
കൊച്ചി : അന്തരിച്ച പ്രമുഖ സിനിമാ താരം കൊച്ചിന്‍ ഹനീഫയുടെ മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദില്‍ ഖബറടക്കി. ബന്ധു എ.കെ യൂസുഫ് നമസ്കാരത്തിന് നേതൃത്വം നല്‍കി. സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. അസിസ്റ്റന്റ് കമ്മീഷ്ണര്‍ ജോര്‍ജ് പയസിന്റെ നേതൃത്വത്തില്‍ പൊലീസ് എട്ട് റൌണ്ട് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം ഹാഫിിസ് ഇജാസുല്‍ കൌസരിയും സന്നിഹിതനായിരുന്നു. സിനിമാ രംഗത്തുള്ളവരില്‍ ചിലര്‍ മാത്രമെ ഖബറടക്ക സമയത്ത് ഹാജരായിരുന്നുള്ളൂ.
നേരത്തെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സിനിമാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. നടന്‍ സിദ്ധീകിന്റെ നേതൃത്വത്തില്‍ മമ്മൂട്ടി അടക്കമുള്ളവര്‍ സ്റ്റേഡിയത്തില്‍ വെച്ച് മയ്യിത്ത് നമസ്്കരിച്ചു.
രാവിലെ പത്തു മണിയോടെ ചെന്നൈയില്‍ നിന്ന് റോഡുമാര്‍ഗം കൊച്ചിയിലെത്തിച്ച മൃതദേഹം കൊച്ചിന്‍ ഹനീഫയുടെ വീടായ പുല്ലേപ്പടി എ.ബി.മന്‍സിലിലേക്കാണ് ആദ്യം കൊണ്ടുവന്നത്.പ്രിയപ്പെട്ട ഹനീഫ്ക്കായോട് യാത്ര പറയാന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നാട്ടുകാരും അണമുറിയാതെ ഇവിടെയെത്തി.
നടന്മാരായ മമ്മൂട്ടി,മോഹന്‍ലാല്‍,ശരത്കുമാര്‍,സുരേഷ്‌ഗോപി,ജയറാം, ലാല്‍, ദിലീപ്, റഹ്മാന്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ജഗദീഷ്, കലാഭവന്‍ മണി, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, ബിജുമേനോന്‍, മണിയന്‍പിള്ള രാജു, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും സംവിധായകരായ ജോഷി,ലാല്‍ ജോസ് ,റോഷന്‍ ആന്‍ഡ്രൂസ്,തമ്പി കണ്ണന്താനം,ഫാസില്‍,ജയരാജ്, ഷാഫി, തുളസീ ദാസ്,രാജസേനന്‍ തുടങ്ങിയവരും നിര്‍മാതാക്കള്‍, തിരക്കഥാ കൃത്തുക്കള്‍ തുടങ്ങി സിനിമയുടെ സമസ്ത മേഖലയിലുമുള്ള വന്‍നിരയാണ് പുല്ലേപ്പടിയിലേക്ക് ഒഴുകി വന്നത്. മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍ തുടങ്ങി നാനാതുറയില്‍പ്പെട്ട ആയിരങ്ങളും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ)എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ. വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
സിദ്ദിഖ്,ഇടവേള ബാബു,നിര്‍മാതാക്കളായ ആന്‍േറാ ജോസഫ്, ലിബര്‍ട്ടി ബഷീര്‍,സംവിധായകന്‍ സിദ്ദിഖ്,തുടങ്ങിയവര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് ആദ്യാവസാനക്കാരായി മുന്‍നിരയിലുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ വീട്ടില്‍ നിന്ന് ജനക്കൂട്ടത്തിനു നടുവിലൂടെ കൊച്ചിന്‍ ഹനീഫയുടെ ശവമഞ്ചം തൊട്ടടുത്തുള്ള അംബേദ്കര്‍ സ്റ്റേഡിയത്തിലെത്തിച്ചു.ഇവിടെ പ്രത്യേകം തയ്യാറാക്കിയ വലിയ പന്തലില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ പുരുഷാരമെത്തി.ഇവിടെ വച്ച് പോലീസ് സേന ആദരവിന്റെ സല്യൂട്ട് അര്‍പ്പിച്ചു. അഞ്ചുമണിയോടെ ഖബറടക്കത്തിനായി സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയി. സര്‍ക്കാരിനു വേണ്ടി മന്ത്രി എസ്.ശര്‍മ്മ പുഷ്പചക്രം അര്‍പ്പിച്ചു.




11:09 AM
ബക്ഷ് എടയൂര്‍
Posted in:
1 comments :
ആദരാഞ്ജലികള്‍
Post a Comment