---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, February 4, 2010

നിഷ്‌കളങ്കനായ വില്ലന്‍‍‍‍

കീരിക്കാടന്‍ ചത്തേ.... സിബി മലയില്‍ സംവിധാനം ചെയ്‌ത കിരീടം എന്ന സിനിമയില്‍ നായകനായ മോഹന്‍ലാല്‍ വില്ലനെ അടിച്ചു നിലംപരിശാക്കുമ്പോള്‍ തുള്ളിച്ചാടുന്ന ഗുണ്ട വിളിച്ചു പറയുന്ന ഡയലോഗാണിത്‌. കവലച്ചട്ടമ്പിയും കീരിക്കാടന്റെയും പിന്നീട്‌ സേതുമാധവന്റെയും 'എര്‍ത്ത്‌ ആയി വിലസിനടക്കുകയും ഹൈദ്രോസ്‌ കൊച്ചിന്‍ ഹനീഫയുടെ അഭിനയ ജീവിതത്തിലെ നിര്‍ണായക കഥാപാത്രമായിരുന്നു.

വില്ലന്‍ വേഷങ്ങളിലൂടെയാണ്‌ ഹനീഫ മലയാള സിനിമകളില്‍ സജീവമായത്‌. പലപ്പോഴും പ്രധാന വില്ലന്റെ സഹായി റോളുകളിലായിരുന്നു അഭിനയിച്ചിരുന്നതെങ്കിലും തന്റേതായ ഒരു ശൈലി പതിപ്പിക്കാന്‍ അദ്ദഹത്തിനു കഴിഞ്ഞിരുന്നു. മലയാള സിനിമയില്‍ വില്ലനായി തിളങ്ങുന്നതിനിടയില്‍ത്തന്നെ തിരക്കഥാകൃത്തെന്ന നിലയില്‍ അദ്ദേഹം തമിഴിലും ശ്രദ്ധേയനായി. എംജിആറിനു വേണ്ടിയും കരുണാനിധിക്കും വേണ്ടിയും തിരക്കഥകളൊരുക്കാന്‍ ഹനീഫയ്‌ക്ക് ഭാഗ്യമുണ്ടായി. കരുണാനിധിയുമായി അന്നു തുടങ്ങിയ ബന്ധം അദ്ദേഹം ഇപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു. മലയാളത്തിലെ കൊച്ചിന്‍ ഹനീഫ പക്ഷേ തമിഴര്‍ക്ക്‌ വിഎംസി ഹനീഫയായിരുന്നു.

തമിഴില്‍ ആറു സിനിമകള്‍ സംവിധാനം ചെയ്‌ത അദ്ദേഹം അഞ്ചു സിനിമകള്‍ക്കു തിരക്കഥയൊരുക്കുകയും ചെയ്‌തു. ഇവയില്‍ ഭൂരിഭാഗവും സൂപ്പര്‍ഹിറ്റായിരുന്നു. മലയാളത്തില്‍ ഏഴു സിനിമകളാണ്‌ ഹനീഫ സംവിധാനം ചെയ്‌തിട്ടുള്ളത്‌. കുടുംബ ചിത്രങ്ങളായിരുന്നു ഏറെയും. ഇവയില്‍ മൂന്നു മാസങ്ങള്‍ക്കു മുന്‍പും വാത്സല്യവുമാണ്‌ ഏറെ ശ്രദ്ധേയമായിട്ടുള്ളത്‌. ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും സജീവമായിരുന്നു. തമിഴിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ സ്‌ഥിരം സാന്നിധ്യവുമായിരുന്നു.

സലീം അഹമ്മദ്‌ ഘോഷ്‌ എന്ന കൊച്ചിന്‍ ഹനീഫ മിമ്രിക്രിയിലൂടെയും നാടകത്തിലൂടെയുമാണ്‌ സിനിമയിലേക്ക്‌ പിച്ചവയ്‌ക്കുന്നത്‌. നാടകത്തിലെ പേരായ ഹനീഫ തന്നെയാണ്‌ സിനിമയിലെത്തിയപ്പോഴും അദ്ദേഹം ഉപയോഗിച്ചത്‌. ഹനീഫ എന്ന കൊച്ചിന്‍ ഹനീഫ്‌ സിനിമാ ലോകത്ത്‌ സജീവമായത്‌ പെട്ടെന്നാണ്‌. 1979(ല്‍ അപ്പച്ചന്‍ സംവിധാനം ചെയ്‌ത മാമാങ്കമാണ്‌ ആദ്യമായി അഭിനയിച്ച ചിത്രം. 1985-ല്‍ ഒരു സന്ദേശം കൂടി എന്ന ചിത്രം സംവിധാനം ചെയ്‌താണ്‌ സംവിധാന രംഗത്തേക്ക്‌ കടന്നത്‌. 86-ല്‍ മൂന്നു മാസങ്ങള്‍ക്കു മുന്‍പ്‌, 87-ല്‍ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്‌ക്ക്, അതേവര്‍ഷം തന്നെ ആണ്‍കിളിയുടെ താരാട്ട്‌ എന്നീ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചു.

പിന്നീട്‌ തമിഴിലേക്ക്‌ ചേക്കേറി. പാസ പറൈവകള്‍, പാടാത്ത തേനീക്കല്‍, പാസ മഴൈ, പൈങ്കിളി പൗര്‍ണമി, പിള്ളൈ പാസം, വസലിലെ ഒരു വെണ്ണിലാ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍. ഇതിനിടയില്‍ വീണ്ടും മലയാളത്തിലേക്ക്‌ 90-ല്‍ സംവിധാനം ചെയ്‌ത വീണമീട്ടിയ വിലങ്ങുകള്‍ പക്ഷേ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച ശ്രദ്ധേയമാല്ല. പക്ഷേ ഹനീഫ തളര്‍ന്നില്ല. 93-ല്‍ മമ്മൂട്ടിയെ നായകനാക്കി വാത്സല്യം. മേലേടത്ത്‌ രാഘവന്‍ നായര്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം മലയാള കുടുംബങ്ങളെ നൊമ്പരപ്പെടുത്തിയപ്പോള്‍ സംവിധായകനായ കൊച്ചിന്‍ ഹനീഫയുടെ കൂടി വിജയമായി അത്‌. തൊട്ടടുത്ത വര്‍ഷം മനോജ്‌ കെ. ജയനെ നായകനാക്കി ഭീഷ്‌മാചാര്യ എന്ന ചിത്രം സംവിധാനം ചെയ്‌തതിനു ശേഷം ഹനീഫ്‌ അഭിനയത്തിലേക്ക്‌ പൂര്‍ണമായി ശ്രദ്ധ തിരിച്ചു.

ലോഹിതദാസ്‌ സംവിധനം ചെയ്‌ത സൂത്രധാരനിലെ അഭിനയത്തിന്‌ മികച്ച സഹനടനുള്ള അവാര്‍ഡും ഹനീഫയെ തേടിയെത്തി. അദ്ദേഹം സംവിധാനം ചെയ്‌ത വാത്സല്യം അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണ്‌. സംവിധായകന്‍, തിരക്കഥാകൃത്ത്‌ എന്നിവയ്‌ക്കു പുറമേ നിര്‍മാതാവിന്റെയും വേഷം അണിഞ്ഞിട്ടുള്ള ഹനീഫ മുന്‍പ്‌ മമ്മൂട്ടിയുമൊത്ത്‌ പ്രൊഡക്ഷന്‍ കമ്പനിയും നടത്തിയിട്ടുണ്ട്‌. വിജയ്‌ നായകനായ വേട്ടൈക്കാരനാണ്‌ അവസാനം അഭിനയിച്ച ചിത്രം. ദിലീപിന്റെ ബോഡിഗാര്‍ഡാണ്‌ മലയാളത്തില്‍ റിലീസായ അവസാന ചിത്രം. ഏറെ വൈകി വിവാഹം ചെയ്യുകയും ഏറെ വൈകി ഇരട്ടക്കുട്ടികളുടെ അച്ചനാകുകയും ചെയ്‌ത ഹനീഫ പക്ഷേ ഏറെ നാള്‍ കഴിഞ്ഞാലും മലയാളിയുടെ മനസില്‍നിന്ന്‌ മാറുകയില്ലെന്നുറപ്പ്‌.

0 comments :

Post a Comment