്തെ ഇസ്‍ലാമി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ അഹദ് തങ്ങള്‍ ഇന്ന് (ആഗസ്ത് 22 വെള്ളിയാഴ്ച്ച) വൈകുന്നേരം അഞ്ചുമണിക്ക് നിര്യാതനായി. 87 വയസ്സായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശമായ മലപ്പുറം വളാഞ്ചേരി എടയൂരിലാകും മയ്യിത്ത് നമസ്കാരം.

Thursday, December 12, 2013

ശഹീദ് അബ്ദുല്‍ ഖാദര്‍ മുല്ല കുടുംബത്തോട്...


ഞാനായിരുന്നു നിങ്ങളുടെ സംരക്ഷകന്‍. ഇനി ഈ സര്‍കാര്‍ എന്നെ അന്യായമായി വധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള രക്തസാക്ഷിത്തമാണ്. എന്റെ രക്തസാക്ഷിത്തത്തിന് ശേഷം നിശ്ചയമായും നിങ്ങളുടെ സംരക്ഷകന്‍ അല്ലാഹുവായിരിക്കും. അവനത്രെ ഏറ്റവും നല്ല രക്ഷിതാവ്. അതുകൊണ്ട് നിങ്ങള്‍ വിശമിക്കേണ്ടതില്ല. ഞാന്‍ നിരപരാധിയാണെന്ന് എനിക്കുറപ്പുണ്ട്. ഞാന്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടു എന്നതാണ് ഞാന്‍ കൊലചെയ്യപെടാന്‍ കാരണം. രക്തസാക്ഷിത്തം എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന അനുഗ്രഹമല്ല. എനിക്ക് അല്ലാഹു രക്തസാക്ഷിത്തം നല്‍കുന്നുവെങ്കില്‍ ഞാന്‍ സൗഭാഗ്യവാനാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അപ്രകാരമാണെങ്കില്‍ ഈ രക്തസാക്ഷിത്തമായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. എന്റെ ഓരോ രക്തതുള്ളികളും ഇസ്‌ലാമിക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും, അത് ഏകാധിപതികളുടെ അന്ത്യവുമായിരിക്കും. ഞാന്‍ എന്റെ കാര്യത്തില്‍ ആശങ്കയുള്ളവനല്ല. പക്ഷെ ഈ രാഷ്ട്രത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഭാവിയെ കുറിച്ചാണ് എന്റെ ആശങ്ക. എന്റെ അറിവില്‍ ഞാനെന്തെങ്കിലും നിയമലംഘനമോ തെറ്റോ ചെയ്തിട്ടില്ല. ഞാന്‍ എന്റെ മുഴുജീവിതവും ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിക്കുകയാണ് ചെയ്തത്. അക്രമികള്‍ക്കും ഏകാധിപതികള്‍ക്കും മുമ്പില്‍ ഞാന്‍ എന്റെ തലകുനിച്ചിട്ടില്ല, അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് അങ്ങനെ സംഭവിക്കുകയുമില്ല. ദയ അപേക്ഷിച്ചുകൊണ്ടോ ജീവന്‍ രക്ഷിക്കാനോ ഒരു ആഗോളസമിതിയോടും ഞാന്‍ ആപേക്ഷിച്ചിട്ടില്ല. കാരണം, ജനനമരണങ്ങളുടെ തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണ്. അവന്‍ എന്റെ വിധി തീരുമാനിക്കും. ഏതെങ്കിലും വ്യക്തിയുടെ തീരുമാനപ്രകാരമല്ല ഞാന്‍ തൂക്കിലേറ്റപ്പെടുന്നത്, അല്ലാഹു എന്റെ രക്തസാക്ഷിത്തത്തിന് നിര്‍ണയിച്ച തിയതിയും സമയവുമെത്തിയെന്നതാണ്. ഞാന്‍ എന്റെ റബ്ബിന്റെ തീരുമനം അഗീകരിച്ച് തൃപ്തിപ്പെട്ടിരിക്കുന്നു. എന്റെ കുടുംബാംഗങ്ങളോട് എനിക്ക് പറയാനുള്ളത് ക്ഷമയവലംബിക്കണമെന്നാണ്. ക്ഷമയിലൂടെയും സഹനത്തിലൂടെയും മാത്രമേ അല്ലാഹുവിന്റെ അനുഗ്രഹവും പാപമോചനവും നേടാനാവുകയുള്ളൂ എന്നും ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണ്. പരലോക മോക്ഷം മാത്രമാണ് നമ്മുടെ ആഗ്രഹം. എന്റെ രക്തസാക്ഷിത്തം അല്ലാഹു സ്വീകരിക്കുന്നതിന് പ്രാര്‍ഥിക്കണമെന്നാണ് എനിക്ക് ജനങ്ങളോട് ആവശ്യപ്പെടാനുള്ളത്. ജനങ്ങളുടെ പിന്തുണക്കും ആശീര്‍വാദങ്ങള്‍ക്കും ഞാനവരെ അഭിവാദ്യം ചെയ്യുന്നു.

Wednesday, July 27, 2011

പ്രിയപ്പെട്ട ഉമര്‍ സാര്‍....


ഇസ്ലാമിക ചരിത്രത്തില്‍ ഒരു "ഉമര്‍" ഉണ്ട്... ഊരിപ്പിടിച്ച വാളുമായി ഊരു ചുറ്റിയിരുന്ന ഉമര്. എന്നപ്പോലെ ഐ.ആര്.എസ്സിന്‍റെ ചരിത്രത്തിലുമുണ്ട് ഒരു "ഉമര്‍". പള...പളാന്നുലയുന്ന ചൂരലുമായി വരാന്തയില്‍ ഉലാത്തികൊണ്ടിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട "ഉമര്‍ സാര്". ഒന്‍പതാം ക്ലാസിലെ എന്‍റെ ക്ലാസ് ടീച്ചരും കൂടിയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത ഞാന്‍ അറിയുന്നത് ഫെയ്സ്ബുക്കിലൂടെ യാണ്.ഇന്നാലില്ലാഹ്.....അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗ്ഗം നല്കുമാറാകട്ടെ. ആമീന്‍....

Thursday, February 4, 2010

നിഷ്‌കളങ്കനായ വില്ലന്‍‍‍‍

കീരിക്കാടന്‍ ചത്തേ.... സിബി മലയില്‍ സംവിധാനം ചെയ്‌ത കിരീടം എന്ന സിനിമയില്‍ നായകനായ മോഹന്‍ലാല്‍ വില്ലനെ അടിച്ചു നിലംപരിശാക്കുമ്പോള്‍ തുള്ളിച്ചാടുന്ന ഗുണ്ട വിളിച്ചു പറയുന്ന ഡയലോഗാണിത്‌. കവലച്ചട്ടമ്പിയും കീരിക്കാടന്റെയും പിന്നീട്‌ സേതുമാധവന്റെയും 'എര്‍ത്ത്‌ ആയി വിലസിനടക്കുകയും ഹൈദ്രോസ്‌ കൊച്ചിന്‍ ഹനീഫയുടെ അഭിനയ ജീവിതത്തിലെ നിര്‍ണായക കഥാപാത്രമായിരുന്നു.

വില്ലന്‍ വേഷങ്ങളിലൂടെയാണ്‌ ഹനീഫ മലയാള സിനിമകളില്‍ സജീവമായത്‌. പലപ്പോഴും പ്രധാന വില്ലന്റെ സഹായി റോളുകളിലായിരുന്നു അഭിനയിച്ചിരുന്നതെങ്കിലും തന്റേതായ ഒരു ശൈലി പതിപ്പിക്കാന്‍ അദ്ദഹത്തിനു കഴിഞ്ഞിരുന്നു. മലയാള സിനിമയില്‍ വില്ലനായി തിളങ്ങുന്നതിനിടയില്‍ത്തന്നെ തിരക്കഥാകൃത്തെന്ന നിലയില്‍ അദ്ദേഹം തമിഴിലും ശ്രദ്ധേയനായി. എംജിആറിനു വേണ്ടിയും കരുണാനിധിക്കും വേണ്ടിയും തിരക്കഥകളൊരുക്കാന്‍ ഹനീഫയ്‌ക്ക് ഭാഗ്യമുണ്ടായി. കരുണാനിധിയുമായി അന്നു തുടങ്ങിയ ബന്ധം അദ്ദേഹം ഇപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു. മലയാളത്തിലെ കൊച്ചിന്‍ ഹനീഫ പക്ഷേ തമിഴര്‍ക്ക്‌ വിഎംസി ഹനീഫയായിരുന്നു.

തമിഴില്‍ ആറു സിനിമകള്‍ സംവിധാനം ചെയ്‌ത അദ്ദേഹം അഞ്ചു സിനിമകള്‍ക്കു തിരക്കഥയൊരുക്കുകയും ചെയ്‌തു. ഇവയില്‍ ഭൂരിഭാഗവും സൂപ്പര്‍ഹിറ്റായിരുന്നു. മലയാളത്തില്‍ ഏഴു സിനിമകളാണ്‌ ഹനീഫ സംവിധാനം ചെയ്‌തിട്ടുള്ളത്‌. കുടുംബ ചിത്രങ്ങളായിരുന്നു ഏറെയും. ഇവയില്‍ മൂന്നു മാസങ്ങള്‍ക്കു മുന്‍പും വാത്സല്യവുമാണ്‌ ഏറെ ശ്രദ്ധേയമായിട്ടുള്ളത്‌. ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും സജീവമായിരുന്നു. തമിഴിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ സ്‌ഥിരം സാന്നിധ്യവുമായിരുന്നു.

സലീം അഹമ്മദ്‌ ഘോഷ്‌ എന്ന കൊച്ചിന്‍ ഹനീഫ മിമ്രിക്രിയിലൂടെയും നാടകത്തിലൂടെയുമാണ്‌ സിനിമയിലേക്ക്‌ പിച്ചവയ്‌ക്കുന്നത്‌. നാടകത്തിലെ പേരായ ഹനീഫ തന്നെയാണ്‌ സിനിമയിലെത്തിയപ്പോഴും അദ്ദേഹം ഉപയോഗിച്ചത്‌. ഹനീഫ എന്ന കൊച്ചിന്‍ ഹനീഫ്‌ സിനിമാ ലോകത്ത്‌ സജീവമായത്‌ പെട്ടെന്നാണ്‌. 1979(ല്‍ അപ്പച്ചന്‍ സംവിധാനം ചെയ്‌ത മാമാങ്കമാണ്‌ ആദ്യമായി അഭിനയിച്ച ചിത്രം. 1985-ല്‍ ഒരു സന്ദേശം കൂടി എന്ന ചിത്രം സംവിധാനം ചെയ്‌താണ്‌ സംവിധാന രംഗത്തേക്ക്‌ കടന്നത്‌. 86-ല്‍ മൂന്നു മാസങ്ങള്‍ക്കു മുന്‍പ്‌, 87-ല്‍ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്‌ക്ക്, അതേവര്‍ഷം തന്നെ ആണ്‍കിളിയുടെ താരാട്ട്‌ എന്നീ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചു.

പിന്നീട്‌ തമിഴിലേക്ക്‌ ചേക്കേറി. പാസ പറൈവകള്‍, പാടാത്ത തേനീക്കല്‍, പാസ മഴൈ, പൈങ്കിളി പൗര്‍ണമി, പിള്ളൈ പാസം, വസലിലെ ഒരു വെണ്ണിലാ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍. ഇതിനിടയില്‍ വീണ്ടും മലയാളത്തിലേക്ക്‌ 90-ല്‍ സംവിധാനം ചെയ്‌ത വീണമീട്ടിയ വിലങ്ങുകള്‍ പക്ഷേ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച ശ്രദ്ധേയമാല്ല. പക്ഷേ ഹനീഫ തളര്‍ന്നില്ല. 93-ല്‍ മമ്മൂട്ടിയെ നായകനാക്കി വാത്സല്യം. മേലേടത്ത്‌ രാഘവന്‍ നായര്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം മലയാള കുടുംബങ്ങളെ നൊമ്പരപ്പെടുത്തിയപ്പോള്‍ സംവിധായകനായ കൊച്ചിന്‍ ഹനീഫയുടെ കൂടി വിജയമായി അത്‌. തൊട്ടടുത്ത വര്‍ഷം മനോജ്‌ കെ. ജയനെ നായകനാക്കി ഭീഷ്‌മാചാര്യ എന്ന ചിത്രം സംവിധാനം ചെയ്‌തതിനു ശേഷം ഹനീഫ്‌ അഭിനയത്തിലേക്ക്‌ പൂര്‍ണമായി ശ്രദ്ധ തിരിച്ചു.

ലോഹിതദാസ്‌ സംവിധനം ചെയ്‌ത സൂത്രധാരനിലെ അഭിനയത്തിന്‌ മികച്ച സഹനടനുള്ള അവാര്‍ഡും ഹനീഫയെ തേടിയെത്തി. അദ്ദേഹം സംവിധാനം ചെയ്‌ത വാത്സല്യം അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണ്‌. സംവിധായകന്‍, തിരക്കഥാകൃത്ത്‌ എന്നിവയ്‌ക്കു പുറമേ നിര്‍മാതാവിന്റെയും വേഷം അണിഞ്ഞിട്ടുള്ള ഹനീഫ മുന്‍പ്‌ മമ്മൂട്ടിയുമൊത്ത്‌ പ്രൊഡക്ഷന്‍ കമ്പനിയും നടത്തിയിട്ടുണ്ട്‌. വിജയ്‌ നായകനായ വേട്ടൈക്കാരനാണ്‌ അവസാനം അഭിനയിച്ച ചിത്രം. ദിലീപിന്റെ ബോഡിഗാര്‍ഡാണ്‌ മലയാളത്തില്‍ റിലീസായ അവസാന ചിത്രം. ഏറെ വൈകി വിവാഹം ചെയ്യുകയും ഏറെ വൈകി ഇരട്ടക്കുട്ടികളുടെ അച്ചനാകുകയും ചെയ്‌ത ഹനീഫ പക്ഷേ ഏറെ നാള്‍ കഴിഞ്ഞാലും മലയാളിയുടെ മനസില്‍നിന്ന്‌ മാറുകയില്ലെന്നുറപ്പ്‌.

Wednesday, February 3, 2010

കൊച്ചിന്‍ ഹനീഫയുടെ മൃതദേഹം ഖബറടക്കി


കൊച്ചി : അന്തരിച്ച പ്രമുഖ സിനിമാ താരം കൊച്ചിന്‍ ഹനീഫയുടെ മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദില്‍ ഖബറടക്കി. ബന്ധു എ.കെ യൂസുഫ് നമസ്കാരത്തിന് നേതൃത്വം നല്‍കി. സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. അസിസ്റ്റന്റ് കമ്മീഷ്ണര്‍ ജോര്‍ജ് പയസിന്റെ നേതൃത്വത്തില്‍ പൊലീസ് എട്ട് റൌണ്ട് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം ഹാഫിിസ് ഇജാസുല്‍ കൌസരിയും സന്നിഹിതനായിരുന്നു. സിനിമാ രംഗത്തുള്ളവരില്‍ ചിലര്‍ മാത്രമെ ഖബറടക്ക സമയത്ത് ഹാജരായിരുന്നുള്ളൂ.
നേരത്തെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സിനിമാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. നടന്‍ സിദ്ധീകിന്റെ നേതൃത്വത്തില്‍ മമ്മൂട്ടി അടക്കമുള്ളവര്‍ സ്റ്റേഡിയത്തില്‍ വെച്ച് മയ്യിത്ത് നമസ്്കരിച്ചു.

രാവിലെ പത്തു മണിയോടെ ചെന്നൈയില്‍ നിന്ന് റോഡുമാര്‍ഗം കൊച്ചിയിലെത്തിച്ച മൃതദേഹം കൊച്ചിന്‍ ഹനീഫയുടെ വീടായ പുല്ലേപ്പടി എ.ബി.മന്‍സിലിലേക്കാണ് ആദ്യം കൊണ്ടുവന്നത്.പ്രിയപ്പെട്ട ഹനീഫ്ക്കായോട് യാത്ര പറയാന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നാട്ടുകാരും അണമുറിയാതെ ഇവിടെയെത്തി.

നടന്മാരായ മമ്മൂട്ടി,മോഹന്‍ലാല്‍,ശരത്കുമാര്‍,സുരേഷ്‌ഗോപി,ജയറാം, ലാല്‍, ദിലീപ്, റഹ്മാന്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ജഗദീഷ്, കലാഭവന്‍ മണി, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, ബിജുമേനോന്‍, മണിയന്‍പിള്ള രാജു, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും സംവിധായകരായ ജോഷി,ലാല്‍ ജോസ് ,റോഷന്‍ ആന്‍ഡ്രൂസ്,തമ്പി കണ്ണന്താനം,ഫാസില്‍,ജയരാജ്, ഷാഫി, തുളസീ ദാസ്,രാജസേനന്‍ തുടങ്ങിയവരും നിര്‍മാതാക്കള്‍, തിരക്കഥാ കൃത്തുക്കള്‍ തുടങ്ങി സിനിമയുടെ സമസ്ത മേഖലയിലുമുള്ള വന്‍നിരയാണ് പുല്ലേപ്പടിയിലേക്ക് ഒഴുകി വന്നത്. മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍ തുടങ്ങി നാനാതുറയില്‍പ്പെട്ട ആയിരങ്ങളും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.


മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ)എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ. വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

സിദ്ദിഖ്,ഇടവേള ബാബു,നിര്‍മാതാക്കളായ ആന്‍േറാ ജോസഫ്, ലിബര്‍ട്ടി ബഷീര്‍,സംവിധായകന്‍ സിദ്ദിഖ്,തുടങ്ങിയവര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് ആദ്യാവസാനക്കാരായി മുന്‍നിരയിലുണ്ടായിരുന്നു.

ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ വീട്ടില്‍ നിന്ന് ജനക്കൂട്ടത്തിനു നടുവിലൂടെ കൊച്ചിന്‍ ഹനീഫയുടെ ശവമഞ്ചം തൊട്ടടുത്തുള്ള അംബേദ്കര്‍ സ്റ്റേഡിയത്തിലെത്തിച്ചു.ഇവിടെ പ്രത്യേകം തയ്യാറാക്കിയ വലിയ പന്തലില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ പുരുഷാരമെത്തി.ഇവിടെ വച്ച് പോലീസ് സേന ആദരവിന്റെ സല്യൂട്ട് അര്‍പ്പിച്ചു. അഞ്ചുമണിയോടെ ഖബറടക്കത്തിനായി സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയി. സര്‍ക്കാരിനു വേണ്ടി മന്ത്രി എസ്.ശര്‍മ്മ പുഷ്പചക്രം അര്‍പ്പിച്ചു.

സ്നേഹിച്ചുതീരാത്ത ഹനീഫക്ക


സിനിമയില്‍ നമ്മള്‍ ഹനീഫക്കയുടെ വേഷങ്ങള്‍ ഒരുപാട് കണ്ടു. ജീവിതത്തില്‍ പക്ഷേ മൂപ്പര്‍ക്ക് ഒരേയൊരു വേഷമേ ഉണ്ടായിരുന്നുള്ളൂ.സ്നേഹ സമ്പന്നന്റെ ഒരേ ഒരു വേഷം. വില്ലനും ഹാസ്യനടനും കുടുംബനാഥനും ജ്യേഷ്ഠനുമൊക്കെയായി സിനിമയില്‍ നിറഞ്ഞാടുമ്പോഴും എല്ലാവരുടെയും ഇഷ്ടം നേടിയ കളങ്കമില്ലാത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെ ജീവിത വേഷം. ഏറെ ആളുകളെ ആകര്‍ഷിക്കുന്ന ആ സ്വഭാവം സിനിമയുടെ പച്ചപ്പില്‍ തിമിര്‍ക്കുമ്പോഴും അദ്ദേഹത്തിന് കാത്തുസൂക്ഷിക്കാനായി. ചെന്നെത്തിയ ഇടങ്ങളിലെല്ലാം വലിയ സൌഹൃദ സംഘത്തെ സൃഷ്ടിക്കാന്‍ ഇത് കാരണമായി.

ഇത്ര പെട്ടെന്ന് ഹനീഫക്ക പോകുമെന്ന് സ്വപ്നത്തില്‍പോലും കരുതിയതല്ല. എന്നെ ഏറ്റവും അധികം വ്യക്തിപരമായി സ്വാധീനിച്ച വ്യക്തികൂടിയാണ് അദ്ദേഹം. എന്റെ സഹോദരന്‍ ശരീഫുമൊത്ത് അദ്ദേഹം അവതരിപ്പിച്ച നാടകങ്ങളാണ് കലയുടെ മുകുളങ്ങള്‍ മനസ്സില്‍ മുളപ്പിക്കുന്നത്. തുടര്‍ന്ന് എന്റെ സിനിമാ സംരംഭങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്ന അദ്ദേഹം മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങി എന്റെ പല സിനിമകളിലും അഭിനയിച്ചു. ഒടുവില്‍ സംവിധാനം ചെയ്ത ബോഡി ഗാര്‍ഡിലും അദ്ദേഹത്തിന്റെ അഭിനയസാക്ഷ്യമുണ്ട്.

എന്നും മനസ്സില്‍ കല സൂക്ഷിച്ചിരുന്ന അദ്ദേഹം വ്യക്തിബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു. എന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. വീട്ടിലെ എല്ലാ മംഗള കര്‍മങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം പതിവാണ്. വാപ്പയുടെ ഏറ്റവും അടുത്ത സുഹൃത്തായ മുഹമ്മദിന്റെ മകനായിരുന്ന ഹനീഫക്ക വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. മുഹമ്മദിക്കായുടെ മരണശേഷവും വാപ്പയെ കാണുന്നതിനായി വീട്ടില്‍ പതിവായി വന്നിരുന്നു ഇക്ക.

വ്യക്തിപരമായി എന്ത് കാര്യത്തിനും എപ്പോഴും സമീപിക്കാന്‍ കഴിയുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. ഏത് പാതിരാത്രിയും എന്ത് ആവശ്യവുമായി ചെന്നാലും സഹായങ്ങള്‍ ചെയ്യുമായിരുന്നു. അഞ്ച് സഹോദരന്മാരും മൂന്ന് സഹോദരിമാരും അടക്കം എല്ലാവരുടെയും കാര്യങ്ങള്‍ നന്നായി നോക്കിയിരുന്നു മൂപ്പര്‍. ഇപ്പോഴും സഹോദരങ്ങള്‍ കൂട്ടുകുടുംബമായി പുല്ലേപ്പടിയിലെ എ.ബി മന്‍സിലില്‍ കഴിയുന്നത് ആ സ്നേഹത്തണലിലാണ്. ആരോടും കയര്‍ക്കാതെ, സൌഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച് ജീവിതത്തില്‍ എളിമയെ സ്വീകരിച്ചതിനാലാവും അദ്ദേഹം ഏവര്‍ക്കും സ്വീകാര്യനായത്. കൊച്ചിന്‍ ഹനീഫ എന്ന നടന് പകരം വെക്കാന്‍ മറ്റൊരാളില്ല. സവിശേഷമായ ശരീര ചലനത്തോടെ പ്രത്യേക ശൈലിയിലെ ഭാഷണത്തോടെയുള്ള അഭിനയ പാടവം മറ്റാര്‍ക്കും സാധ്യമല്ല. കൊച്ചിന്‍ ഹനീഫക്ക് മുമ്പ് അദ്ദേഹത്തിന് സമാനമായ നടനില്ലാത്തത് പോലെ അദ്ദേഹത്തിന് ശേഷവും ആ ഇടം ഒഴിഞ്ഞുകിടക്കും. അഭിനയത്തിന്റെ മാസ്മരികത അതിഭാവുകത്വമില്ലാതെ പ്രതിഫലിപ്പിച്ച അപൂര്‍വം നടന്മാരില്‍ ഒരാളാണ് അദ്ദേഹം. മനസ്സില്‍ കലാബോധം നിറഞ്ഞുനില്‍ക്കുന്നതിനാലാവും സംവിധായകന്‍ നല്‍കുന്ന വേഷങ്ങളെ വളരെ ലാഘവത്തോടെ അവതരിപ്പിച്ച് അദ്ദേഹം മാറിനില്‍ക്കുന്നത്.

എന്നും മനസ്സില്‍ കഥ സൂക്ഷിച്ച് സിനിമ സംവിധാനം ചെയ്യുന്നതിന് ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന് സമയക്കുറവായിരുന്നു വിഘാതമായി നിന്നത്. ഒരു പടത്തില്‍നിന്ന് മറ്റൊരു പടത്തിലേക്ക് അഭിനയവുമായി മുന്നേറുമ്പോള്‍ തന്റെ സിനിമകള്‍ പിന്നീട് ചെയ്യാമെന്ന് വെക്കുകയായിരുന്നു. ആരെയും പിണക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ നല്‍കുന്ന വേഷങ്ങള്‍ ഒക്കെ ഏറ്റെടുക്കുകയായിരുന്നു. ഇതുപക്ഷേ, അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതികളെ ബാക്കിയാക്കി. അന്യ ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച അദ്ദേഹം ഒടുവില്‍ തമിഴില്‍ അവസരങ്ങള്‍ ഏറെ ലഭിച്ചപ്പോള്‍ ചെന്നൈയിലേക്ക് സ്വയം പറിച്ചുനടുകയായിരുന്നു. എന്നാല്‍, ഇടക്കിടെ കൊച്ചിയിലെ പുല്ലേപ്പടിയിലുള്ള വീട്ടിലെത്തി കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം കൊച്ചിയിലെ സൌഹൃദം നുകരുകയും ചെയ്തിരുന്നു.
വിട്ടകലാത്ത നൊമ്പരമായി ഈ വേര്‍പാട് എന്നും മനസ്സിലുണ്ടാകും. പല ആയുസ്സിലേക്ക് നീട്ടിയിടാവുന്ന സ്നേഹം ബാക്കിവെച്ചാണ് ഞങ്ങള്‍ കുറേ പേരുടെ ഈ വല്ല്യക്ക പോയി മറയുന്നത്.
Wednesday, February 3, 2010 madhyamam
സിദ്ദീഖ് ( സംവിധായകന്‍)

ഇനി വരില്ല ആ നിഷ്കളങ്കനായ വില്ലന്‍


സര്‍ക്കാര്‍ ജീപ്പില്‍ പത്രാസില്‍ ചമഞ്ഞിരുന്നുപോകുന്ന ഫോറസ്റ്റ് ഓഫീസറെ കണ്ട് അതാകാന്‍ കൊതിച്ച ഒരു പ്രീഡിഗ്രിക്കാരനുണ്ടായിരുന്നു എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജില്‍. ആ മോഹം പൂവണിയിക്കാന്‍ കാര്‍ഷിക കോളജില്‍ പ്രവേശനത്തിനായി ഒരു ശിപാര്‍ശ കത്ത് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയെവരെ കണ്ടു നോക്കി ആ വിദ്യാര്‍ഥി. അപേക്ഷിച്ചു നോക്കു യോഗ്യതയുണ്ടെങ്കില്‍ കിട്ടുമെന്നായിരുന്നു സി.എച്ചിന്റെ മറുപടി. അന്ന് ആ കത്ത് കൊടുക്കാതിരുന്ന സി.എച്ചിന് മലയാള സിനിമ നന്ദി പറയണം. അല്ലെങ്കില്‍ കൊച്ചിന്‍ ഹനീഫ എന്ന തുല്യതയില്ലാത്ത നടന്‍ മലയാള സിനിമക്ക് മുതല്‍ക്കൂട്ടാകുമായിരുന്നില്ല.

നടനായും സംവിധായകനായും തിരക്കഥാകൃത്തായും മൂന്ന് പതിറ്റാണ്ട് ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന കൊച്ചിന്‍ ഹനീഫ മരണത്തിന്റെ നിഴലിലേക്ക് നടന്നുമറയുമ്പോള്‍ ആകാരംകൊണ്ടും അഭിനയശേഷികൊണ്ടും ഏത് ആള്‍ത്തിരക്കിന്റെ നടുവിലും തലയെടുപ്പോടെ നിന്ന മറ്റൊരു നടന്റെ നഷ്ടം പേറുകയാണ് ദക്ഷിണേന്ത്യന്‍ സിനിമാ ലോകം.
പ്രേംനസീറും ജയനും സോമനും സുകുമാരനുമൊക്കെ കത്തിനിന്ന കാലത്ത് ചെറുചെറു വേഷങ്ങളിലൂടെ അഭിനയത്തിന്റെ പടവുകളില്‍ പിച്ചവെച്ചു കയറിയ ഹനീഫ ഒരു നടനെന്ന നിലയിലെ വികാസക്ഷമതയുടെ കൂടി ഉദാഹരണമായിരുന്നു.

സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദത്തിന് പഠിക്കുന്ന കാലത്ത് പി.എസ്. വിജയന്‍ സംവിധാനം ചെയ്ത 'അഴിമുഖം' എന്ന ചിത്രത്തിലെ ബോട്ട് ഡ്രൈവര്‍ ആയിട്ടായിരുന്നു അഭിനയത്തിന്റെ ആദ്യ പടിയില്‍ ഹനീഫ കാലെടുത്തു കുത്തിയത്. മധുവും ജയഭാരതിയുമായിരുന്നു മുഖ്യ കഥാപാത്രങ്ങള്‍. എം.ജി.ആറിനെയും ശിവാജി ഗണേഷനെയും അനായാസം അനുകരിക്കാനുള്ള തന്റെ കഴിവാണ് ആദ്യ സിനിമയിലേക്ക് വഴിതെളിച്ചതെന്ന് ഹനീഫ എപ്പോഴും പറയുമായിരുന്നു. ഡൊമിനിക് പ്രസന്റേഷന്‍ ചെയര്‍മാനായ കോളജ് യൂനിയനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആര്‍ട്സ് ക്ലബ് സെക്രട്ടറിയാകാന്‍ ഹനീഫയെ സഹായിച്ചത് തന്നിലെ കലാകാരനായിരുന്നു. അന്ന് ഹനീഫയുടെ സീനിയറായിരുന്നു ജോര്‍ജ് ഈഡന്‍.
ഫോര്‍ട്ടു കൊച്ചിയിലെ ആലിങ്കല്‍പറമ്പില്‍ ബീരാന്റെ മകന്‍ മുഹമ്മദിന്റെ മകനായി 1951 ഏപ്രില്‍ 22 നാണ് സലീം അഹമ്മദ് ഘൌഷ് എന്ന കൊച്ചിന്‍ ഹനീഫ ജനിച്ചത്. നാടകത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സ്വീകരിച്ചാണ് അദ്ദേഹം ഹനീഫയായി മാറുന്നത്. പിന്നീടത് കൊച്ചിന്‍ ഹനീഫയായി.

വിദ്യാര്‍ഥിയായിരിക്കെ നാടകത്തിലും മിമിക്രിയിലും മോണോ ആക്ടിലുമൊക്കെ കാഴ്ചവെച്ച മികവുകള്‍ ഹനീഫയിലെ കലാകാരനെ വളര്‍ത്തിയെടുത്തു. കേരള യൂനിവേഴ്സിറ്റിയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഹനീഫ തുടര്‍ച്ചയായി അഞ്ചു വര്‍ഷവും സെന്റ് ആല്‍ബര്‍ട്സിന്റെ മികച്ച നടനായിരുന്നു.

സിനിമ മോഹവുമായി മദിരാശി പട്ടണത്തില്‍ വന്നിറങ്ങിയ ഹനീഫ തമിഴിലെയും മലയാളത്തിലെയും സിനിമക്കാരുടെ ഇഷ്ട സുഹൃത്തായി മാറി. നവോദയയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'മാമാങ്ക'ത്തില്‍ സാമൂതിരിയുടെ പടയാളികളില്‍ ഒരാളായി വേഷമിട്ട ഹനീഫയെ ആരും ശ്രദ്ധിച്ചിരിക്കാനിടയില്ല. ആദ്യകാലത്ത് ലഭിച്ച ചെറിയ ചെറിയ വേഷങ്ങളായിരുന്നെങ്കിലും അത് മികച്ചതാക്കാന്‍ ഹനീഫ ശ്രദ്ധിച്ചിരുന്നു. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജയവും. ജയന്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ച 'ആവേശ'ത്തിലെ ജയന്റെ സഹതടവുകാരനായി ഹനീഫ കാഴ്ചവെച്ച അഭിനയം അന്നേ സംവിധായകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശക്തി, മൂര്‍ഖന്‍ എന്നീ ചിത്രങ്ങളിലും ചെറുറോളുകളില്‍ പ്രത്യക്ഷപ്പെട്ട ഹനീഫ തന്റെ സാന്നിധ്യം മെല്ലെ ഉറപ്പിക്കുകയായിരുന്നു. പരുക്കന്‍ ഭാവവും വഷളത്തരവുമൊക്കെയുള്ള കഥാപാത്രങ്ങളായിരുന്നു ഹനീഫ അക്കാലങ്ങളില്‍ ചെയ്തിരുന്നത്. എന്നാല്‍ ഹനീഫ എന്ന സാദാ വില്ലന്‍ നടന്റെ അഭിനയത്തില്‍ ഏറ്റവും വഴിത്തിരിവുണ്ടാക്കിയ കഥാപാത്രം 'കിരീട'ത്തിലെ ഹൈദ്രോസായിരുന്നു. പുറംപൂച്ചില്‍ ധീരനും അക്രമിയും ഗുണ്ടയുമെന്ന് തോന്നിപ്പിക്കുമെങ്കിലും ഉള്ളിന്റെയുള്ളില്‍ അങ്ങേയറ്റം പേടിത്തൊണ്ടനായ ആ കഥാപാത്രത്തെ അസാമാന്യമായ പാടവത്തോടെയായിരുന്നു കൊച്ചിന്‍ ഹനീഫ അഭിനയിച്ച് വിജയിപ്പിച്ചത്. വരിഞ്ഞു മുറുകിയ കഥാഗതിയില്‍ ഹൈദ്രോസിന്റെ മാനറിസങ്ങള്‍ ഉയര്‍ത്തിയ ചിരി പിന്നെ തിയറ്റര്‍ വിട്ടുപോയില്ല. ഹൈദ്രോസിന്റെ ഛായയുള്ള നിരവധി കഥാപാത്രങ്ങള്‍ പിന്നെ ഹനീഫയെത്തേടി നടന്നു. കിരീടത്തിന്റെ രണ്ടാം ഭാഗമായ 'ചെങ്കോലി'ല്‍ വീണ്ടും ഹൈദ്രോസ് രംഗപ്രവേശം ചെയ്തു. 'മാന്നാര്‍ മത്തായി സ്പീക്കിംഗി'ലെ എല്‍ദോയിലൂടെയും 'ആറാം തമ്പുരാനി'ലെ ഗുണ്ടയിലൂടെയും ഹൈദ്രോസ് തന്നെ മറ്റ് വേഷങ്ങളില്‍ പുനരവതരിപ്പിക്കുകയായിരുന്നു. ''കുത്തി കൊടലെടുക്കും... പന്നീ...'' എന്ന ഹൈദ്രോസിന്റെ പഞ്ച് ഡയലോഗ് ഉല്‍സവ പറമ്പുകളിലെ മിമിക്രിക്കാരുടെ ഇഷ്ട നമ്പറായി. ജനാര്‍ദനന്‍, രാജന്‍.പി.ദേവ്, ഭീമന്‍ രഘു തുടങ്ങിയ വില്ലന്‍മാരില്‍നിന്ന് കൊമേഡിയന്‍മാരായി രംഗം കീഴടക്കിയ നടന്‍മാരില്‍ മുമ്പനായിരുന്നത് കൊച്ചിന്‍ ഹനീഫ തന്നെയായിരുന്നു.

കിരീടത്തിനു ശേഷം മലയാള സിനിമയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത നടനായി ഹനീഫ മാറി. അവതരിപ്പിച്ചതില്‍ പലതും ഒരേ ഛായയുള്ള കഥാപാത്രങ്ങള്‍ ആയിരുന്നെങ്കിലും അതിനെല്ലാം സവിശേഷമായ ആ ഹനീഫ ടച്ചുണ്ടായിരുന്നു. ഉള്ളിലൊരു പേടിത്തൊണ്ടനെ ഒളിപ്പിച്ച് പുറമേ വായാടിത്തം വിളമ്പി വമ്പ് നടിക്കുന്ന ശരാശരി മലയാളിയുടെ സ്വത്വത്തെയായിരുന്നു ഹനീഫയുടെ കഥാപാത്രങ്ങള്‍ പ്രതിനിധീകരിച്ചത്. ആ കഥാപാത്രങ്ങളിലേക്ക് മണ്ടത്തത്തിന്റെ അംശങ്ങളും കൂടിച്ചേര്‍ത്ത കഥാപാത്രങ്ങളിലേക്ക് പിന്നീട് ആ നടന്‍ മാറി.
അഭിഭാഷകനെയോ പൊലീസ് ഉദ്യോഗസ്ഥനെയോ ഡോക്ടറെയോ പട്ടാളക്കാരനെയോ ഹനീഫ അവതരിപ്പിക്കുമ്പോള്‍ അയാളെ അല്‍പം മണ്ടനാക്കി അവതരിപ്പിക്കാന്‍ തിരക്കഥാകൃത്തുക്കള്‍ മറന്നില്ല. 'ഈ പറക്കും തളിക'യിലെ വീരപ്പന്‍ കുറുപ്പ് എന്ന ആര്‍.ടി.ഓഫിസറും 'അരയന്നങ്ങളുടെ വീട്ടി'ലെ അഭിഭാഷകനും 'മിഷന്‍ നൈന്റി ഡേയ്സി'ലെ ഡോക്ടറും 'പത്ര'ത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ സഭാപതിയുമെല്ലാം വിഡ്ഢിത്തംകൂടി ഉള്ളില്‍ പേറുന്ന കഥാപാത്രങ്ങളായിരുന്നു.

ഹനീഫയിലെ നടന്റെ വൈഭവം പുറത്തെടുത്ത സിനിമയായിരുന്നു ലോഹിതദാസ് സംവിധാനം ചെയ്ത 'സൂത്രധാര'നിലെ മണി അങ്കിള്‍. അസാമാന്യമായ നിയന്ത്രണത്തോടെ കാഴ്ചവെച്ച ആ അഭിനയ മികവിന് 2001ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1999ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും ഹനീഫക്ക് കിട്ടിയിരുന്നു. അതിനിടയില്‍ കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത 'സി.ഐ. മഹാദേവന്‍ അഞ്ചടി നാലിഞ്ച്' എന്ന ചിത്രത്തില്‍ ഹനീഫ നായകനുമായി. 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ ആനക്കാരന്‍, ഫാന്റം പൈലിയിലെ കപ്യാര്, സത്യം ശിവം സുന്ദരത്തിലെ അന്ധഗായകന്‍, ബാംബു ബോയ്സിലെ മാക്കൂ, കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കലന്തന്‍ ഹാജി, അനന്തഭദ്രത്തിലെ മറവി മത്തായി തുടങ്ങിയ ശ്രദ്ധേയമായ വേഷങ്ങളില്‍ ഹനീഫ നിറഞ്ഞാടി. ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'ദുബായി'യിലെ വിക്ടര്‍ സെബാസ്റ്റ്യന്‍ എന്ന മുഴുനീള വില്ലന്‍ വേഷത്തിലൂടെ ഹനീഫ ഒരു മടങ്ങിപ്പോക്കും നടത്തി. ഒടുവില്‍ കളങ്കങ്ങളില്ലാത്ത ലോകത്തേക്ക് യാത്ര പോകുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആ ചിരി ബാക്കിയാകുന്നു; നിറസൌഹൃദത്തിന്റെ ഭാവസമ്പന്നതയുള്ള ചിരി.
Wednesday, February 3, 2010 madhyamam
കെ.എ. സൈഫുദ്ദീന്‍