---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Saturday, August 31, 2013

കാലത്തെ അതിജീവിച്ച് പൂക്കാട്ടിരി സ്രാമ്പി


പഴയ കാലത്ത് ഗ്രാമങ്ങളില്‍ സാധാരണമായിരുന്നു സ്രാമ്പികള്‍. വയലുകളില്‍ കൃഷി ചെയ്യുന്നവര്‍ക്കായി തോട്ടിന്‍കരയിലോ കുളത്തിനടുത്തോ ആയിരുന്നു ഇവ നിര്‍മിച്ചിരുന്നത്. കര്‍ഷകര്‍ നമസ്കാരത്തിനും വിശ്രമത്തിനും സ്രാമ്പികളെയാണ് ആശ്രയിച്ചിരുന്നത്. പ്രകൃതിയും, കാര്‍ഷികവൃത്തിയും, ആരാധാനയും അന്ന് പരസ്പരപൂരകങ്ങളായിരുന്നു. മണ്ണിനെയും, ആവാസ വ്യവസ്ഥയെയും സ്നേഹിച്ചിരുന്ന കര്‍ഷകരുടെ നിഷ്കളങ്കതയും,നിസീമമായ ആരാധനയും ഒത്തുച്ചേര്‍ന്ന ഇടമായിരുന്നു ഇവ. കാലാന്തരത്തില്‍ കാര്‍ഷികവൃത്തിയെ കയ്വിട്ടവര്‍ സ്രാമ്പികളെയും മറന്നു. കൈയും മുഖവും വൃത്തിയാക്കി അല്‍പ്പനേരത്തെ വിശ്രമത്തിനും നമസ്കാരത്തിനും ശേഷം വീണ്ടും വയലുകളിലേക്ക് ചളി നിറഞ്ഞ ഒറ്റത്തോര്‍ത്തുമുണ്ട് ഉടുത്ത് ഇറങ്ങുന്ന കര്‍ഷക കാഴ്ചയും മാഞ്ഞുപോയി.
ഓരോ സ്രാമ്പികള്‍ളും അതിന്‍െറ പ്രദേശത്തോട് ചേര്‍ന്ന കാര്‍ഷികവും സാംസ്കാരികവുമായ കഥകള്‍ ബാക്കിവെച്ചാണ് മാഞ്ഞുപോയത്. അതിനിടയിലും പൂക്കാട്ടിരിയിലെ കൃഷിഭവനടുത്തെ തോട്ടുങ്ങല്‍ പള്ളി എന്ന സാമ്പ്രി ഇപ്പോഴും തല ഉയര്‍ത്തിനില്‍ക്കുന്നു. ഒരുകാലത്ത് കര്‍ഷകരുടെയും വഴിയാത്രക്കാരുടെയും ആരാധനാ കേന്ദ്രമായിരുന്നു ഈ നമസ്കാരപ്പള്ളി. നിറഞ്ഞൊഴുകുന്ന തോടിനരികില്‍ വയലുകള്‍ക്ക് നടുവിലാണ് ഈ സ്രാമ്പി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഈ സ്രാമ്പിയില്‍ സദാ ആരാധനയില്‍ മുഴുകി യിരുന്ന ഹസന്‍ മൗലവിയെക്കുറിച്ച് പ്രദേശവാസികള്‍ ഇന്നും ഓര്‍ക്കുന്നു. പൂക്കാട്ടിരി ജുമാമസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹസന്‍ മൗലവി, വിശുദ്ധ ജീവിതത്തിന്‍െറ പേരിലാണ് ഓര്‍മിക്കപ്പെടുന്നത്.

0 comments :

Post a Comment