---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Friday, October 5, 2012

ഒരു പ്രവാസിയുടെ ജീവിതാനുഭവം.


സൗദി തലസ്ഥാനമായ റിയാദില്‍ 35 വര്‍ഷം ടാക്സി ഡ്രൈവറായി ജോലിചെയ്ത് ജീവിതസായാഹ്നത്തില്‍ ‘വിശ്രമജീവിതം’ നയിക്കാനായി സ്വദേശത്തേക്കു മടങ്ങിയ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഒരു പ്രവാസിയുടെ ജീവിതാനുഭവം.

മലയാളികള്‍ ഗള്‍ഫ്സ്വപ്നങ്ങള്‍ താലോലിച്ചുനടന്ന എഴുപതുകളുടെ തുടക്കത്തില്‍തന്നെ ഹജ്ജ് തീര്‍ഥാടകനായി സൗദിയിലെത്തുകയും മരുക്കാട്ടില്‍ ജീവസന്ധാരണത്തിന്‍െറ വഴികണ്ടെത്തുകയും ചെയ്ത ആ മനുഷ്യന്‍ തന്‍െറ ആയുസ്സും വപുസ്സും കിനാക്കളുടെ അള്‍ത്താരയില്‍ ബലികൊടുക്കുകയായിരുന്നു. അതിനിടയില്‍, ദേശീയപാതയരികില്‍ കൂറ്റന്‍ ഇരുനില വീട് പണികഴിപ്പിച്ചു. നാലു മക്കളില്‍ ഒരു ആണ്‍കുട്ടിയെയും ഒരു പെണ്‍കുട്ടിയെയും ഡോക്ടറാക്കി; മറ്റു രണ്ടുപേരെ എന്‍ജിനീയര്‍മാരും. മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച അതീവതാല്‍പര്യം പ്രദേശത്തുകാര്‍ക്കിടയില്‍ മതിപ്പുളവാക്കി. പക്ഷേ, നാട്ടുകാരോ ബന്ധുക്കളോ ഈ മനുഷ്യനെക്കുറിച്ച് മാത്രം ചിന്തിച്ചില്ല. മക്കളുടെ പഠിപ്പിന് വിഘ്നം വരരുത് എന്നു കരുതി വിമാനക്കൂലി ലാഭിക്കുന്നതിന് മുമ്മൂന്നു കൊല്ലം കൂടുമ്പോള്‍ മാത്രമേ കുടുംബത്തെ കാണാന്‍ നാട്ടിലെത്തിയിരുന്നുള്ളൂ. പ്രവാസം മതിയാക്കി സൈകതഭൂമിയോട് വിട പറയാന്‍ തീരുമാനിച്ച നിമിഷം ജീവിതത്തിന്‍െറ കണക്കുപുസ്തകം ഓര്‍മയില്‍നിന്ന് മറിച്ചുനോക്കിയ അയാള്‍ ഞെട്ടി. മൂന്നര പതിറ്റാണ്ടിനിടയില്‍ ഭാര്യയുടെയും മക്കളുടെയും കൂടെ കഴിച്ചുകൂട്ടിയത് ഏതാനും മാസങ്ങള്‍ മാത്രം. ഇനി തന്നെ കാത്തിരിക്കാന്‍ ഭാര്യ ജീവിച്ചിരിപ്പില്ല എന്ന വേദന അയാളുടെ നെഞ്ചകത്ത് കനല്‍ കോരിയിട്ടു. അവശനായി കരിപ്പൂരില്‍ വിമാനമിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ടാക്സി പിടിച്ച് നാട്ടിലെത്തിയ അയാള്‍ക്ക് തന്‍െറ വിയര്‍പ്പും ചുടുനിശ്വാസങ്ങളുംകൊണ്ട് കെട്ടിപ്പൊക്കിയ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. കഷ്ടപ്പെട്ട് പഠിപ്പിച്ച് വലുതാക്കിയ മക്കള്‍ വിവാഹം കഴിഞ്ഞ് കുടുംബസമേതം വിദേശങ്ങളില്‍ സുഖമായി ജീവിക്കുകയാണ്. മരുഭൂമിയെക്കാള്‍ വരണ്ട തന്‍െറ ജീവിതത്തിന്‍െറ നിരര്‍ഥകത ഉള്‍ക്കിടിലത്തോടെ ഉള്‍ക്കൊണ്ട ആ ഹതഭാഗ്യന്‍ സമീപത്തെ പള്ളിവരാന്തയില്‍ അഭയം കണ്ടെത്തി. അയാള്‍ക്ക് പിന്നീട് കൂടുതല്‍ കഷ്ടപ്പെടേണ്ടിവന്നില്ല. ഒരു പുലരിയില്‍ കഥാപുരുഷന്‍െറ നിശ്ചേതനമായ ശരീരമാണ് സുബ്ഹി ബാങ്ക് വിളിക്കാന്‍ വന്ന മുഅദ്ദിന് കാണാന്‍ കഴിഞ്ഞത്. ആഘാതമേല്‍ക്കാന്‍ അയാള്‍ക്കും ഒരു ഹൃദയമുണ്ടായിരുന്നല്ലോ.
******************

കടപ്പാട് : മാധ്യമം



0 comments :

Post a Comment