---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, August 17, 2011

ലൈലത്തുല്‍ ഖദ്ര്‍ ....



"ഇതി ന (ഖുര്‍ആനെ) നാം വിധിനിര്‍ണയ രാവില്‍ അവതരിപ്പിച്ചു. വിധിനിര്‍ണയ രാവ് എന്തെന്ന് നിനക്കെന്തറിയാം? വിധിനിര്‍ണയരാവ് ആയിരം മാസത്തിലേറെ ശ്രേഷ്ഠമാകുന്നു. അതില്‍ മലക്കുകളും റൂഹും അവരുടെ റബ്ബിന്റെ അനുമതിയോടെ സകല വിധികളും കൊണ്ടിറങ്ങുന്നു. ആ രാവ് തികച്ചും സമാധാനമാകുന്നു; പ്രഭാതം വരെ'' (അല്‍ഖദ്ര്‍ 1-5). വിശുദ്ധ ഖുര്‍ആന്റെ മാഹാത്മ്യവും അനുഗ്രഹവുമാണ് സൂറത്തുല്‍ ഖദ്റില്‍ ഊന്നിപ്പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ രാത്രിയെ ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് അല്ലാഹു വിശേഷിപ്പിക്കുന്നത്. സൂറഃ അദ്ദുഖാനില്‍ ഈ രാത്രിയെ അനുഗൃഹീത രാത്രിയെന്നും പരാമര്‍ശിക്കുന്നു (അദ്ദുഖാന്‍ 3).

റമദാന്‍ മാസത്തിലാണ് ഖുര്‍ആന്‍ അവതരണം ആരംഭിച്ചത്. അതിനാല്‍ ലൈലത്തുല്‍ ഖദ്ര്‍ റമദാനിലെ രാത്രികളിലൊന്നാണ്. ശക്തി, വിധി, മഹത്വം എന്നിങ്ങനെയെല്ലാം 'ഖദ്ര്‍' എന്ന പദത്തിന് അര്‍ഥമുണ്ട്. പ്രപഞ്ചത്തിലെ സര്‍വ സംഗതികളെ കുറിച്ചുമുള്ള അല്ലാഹുവിന്റെ വിധികളില്‍നിന്ന് ഒരു വര്‍ഷത്തേക്കുള്ളവ നടപ്പിലാക്കാന്‍ മലക്കുകള്‍ക്ക് കൈമാറുന്ന രാവാണ് ഇതെന്ന് ചില ഹദീസുകളില്‍ പറയുന്നുണ്ട്. 'അതില്‍ മലക്കുകളും റൂഹും അവരുടെ റബ്ബിന്റെ അനുമതിയോടെ സകല വിധികളും കൊണ്ടിറങ്ങുന്നു' എന്ന സൂക്തം അങ്ങനെയും വ്യാഖ്യാനിക്കപ്പെടുന്നു.

മനുഷ്യന്‍ കാലത്തെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ വിഭജിക്കുന്നു. പക്ഷേ, അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം എല്ലാ സംഗതികളും അവന്റെ അറിവിലുണ്ട്. എന്താകുമെന്ന് അറിയാത്ത, വരാനിരിക്കുന്ന ഒരു ഭാവി അവന്റെ മുമ്പിലില്ല. എല്ലാം അവന്‍ ഒരുപോലെ അറിയുന്നു. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള അല്ലാഹുവിന്റെ ആസൂത്രണങ്ങള്‍ നടപ്പിലാക്കാന്‍ മലക്കുകള്‍ക്ക് കൈമാറുന്ന രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍. നിര്‍ണായകമായ പല കാര്യങ്ങളും അന്ന് തീരുമാനിക്കുന്നു. 'സകല കാര്യങ്ങളും നമ്മുടെ പക്കല്‍നിന്നുള്ള ശാസനയാല്‍ യുക്തിയുക്തമായി തീരുമാനിക്കപ്പെടുന്ന രാവാണ് അത്' എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (അദ്ദുഖാന്‍ 4,5).

ഖദ്റിന് മഹത്വം, പ്രാധാന്യം, മൂല്യം എന്നീ അര്‍ഥങ്ങളുമുണ്ട്. ഈ രാവില്‍ മാനവരാശിക്കാകമാനം മാര്‍ഗദര്‍ശനമായി അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്റെ മഹത്വമാണ് അത് വിളംബരം ചെയ്യുന്നത്. ഖുര്‍ആന്‍ മുഴുവന്‍ ലൌഹുല്‍ മഹ്ഫൂളില്‍നിന്ന് മലക്കുകള്‍ക്ക് കൈമാറിയത് ഈ രാത്രിയിലാണെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. ശേഷം 23 വര്‍ഷം കൊണ്ട് അല്‍പാല്‍പമായി മുഹമ്മദ് നബി(സ)ക്ക് അത് അവതീര്‍ണമായി. നബി(സ)ക്ക് ആദ്യമായി ഖുര്‍ആന്‍ അവതരിച്ച രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ട്. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠം എന്നതിന് അളവറ്റ ശ്രേഷ്ഠത എന്നാണ് വിവക്ഷയെന്ന് ഇമാം റാസി അഭിപ്രായപ്പെടുന്നു. വെറും ആയിരം മാസമല്ല; അനേകായിരം മാസങ്ങളും വര്‍ഷങ്ങളുമാണ് ഉദ്ദേശ്യം. എണ്ണമറ്റ അളവിനെ കുറിക്കാന്‍ ആയിരം എന്ന സംഖ്യ ഉപയോഗിക്കല്‍ അറബിഭാഷയിലെ ഒരു രീതിയാണ്.

ലൈലത്തുല്‍ ഖദ്റിലെ ഒരു പുണ്യകര്‍മത്തിന് ആയിരം മാസത്തെ പുണ്യകര്‍മങ്ങള്‍ക്കു തുല്യമായ മൂല്യമുണ്ട്. അബൂഹുറയ്റ(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു നബിവചനത്തില്‍ ഇങ്ങനെ പറയുന്നു: "ലൈലത്തുല്‍ ഖദ്റില്‍ ഈമാനോടും ഇഹ്തിസാബോടും കൂടി എഴുന്നേറ്റു നമസ്കരിക്കുന്നവരുടെ എല്ലാ മുന്‍കാല പാപങ്ങളും പൊറുക്കപ്പെടുന്നതാണ്'' (ബുഖാരി, മുസ്ലിം). രാത്രി എഴുന്നേറ്റ് നമസ്കരിക്കേണ്ടത് ഈമാനോടും ഇഹ്തിസാബോടും കൂടിയായിരിക്കണമെന്ന് ഇവിടെ അടിവരയിട്ടുപറയുന്നു. ഈമാനും ഇഹ്തിസാബും ഇസ്ലാമിലെ രണ്ടു സാങ്കേതിക ശബ്ദങ്ങളാണ്. കര്‍മങ്ങള്‍ അല്ലാഹുവിനെ ഉദ്ദേശിച്ചും അവന്റെ പ്രതിഫലം പ്രതീക്ഷിച്ചും മാത്രം ചെയ്യുകയാണ് ഇതുകൊണ്ട് ഉദ്ദേശ്യം. സൂക്ഷ്മ പരിശോധനയാണ് ഇഹ്തിസാബിന്റെ അര്‍ഥങ്ങളിലൊന്ന്. നാം ആത്മപരിശോധന നടത്തി ചെറുതും വലുതുമായ എല്ലാ പാപങ്ങളും വീഴ്ചകളും പോരായ്മകളും തിരിച്ചറിഞ്ഞ് അല്ലാഹുവിനോട് ആത്മാര്‍ഥമായി പശ്ചാത്തപിക്കേണ്ടതുണ്ട്. എങ്കില്‍ ദയാപരനായ അല്ലാഹു തീര്‍ച്ചയായും നമുക്ക് മാപ്പേകും. ലൈലത്തുല്‍ ഖദ്റില്‍ നമസ്കാരത്തിനും ഖുര്‍ആന്‍പാരായണത്തിനും പാപമോചനാര്‍ഥനക്കും ആയിരം മടങ്ങ് പ്രതിഫലമുണ്ട്. പരിശ്രമിച്ചാല്‍ ഈ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഈ രാത്രിയുടെ മഹത്വത്തിനും ശ്രേഷ്ഠതക്കും അടിസ്ഥാന കാരണം ഖുര്‍ആന്റെ അവതരണമാണ്. ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട ഗ്രന്ഥമാണിത്. മാനവരാശിയുടെ വിധി നിര്‍ണയിക്കുന്ന ഗ്രന്ഥം.

ലൈലത്തുല്‍ ഖദ്ര്‍ റമദാനില്‍ ഏതു രാവിലാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാവുകളില്‍ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കാന്‍ നിര്‍ദേശിക്കുന്ന പ്രബലമായ ഹദീസുകള്‍ കാണാം. റമദാന്‍ ഇരുപത്തിയേഴാം രാവാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന് വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ കരുതുന്നു. ലൈലത്തുല്‍ ഖദ്റിന്റെ പുണ്യം നേടാന്‍ ശ്രമിക്കുന്നത് ഒറ്റ രാത്രിയിലൊതുക്കാതെ അവസാനത്തെ പത്തിലെ എല്ലാ രാവുകളിലുമാവാന്‍ വേണ്ടിയാണ് ആ രാത്രി ഏതാണെന്ന് കൃത്യമായി അറിയിച്ചുതരാത്തത്. അതിനാല്‍ റമദാന്റെ അവസാന പത്ത് മുഴുവന്‍ പുണ്യകര്‍മങ്ങളില്‍ നിരതരാകാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

ഈ അനുഗൃഹീത രാവില്‍ എന്താണ് പ്രാര്‍ഥിക്കേണ്ടതെന്ന് ആഇശ(റ) റസൂലി(സ)നോട് ചോദിച്ചപ്പോള്‍ അവിടുന്ന് ഈ പ്രാര്‍ഥനയാണ് അവരെ പഠിപ്പിച്ചത്:

(അല്ലാഹുവേ, നീ ഏറ്റവും കൂടുതല്‍ മാപ്പേകുന്നവനാണ്. മാപ്പേകുന്നത് നീ ഇഷ്ടപ്പെടുന്നു. എനിക്ക് നീ മാപ്പരുളേണമേ).

4 comments :

ANSAR NILMBUR said...

ലൈലത്തുല്‍ ഖദ്‌ര്‍ റമളാന്‍ ഇരുപത്തി ഏഴിനാണ് എന്നു റസൂല്‍ പറഞ്ഞെന്ന ഹദീസ്‌ മുആവിയ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ ആ ഹദീസിനെ ഹദീസു പണ്ഡിതന്മാര്‍ മൌഖൂഫ്‌ എന്ന ഇനത്തില്‍ ആണ് പെടുത്തിയത്.....റമളാന്‍ ഇരുപതിനു ശേഷമുള്ള ഒറ്റയിട്ട രാവുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക എന്ന ഹദീസ്‌ നല്ലതാണ്.....അതുപോലെ അവസാനത്തെ ഏഴിലെ ഒറ്റയിട്ട രാവുകളില്‍ പ്രതീക്ഷിക്കുക എന്ന ഹദീസും സ്വീകാര്യമാണ്....

Jefu Jailaf said...

മാഷാ അല്ല്... ലൈലത്തുല്‍ ഖദരിനെ കുറിച്ചുള്ള ഒരു പാട് കാര്യങ്ങള്‍ ഉള്പെടുത്തിയ നല്ല പോസ്റ്റ്‌.

samad said...

more use full

Mohammed Kutty.N said...

Thanks Baksh...അല്ലാഹു അനുഗ്രഹിക്കട്ടെ.

Post a Comment