---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Monday, August 1, 2011

നോമ്പ് - ചില കാര്യങ്ങള്‍


ഒരാള്‍ക്കും എണ്ണിക്കണക്കാക്കാന്‍ കഴിയാത്തത്ര മഹത്തായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള ഇസ്ലാമിലെ അതിസ്രേഷ്ഠമായ ഒരു ആരാധനയാണ് നോമ്പ്. എന്നാല്‍, ഈ പ്രതിഫലം കരസ്ഥമാക്കണമെങ്കില്‍ മറ്റെല്ലാ സല്‍കര്‍മ്മങ്ങളെയും പോലെ വിശ്വാസികള്‍ രണ്ടു നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.



1. ഇഖ്‌ലാസ് അഥവാ നിഷ്കളങ്കത
ഏതൊരു കര്‍മ്മവും അല്ലാഹുവിന്‍റെ പ്രീതിയെ മാത്രം ഉദ്ദേശിച്ച് ചെയ്യുക, ഭൗതികമായ യാതൊരു കാര്യലാഭങ്ങളും പ്രതീക്ഷിക്കാതിരിക്കുക എന്നതാണ് ഇഖ്ലാസിന്‍റെ താല്പര്യം. നോമ്പ് കൊണ്ട് പൂര്‍വ്വോപരി ആരോഗ്യം നേടാമെന്നോ, റമളാനില്‍ എല്ലാവരും നോമ്പെടുക്കുമ്പോള്‍ താന്‍ മാത്രം നോമ്പ് വിട്ടാല്‍ സമുദായത്തില്‍ ഒറ്റപ്പെടുമെന്നോ മറ്റോ കരുതി ഒരാള്‍ നോമ്പെടുത്താല്‍ അയാള്‍ ഇഖ് ലാസില്‍ നിന്നും ബഹുദൂരം അകന്നുപോകുന്നതാണ്. കാരണം ആളുകളെ ബോധ്യപ്പെടുത്താന്‍ വേണ്ടി ആത്മാര്‍ഥതയില്ലാതെ ചെയ്യുന്ന യാതൊരു കര്‍മ്മവും അല്ലാഹു സ്വീകരിക്കുന്നതെയല്ല.
നബി(സ്വ) പറയുന്നു: “എത്ര എത്ര നോമ്പുകാരുണ്ട്. അവരുടെ നോമ്പ് കൊണ്ട് ദാഹം സഹിക്കലല്ലാതെ മറ്റൊന്നും അവര്‍ നേടിയില്ല “(ദാരിമി,മിശ്കാത് -2014 )ഇഖ് ലാസില്ലാത്ത നോമ്പ് നിഷ്ഫലമാണെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്‌. ഇഖ് ലാസിന്‍റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റൊരു വചനം ഇപ്രകാരമാണ്. “ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും റമളാനില്‍ നോമ്പനുഷ്ട്ടിച്ചാല്‍ അയാളുടെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.”(ബുഖാരി-4/99,മുസ്ലിം-759) അപ്പോള്‍ യാതൊരു ഭൗതിക പ്രേരണയില്ലാതെ തന്നെ അല്ലാഹു തന്‍റെമേല്‍ നിര്‍ബന്ധമാക്കിയതാണ്, അവന്‍ ഇതിനെനിക്ക് അര്‍ഹമായ പ്രതിഫലം നല്‍കുക തന്നെ ചെയ്യും എന്ന ഉറച്ച വിശ്വാസമായിരിക്കണം ഒരു നോമ്പുകാരന്‍റെ യധാര്‍ത്ഥ പ്രചോദനം എന്ന് ചുരുക്കം.
2 . ഇത്തിബാഉ അഥവാ പ്രവാചകനെ പിന്തുടരല്‍
ഒരു സല്‍കര്‍മ്മം ഒരാള്‍ എത്ര ആത്മാര്‍ഥതയോടെ ചെയ്താലും ശരി നബി(സ്വ) പഠിപ്പിച്ച രൂപത്തിലല്ലെങ്കില്‍ ആ കര്‍മ്മം അല്ലാഹു സ്വീകരിക്കുന്നതല്ല.
നബി(സ്വ) പറയുന്നു :”ആരെങ്കിലും നമ്മുടെ കാലത്തില്ലാത്ത ഒരു കര്‍മ്മം ചെയ്‌താല്‍ അത് അസ്വീകാര്യമാണ് “(മുസ്ലി- കിതാബുല്‍ അക്വാദിയ)
നമസ്കാരത്തിന്‍റെ മര്യാദകള്‍ ശരിക്കും പാലിക്കാതെ നമസ്കരിച്ച ഒരാളോട് മദീന പള്ളിയില്‍ വെച്ച് മടക്കി നമസ്കരിക്കുവാന്‍ മൂന്നു തവണ ആവശ്യപ്പെട്ട സംഭവം പ്രസിദ്ധമാണ്. കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഇഖ് ലാസ് ഉണ്ടായാല്‍ മാത്രം മതി, രൂപവും രീതിയും ഒന്നും അത്ര പ്രധാനമല്ല എന്ന് കരുതുന്ന ചിലരുണ്ട്. ആ ധാരണ തെറ്റാണെന്ന് മേല്‍ വചനങ്ങള്‍ പഠിപ്പിക്കുന്നു. ഹദീസുകളുടെ വെളിച്ചത്തില്‍ നോമ്പിന്‍റെ കര്‍മ്മ ശാസ്ത്രവും വിധി വിലക്കുകളും വിവരിക്കുവാനും മുസ്ലിംകളെ പഠിപ്പിക്കുവാനുമുള്ള നമ്മുടെ പ്രചോദനം നബി(സ്വ) യെ ഇത്തിബാഉ ചെയ്തില്ലെങ്കില്‍ നമ്മുടെ നോമ്പ് അല്ലാഹുവില്‍ സ്വീകാര്യമാവില്ല എന്ന തിരിച്ചറിവാണ്. ഇക്കാര്യം മാന്യ വായനക്കാര്‍ മറക്കാതിരിക്കുക.
നോമ്പിന്‍റെ വിധിവിലക്കുകള്‍
1. നിയ്യത്ത്: റമളാനിന്‍റെ ആരംഭം ഉറപ്പായിക്കഴിഞ്ഞാല്‍ അന്ന് രാത്രി തന്നെ തൊട്ടടുത്ത പകലിലെ നോമ്പിന്നായി നിയ്യത്തെടുക്കെണ്ടതാണ്. അഥവാ നോമ്പെടുക്കുമെന്നു മനസ്സില്‍ ഉറപ്പിക്കെണ്ടതാണ്. പ്രവൃത്തികള്‍ നിയ്യത്തനുസരിച്ചാണ് എന്ന നബി വചനം എല്ലാ സല്‍കര്‍മ്മങ്ങള്‍ക്കും നിയ്യത്ത് അനിവാര്യമാണെന്ന് പഠിപ്പിക്കുന്നു. നിര്‍ബന്ധ നോമ്പിനുള്ള നിയ്യത്ത് രാത്രി തന്നെ വെക്കേണ്ടതുണ്ട് എന്തെന്നാല്‍ നബി(സ്വ) പറഞ്ഞു :”ആരെങ്കിലും പ്രഭാതത്തിനുമുമ്പ് നോമ്പ് വെക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ അവന് നോമ്പ് ഇല്ല “(അബുദാവൂദ്)
” മറ്റൊരു റിപ്പോര്‍ട്ടില്‍ :ആരെങ്കിലും രാത്രിയില്‍ തന്നെ നോമ്പെടുക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ അവന് നോമ്പില്ല ” (നസാഈ4/196)എന്നാണുള്ളത്. നിയ്യത്തിന്‍റെ സ്ഥാനം ഹൃദയമാണ് “നവാ”എന്ന വാക്കിനു മനസ്സില്‍ കരുതി എന്നാണ് ഭാഷാര്‍ത്ഥം. നിയ്യത്ത് എന്നാല്‍ കരുതുന്ന രീതിയും. എന്നാല്‍ ഐചികമായ (നിര്‍ബന്ധമില്ലാത്ത)നോമ്പിന് നേരം പ്രഭാതമായശേഷം തീരുമാനമെടുത്താലും മതി. റമളാനല്ലാത്ത കാലത്ത് നബി(സ്വ) ആയിശ(റ)യുടെ വീട്ടില്‍ വന്ന് ‘പ്രാതല്‍ വല്ലതുമുണ്ടോ’ എന്നന്വേഷിക്കുകയും ഇല്ലെങ്കില്‍ ഞാന്‍ നോമ്പെടുക്കുകയാണ് എന്ന് പറയുകയും ചെയ്തിരുന്നതായി മുസ്ലിം (1154)റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നോമ്പിന്‍റെ സമയം :
അല്ലാഹു പറയുന്നു,”പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന്‌ തെളിഞ്ഞ്‌ കാണുമാറാകുന്നത്‌ വരെ. എന്നിട്ട്‌ രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക. …(2.187)പ്രഭാതം ഉദിച്ചതുമുതല്‍ സൂര്യന്‍ അസ്തമിക്കുന്നതുവരെയാണ് നോമ്പിന്‍റെ സമയമെന്ന് ഈ വചനം വ്യക്തമാക്കുന്നു.
അത്താഴംറമളാനിലെ നോമ്പ് ആദ്യമായി അല്ലാഹു നിര്‍ബന്ധമാക്കിയപ്പോള്‍ വേദക്കാരായ ജൂത ക്രിസ്ത്യാനികള്‍ക്കുള്ളത്പോലെയുള്ള നോമ്പ് തന്നെയാണ് മുസ്ലിംകള്‍ക്കും നിര്‍ബന്ധ മാക്കപ്പെട്ടത്‌. അതായത് രാത്രി ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത രാത്രി വരെ തിന്നുവാനോ കുടിക്കുവാനോ, ലൈംഗികബന്ധത്തിലെര്‍പ്പെടാനോ പാടുണ്ടായിരുന്നില്ല. പിന്നീട് ആ നിയമം ദുര്‍ബലമാക്കപ്പെടുകയും വേദക്കാരുമായി വ്യത്യാസപ്പെടുന്ന തരത്തില്‍ അത്താഴം കഴിക്കണമെന്ന് നബി(സ്വ) നിര്‍ദ്ദേശിക്കുകയും ചെയ്തു. നബി(സ്വ) പറയുന്നു: നമ്മുടെ നോമ്പിന്റെയും വേദക്കാരുടെ നോമ്പിന്റെയും ഇടയിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ് (മുസ്ലിം)
അത്താഴം ഒഴിവാക്കരുതെന്ന് കര്‍ശനമായി പറഞ്ഞ മറ്റൊരു ഹദീസ്നോക്കുക :”അത്താഴം കഴിക്കല്‍ അനുഗ്രഹമാണ് അതിനാല്‍ അത് നിങ്ങള്‍ ഒഴിവാക്കരുത്‌ അത് ഒരിറക്ക് വെള്ളം ഇറക്കിക്കൊണ്ടാനെങ്കിലും. എന്തെന്നാല്‍,അല്ലാഹു അത്താഴം കഴിക്കുന്നവരെ അനുഗ്രഹിക്കുന്നു, മലക്കുകള്‍ അവര്‍ക്ക് അനുഗ്രഹം ലഭിക്കാനായി പ്രാര്‍ഥിക്കുന്നു “(ഇബ്നു അബീശൈബ3/8,അഹ്മദ്3/12)
അത്താഴ സമയം
അര്‍ദ്ധരാത്രിയോടടുത്തു തന്നെ അത്താഴം കഴിക്കുന്നതാണ് ഉത്തമാമെന്നും നേരത്തെ അത്താഴം കഴിച്ചതിനുശേഷം ഉറങ്ങണമെന്നും ഉണരുമ്പോഴെക്ക് എല്ലാം ദഹിക്കണമെന്നും അങ്ങിനെ കാളി വയറുമായി നോമ്പ് തുടങ്ങലാണ് ശരിയായ നോമ്പെന്നും കരുതുന്ന ചില പഴമക്കാരുണ്ട്. എന്നാല്‍ നബി(സ്വ)യുടെ ചര്യ ഇതിനെതിരാണ്‌. അവിടുന്ന് അത്താഴം കഴിച്ചത് പ്രഭാതത്തിന്‍റെ തൊട്ട് മുമ്പായിരുന്നു ഏറ്റവും ഉത്തമമായ ചര്യ റസൂലിന്‍റെ ചര്യയാണല്ലോ. അത്താഴം കഴിച്ചതിനുശേഷം ഉറങ്ങാതെ സുബ്ഹി നമസ്കാരത്തിനു പോവുകയായിരുന്നു നബിയുടെ പതിവെന്നും ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട് സൈദ്‌ (റ)പറയുന്നു:’ഞങ്ങള്‍ നബി(സ്വ) യോടൊത്ത് അത്താഴം കഴിച്ചു.പിന്നെ അവിടുന്ന് നമസ്കാരത്തിനായി ഒരുങ്ങി.അനസ്(റ) ചോദിച്ചു സുബ്ഹി ബാങ്കിന്റെയും അത്താഴത്തിന്റെയും ഇടയില്‍ എത്ര സമയമുണ്ടായിരുന്നു അദ്ദേഹം പറഞ്ഞു:’അമ്പത് ആയത്തിന്റെ സമയം ‘(ബുഖാരി 4 /118,മുസ്ലിം-1099)
ഇംസാക് അഥവാ സംയമനം
പ്രഭാതം മുതല്‍ നോമ്പ് തുറക്കും വരെ ഭക്ഷണ പാനീയങ്ങള്‍, ലൈംഗിക ബന്ധം മുതലായവ നോമ്പിനെ മുറിച്ചുകളയുന്ന സര്‍വ്വ സംഗതികളില്‍നിന്നും പാടെ അകന്നു നിക്കുക എന്നതാണ് ഇംസാകിന്റെ ഉദ്ദേശം. റമളാനില്‍ നോമ്പ് കടമയുള്ള ഒരാള്‍ നോമ്പെടുക്കാതെ പകല്‍സമയത്ത് ഭക്ഷണ പാനീയങ്ങള്‍ വല്ലതും മന:പ്പൂര്‍വ്വം അകത്താക്കുന്നു വെങ്കില്‍ അയാളുടെ നോമ്പ് മുറിയുക മാത്രമല്ല അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഒരു കുറ്റം അയാള്‍ ചെയ്യുകയുമായി. പ്രസ്തുത നോമ്പ് മറ്റൊരു ദിവസം നോറ്റു വീട്ടുന്നതോടൊപ്പം ചെയ്ത കുട്ടത്തില്‍ അയാള്‍ അല്ലാഹുവിനോട് പാശ്ചാത്തപിക്കുകയും വേണം. എന്നാല്‍ നോമ്പുകാരനാണെന്ന കാര്യം ഓര്‍മ്മയില്ലാതെ ഒരാള്‍ തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ നോമ്പ് മുറിയുന്നതല്ല. ഓര്‍മ്മ വന്നാല്‍ അയാള്‍ അത് നിറുത്തുകയും നോമ്പ് പൂര്‍ത്തീകരിക്കുകയും വേണം നബി(സ്വ) പറയുന്നു “ആരെങ്കിലും നോമ്പുകാരനാണെന്ന കാര്യം മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ അയാള്‍ തന്റെ നോമ്പ് പൂര്‍ത്തീകരിക്കട്ടെ. അയാളെ തീറ്റിയതും കുടിപ്പിച്ചതും അല്ലാഹുവത്രെ.” (ബുഖാരി-മുസ്ലിം) അതായത് മറവി പറ്റുന്ന പ്രക്രിതിയോടുകൂടി അവനെ പടച്ചത് അല്ലാഹുവാണ് എന്ന് സാരം ഈ നിയമം ഐചിക നോമ്പിനും ബാധകമാണ്.
മനപ്പൂര്‍വ്വം വായില്‍ കയ്യിട്ടോ മറ്റോ ഒരാള്‍ ചര്‍ദ്ദിഉണ്ടാക്കിയാല്‍ -അത് കുറച്ചാകട്ടെ കൂടുതലാകട്ടെ -അവന്‍റെ നോമ്പ് മുറിയുന്നതാണ് .എന്നാല്‍ തനിക്കു നിയന്ത്രിക്കാനാവാത്ത സ്വാഭാവിക ചര്‍ദ്ദി ഉണ്ടായാല്‍ അതുമൂലം നോമ്പ് മുറിയുന്നതല്ല. നബി(സ്വ) പറയുന്നു :”നോമ്പുകാരനായിരിക്കെ ചര്‍ദ്ദി ആരെയെങ്കിലും കീഴ്പ്പെടുത്തിയാല്‍ അയാള്‍ ഖളാ വീട്ടെണ്ടതില്ല എന്നാല്‍ ആരെങ്കിലും ചര്‍ദ്ദി ഉണ്ടാക്കിയാല്‍ അയാള്‍ നോറ്റുവീട്ടട്ടെ “(അബുദാവൂദ്-തിര്‍മിദി)
ആര്‍ത്തവരക്തമോ പ്രസവരക്തമോ ഉള്ള സ്ത്രീകള്‍ നോമ്പ് നോല്‍ക്കാന്‍ പാടില്ല. അത്രയും നോമ്പ് മറ്റു ദിവസങ്ങളില്‍ നോട്ടു വീട്ടാന്‍ നബി കല്പിച്ചതായി ഉമ്മഹാത്തുല്‍ മുഉമിനീന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നോമ്പ്കാരായിരിക്കെ ആര്‍ത്തവമോ പ്രസവരക്തമോ ഉണ്ടായാല്‍ നോമ്പ് തത്സമയം മുറിയുന്നതാണ്. നോമ്പിന്റെ അവസാന സമയത്തോടടുത്തായിരുന്നാലും ആ നോമ്പ് നഷ്ട്ടപ്പെടുകയും ചെയ്യും. ശരീര പോഷനത്തിനുതകാത്തതും ഉണ്മെഷത്തിനോ നേരമ്പോക്കിനോ മറ്റോ വേണ്ടി ചില ആളുകള്‍ ഉപയോഗിക്കുന്നതുമായ പുകവലി, വെറ്റില, മുറുക്ക്, പൊടിവലി ……മുതലായവയും നോമ്പ് മുറിയിക്കുമെന്നു പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നോമ്പുള്ള വ്യക്തി തന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലെര്‍പ്പെട്ടാല്‍ ആ ദിവസത്തെ നോമ്പ് മുറിയുക മാത്രമല്ല ഗുരുതരമായ കുറ്റം ചെയ്ത അപരാധിയായി അയാള്‍ കണക്കാക്കപ്പെടുകയും ചെയ്യും. പശ്ചാത്താപ മനസ്ഥിതിയോടെ പ്രസ്തുത നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമായതോടൊപ്പം അയാള്‍ നിശ്ചിത കഫ്ഫാറത്ത്‌ (പ്രായശ്ചിത്തം)നല്‍കുകയും വേണം ഒരടിമയെ മോചിപ്പിക്കുകയോ, അല്ലെങ്കില്‍ രണ്ടു മാസം (ഹിജ്റ മാസങ്ങള്‍)തുടര്‍ച്ചയായി നോമ്പ് നോല്‍ക്കുകയോ ആണ് നബി(സ്വ) പഠിപ്പിച്ച പ്രായശ്ചിത്തം. ഇടയ്ക്ക് നോമ്പ് വിട്ടാല്‍ അന്ന് മുതല്‍ വീണ്ടും രണ്ടുമാസം നോമ്പ് നോല്‍ക്കണം. അത്രയും ഗൗരവമേറിയ കുറ്റമാണയാള്‍ ചെയ്തത് ഇതിനു കഴിയാത്ത വ്യക്തിയാണെങ്കില്‍ അയാള്‍ 60 മികീന്‍മാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കണം .
നോമ്പുകാരന് അനുവദിക്കപ്പെട്ട കാര്യങ്ങള്‍
1 .ജനാബത്തുകാരനായിക്കൊണ്ട് പ്രഭാതത്തിലേക്ക്‌ പ്രവേശിക്കാം: നോമ്പുകാലത്ത് രാത്രി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനാല്‍ ജനാബത്തുകാരനായ വ്യക്തി സുബ്ഹി ബാങ്ക് വിളിക്കുംമുമ്പ് തന്നെ കുളിക്കണമെന്ന ചിലരുടെ ധാരണ ശരിയല്ല. കാരണം നബി(സ്വ) ജനാബത്തുകാരനായിരിക്കെ സുബ്ഹി നമസ്കാര സമയമാവുകയും ശേഷം കുളിച്ച് നമസ്കരിക്കുകയും ചെയ്തതായി നബി (സ്വ) പത്നിമാരായ ആയിശ(റ), ഉമ്മു സലമ(റ) എന്നിവര്‍ഉദ്ധരിച്ചിട്ടുണ്ട് (ബുഖാരി-1925,മുസ്ലിം-1109)
2. ചുംബനം ആലിംഗനം മുതലായവ: ലൈംഗിക ബന്ധത്തിലേക്ക് നയിക്കാത്തവിധം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പരസ്പരം ചുംബിക്കുന്നതിനോ ലൈംഗികാവയവ ഭാഗങ്ങളല്ലാത്ത ഭാഗങ്ങള്‍ സ്പര്‍ശിക്കുന്ന തരത്തില്‍ ആശ്ലിഷിക്കുന്നതിനോ വിരോധമില്ല. അതുകൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. “നബി (സ്വ) നോമ്പുകാരനായിരിക്കെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് ലൈംഗികാവശ്യങ്ങളെ ഏറ്റവും അധികം നിയന്ത്രിക്കാന്‍ കഴിയുന്നവരായിരുന്നു “എന്നിങ്ങനെ ആയിശ(റ) നിവേദനം ചെയ്തിട്ടുണ്ട്. (ബുഖാരി-192,മുസ്ലിം-1106) നോമ്പുകാരനായിരിക്കെ ഒരിക്കല്‍ ഭാര്യയെ ചുംബിച്ചുപോയ ഉമര്‍(റ) വലിയ കുറ്റം ചെയ്തെന്ന ഭാവത്തില്‍ നബി (സ്വ) യെ സമീപിച്ചപ്പോള്‍ റസൂല്‍ ചോദിച്ചു” നോമ്പുകാരനായിരിക്കെ താങ്കള്‍ വെള്ളമെടുത്തു വായ കൊപ്ലിക്കാറില്ലേ? ഉമര്‍(റ) പറഞ്ഞു അതില്‍ തകരാറില്ലല്ലോ. നബി(സ്വ) ചോദിച്ചു പിന്നെന്തിലാണ്?”(അബുദാവൂദ് -2385,ഹക്കീം1 /431) എന്നാല്‍, ഈ നിയമം പൊതുവായതല്ല, സ്വന്തം വികാരങ്ങളെ ശരിക്കും നിയന്ത്രിക്കാന്‍ കഴിയുന്ന പ്രായം ചെന്നവര്‍ക്ക് അനുവദിച്ചപ്പോള്‍ യുവാക്കളോട് നിരോധിക്കുകയാണ് ചെയ്തത് എന്ന കാര്യം ശ്രദ്ധാര്‍ഹാമാണ്. അബുഹുറൈറ നിവേദനം: ഒരാള്‍ നബി (സ്വ) നോമ്പുകാരനായിരിക്കെ ഭാര്യയെ ആലിംഗനം ചെയുന്നതിനെ കുറിച്ച് ചോദിച്ചു നബി (സ്വ) അയാള്‍ക്ക്‌ ഇളവനുവദിച്ചു എന്നാല്‍ മറ്റൊരാള്‍ വന്നു ചോദിച്ചപ്പോള്‍ വിരോധിക്കുകയും ചെയ്തു. അനുവദിക്കപ്പെട്ട വ്യക്തി വൃദ്ധനും വിരോധിക്കപ്പെട്ട വ്യക്തി യുവാവും ആയിരുന്നു (അബുദാവൂദ്- 2387) ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
3 . വായ കൊപ്ലിക്കലും, മൂക്കില്‍ വെള്ളം കയറ്റി ചീറ്റലും: ഇത് രണ്ടും നോമ്പുകാരന്നു അനുവദിക്കപ്പെട്ടതാണ്‌ പക്ഷെ അതിരുവിടുന്നത് സൂക്ഷിക്കണമെന്നുമാത്രം നബി(സ്വ) പറഞ്ഞു.”നീ മൂക്കില്‍ വെള്ളം കയറ്റുന്നത് അധികമാക്കുക, നീ നോമ്പുകാരനായിരിക്കുമ്പോള്‍ ഒഴികെ” (ഇബ്നുമാജ-407) കൊപ്ലിക്കുമ്പോള്‍ മന:പ്പൂര്‍വ്വമാല്ലാതെ അല്പം വെള്ളം അകത്തുപോയാലും ശരിയായ അഭിപ്രായ പ്രകാരം നോമ്പ് മുറിയുകയില്ല എന്നതാണ് കാരണം, നബി(സ്വ) നോമ്പുള്ളപ്പോള്‍ വായ കൊപ്ലിക്കലും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യാറുണ്ടായിരുന്നു മന:പ്പൂര്‍വ്വമാല്ലാതെ സംഭവിക്കുന്ന അബദ്ധങ്ങള്‍ അല്ലാഹു പൊറുക്കുന്നവനത്രേ!


പല്ല് തേക്കല്‍ :
ദന്ത ശുദ്ധീകരണം വളരെ പ്രോത്സാഹിപ്പിച്ച മതമാണ്‌ ഇസ്ലാം. നബി(സ്വ) പറഞ്ഞു “എന്‍റെ സമുദായത്തെ ഞാന്‍ ബുദ്ധിമുട്ടിലാക്കുമായിരുന്നില്ലെങ്കില്‍ എല്ലാ ഓരോ വുളുവിന്‍റെ സമയത്തും ദാന്തശുദ്ധി വരുത്താന്‍ ഞാന്‍ കല്പിക്കുമായിരുന്നു” (ബുഖാരി-മുസ്ലിം) ഇതുപോലുള്ള പൊതുവായ ദന്ത ശുദ്ധീകരണത്തിനുള്ള പ്രേരണകള്‍ നോമ്പുകാരനും ബാധകമാണ്. നോമ്പുകാരന് മിസ്‌വാക്/ബ്രഷ് ചെയ്യാന്‍ പാടില്ലെന്ന് പ്രത്യേക നിരോധനം യാതൊരു ഹദീസിലും വന്നിട്ടില്ല. എന്നാല്‍ ബ്രഷ് ചെയ്യുമ്പോള്‍ പേസ്റ്റിന്‍റെ അംശം വയറ്റിലെക്കിറങ്ങുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിനു സമാനമായ രുചിയുള്ള പേസ്റ്റുകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം.
കുളിക്കലും തലയില്‍ തണുത്തവെള്ള മൊഴിക്കലും:
നോമ്പുകാരന്‍ കുളിക്കുന്നതിനോ വെള്ളത്തില്‍ മുങ്ങുന്നതിനോ വിരോധമില്ല.”ദാഹത്താലോ ചൂട് കാരണത്താലോ നബി (സ്വ) നോമ്പുകാരനായിരിക്കെ തലയില്‍ വെള്ള മൊഴിച്ചിരുന്നു”(സ്വഹീഹു അബീദാവൂദ്-2004 )ഇമാം ബുഖാരി തന്‍റെ ‘സ്വഹീഹില്‍’ ‘നോമ്പുകാരന്‍റെ കുളി’ എന്ന അധ്യായത്തില്‍ ഉദ്ധരിക്കുന്നു .
1.ഇബ്നു ഉമര്‍(റ) നോമ്പുകാരനായിരിക്കെ ഒരു തുണി നനച്ച് ദേഹത്തിട്ടിരുന്നു.
2.പ്രസിദ്ധ താബിഈ ആയിരുന്ന ശഅബി (റഹ്)
3 .ഹസന്‍ (റ) പറയുന്നു:നോമ്പുകാരന് വായ കൊപ്ലിക്കുന്നത് കൊണ്ടോ വെള്ളമൊഴിച്ചു ശരീരം തണുപ്പിക്കുന്നത് കൊണ്ടോ യാതൊരു തകരാറുമില്ല.
4. അനസ്(റ) പറയുന്നു:എനിക്കൊരു ചെമ്പുകൊണ്ടുള്ള ഹൌള് (ജലസംഭരണി) ഉണ്ടായിരുന്നു. നോമ്പുകാരനായിരിക്കെ ഞാനതില്‍ ഇറങ്ങി കുളിക്കാറുണ്ടായിരുന്നു.. (അല്‍ബാനിയുടെ മുഖ്തസറുല്‍ ബുഖാരി-1/599) വായിലൂടെ വെള്ളം അകത്തു കടക്കാത്ത വിധം വെള്ളത്തില്‍ മുങ്ങുന്നതും തെറ്റല്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു .
സുറുമയിടലും കണ്ണില്‍ മരുന്ന് ഒഴിക്കലും :
ഇത് രണ്ടും നോമ്പ് മുറിക്കുന്ന കാര്യങ്ങളല്ല. സുറുമയുടെ രുചി മൂക്കിന്‍ കുഴലിലൂടെ തൊണ്ടയില്‍ എത്തിയാല്‍ തുപ്പിക്കളയുന്നതാണ് നല്ലത്. നബി(സ്വ) ഇതൊന്നും നോമ്പുകാരന് പ്രത്യേകം വിരോധിച്ചിട്ടില്ല. ഹസന്‍(റ) പറയുന്നു “നോമ്പുകാരന്‍ സുറുമയിടുന്നതില്‍ ഒരു തകരാരുമില്ല “ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ പാഞ്ഞിട്ടുള്ളത് അനസ്(റ) ഇബ്രാഹീമുന്നഖഈ (രഹ്) തുടങ്ങിയവരും ഈ അഭിപ്രായക്കാരാണ്.
ഭക്ഷണം രുചിച്ചു നോക്കല്‍ :
നോമ്പുകാരന് തന്‍റെ തൊണ്ടയിലെത്തുകയില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ ഭക്ഷണം രുചിച്ച് നോക്കുകയും ഉടന്‍ തന്നെ തുപ്പിക്കളയുകയും ചെയ്യുന്നതിന് വിരോധമില്ല ഇബ്നു അബ്ബാസ് (റ) നിവേദനം. നോമ്പുകാരനായിരിക്കെ സുര്‍ക്കയോ, മറ്റോ തോന്ടയിലെത്തിക്കാത്ത വിധത്തില്‍ രുചി നോക്കുന്നതിന് കുഴപ്പമില്ല.
(ബുഖാരി തഅലീഖായി ഉദ്ധരിച്ചത്, ഇബ്നു അബീശൈഖ-3/47)
രക്തമെടുക്കലും ഇന്ജക്ഷനും :
നോമ്പിന് കോട്ടം വരാത്ത വിധത്തില്‍ രക്തം എടുക്കുന്നതിനോ ശരീരപോഷണത്തിന് വേണ്ടിയല്ലാത്ത ഇന്‍ജക്ഷന്‍ എടുക്കുന്നതിനോ വിരോധമില്ല. അത് കൊണ്ടൊന്നും നോമ്പ് മുറിയുകയില്ല . എന്നാല്‍ ഗ്ലൂക്കോസ് പോലെയുള്ള ഭക്ഷണത്തിനുപകരമായ പാനീയങ്ങള്‍ ഇന്‍ജക്ഷന്‍ പോലെ ശരീരത്തിലേക്ക് കയറ്റുന്നത് മൂലം നോമ്പ് മുറിയുക തന്നെ ചെയ്യും.

രക്തം പുറത്തു വന്നാല്‍: ശരീരത്തിലെ വ്രണങ്ങളില്‍ നിന്നോ വായ, മൂക്ക്, പല്ലുകള്‍ മുതലായ സ്ഥലങ്ങളില്‍ നിന്നോ രക്തം പുറത്തു വന്നത് കൊണ്ട് നോമ്പ് മുറിയുന്നതല്ല. പക്ഷെ വായില്‍ നിന്നും മൂക്കില്‍ നിന്നും വരുന്ന രക്തം വയറ്റിലെക്കിറങ്ങുന്നത് സൂക്ഷിക്കല്‍ അനിവാര്യമാണ്.
ഉമിനീര്‍ വിഴുങ്ങാമോ? ചിലയാളുകള്‍ നോമ്പ് സമയത്ത് എപ്പോഴും ഉമിനീര്‍ തുപ്പിക്കൊണ്ടിരിക്കുന്നത് കാണാം. വായില്‍ ഉണ്ടാകുന്ന ഉമിനീര്‍ അകത്തുപോയി നോമ്പ് മുരിയാതിരിക്കാനാണ് ഈ വിവരദോഷികള്‍ ഇങ്ങനെ ചെയ്യുന്നതത്രേ! യഥാര്‍ഥത്തില്‍ ഉമിനീര്‍ വയറ്റിലേക്കിറങ്ങിയാല്‍ നോമ്പ് മുറിയുമെന്ന് നബി(സ്വ) യോ അവിടുത്തെ സ്വഹാബികളോ പഠിപ്പിച്ചിട്ടില്ല.
നോമ്പില്‍ ഇളവ്‌ നല്‍കപ്പെട്ടവര്‍
1 . യാത്രക്കാര്‍: ഉപജീവനത്തിന് വേണ്ടിയും അല്ലാതെയും മനുഷ്യന് യാത്ര ചെയ്യേണ്ടി വരാറുണ്ട്. അത്തരം യാത്രകളില്‍ റമളാനിലെ നോല്‍ക്കുകയോ നോല്‍ക്കാതിരിക്കുകയോ ചെയ്യാമെന്നും അത്രയും നോമ്പ് മറ്റു ദിവസങ്ങളില്‍ നോറ്റു വീട്ടെണ്ടതാണെന്നും ഇസ്ലാം ഇളവു നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു.
“ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങള്‍ക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നതിന്റെപേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.) (2.185)
ധാരാളമായി നോമ്പെടുത്തിരുന്ന ഹംസത്തുബിന്‍ അംര്‍(റ) നബി (സ്വ) യോട് ചോദിച്ചു “ഞാന്‍ യാത്രയില്‍ നോമ്പ് നോല്‍കട്ടെയോ?അപ്പോള്‍ റസൂല്‍ പറഞ്ഞു: നീ ഉദ്ദേശിക്കുന്നു വെങ്കില്‍ നിനക്ക് നോമ്പെടുക്കാം അല്ലെങ്കില്‍ ഒഴിവാക്കുകയും ചെയ്യാം “(ബുഖാരി-4/156,മുസ്ലിം7121)
ചുരുക്കത്തില്‍ അബസഈദില്‍ ഖുദരീ ഉദ്ധരിച്ചതുപോലെ “ആര്‍ക്കെങ്കിലും നോമ്പെടുക്കാന്‍ ശേഷിയുന്ടെങ്കില്‍ അയാള്‍ നോമ്പെടുക്കുന്നതാണ് ഉത്തമം. ഇതായിരുന്നു സഹാബികളുടെ വീക്ഷണം”(തിര്‍മിദി-713)
സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? അവന്‍ നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (67;14)

2. രോഗി
മനുഷ്യ ശരീരം ഉള്ള കാലത്തൊക്കെ രോഗവും ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ പ്രകൃതി മതമായ ഇസ്ലാം രോഗിക്ക് റമദാനിലെ നോമ്പില്‍ പോലും ഇളവനുവദിച്ചു. രോഗം വര്‍ദ്ധിക്കുവാനോ രോഗശമനം വൈകുവാനോ നോമ്പ് ഇടയാകുമെന്ന് കണ്ടാല്‍ രോഗിക്ക് നോമ്പ് വിടാവുന്നതാണ്. പക്ഷെ, വേറെ ദിവസങ്ങളില്‍ അത്ര എണ്ണം അയാള്‍ നോറ്റ് വീട്ടെണ്ടതാണ്. ചെറിയ ജലദോഷമോ പല്ലുവേദനയോ വരുമ്പഴേക്കും നോമ്പ് വിടാമെന്നല്ല ഇതിന്‍റെ താല്പര്യം. മറിച്ച് രോഗമെന്ന് പറയാവുന്നത്ര രോഗം ഉണ്ടെങ്കിലും വിഷമിച്ചു നോമ്പ് നോല്‍ക്കെണ്ടതില്ല എന്നാണ് ഈ ഇളവിന്‍റെ താല്പര്യം.

3. വയോവൃദ്ധനും കിഴവിയും 
ഇവര്‍ക്ക് നോമ്പ് വിടാവുന്നതും പകരം ഓരോ നോമ്പിനും പ്രായശ്ചിത്തമായി ഒരു മിസ്കീന്‍റെ ഭക്ഷണം നല്‍കേണ്ടതുമാണ്‌. അല്ലാഹു പറയുന്നു:
“എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന്‌ അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട്‌ മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന്‌ ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം. (2.184) “ഈ വചനം ഓതിക്കൊണ്ട് ഇബ്നു അബ്ബാസ് (റ) അത് നോമ്പെടുക്കാന്‍ കഴിയാത്ത വൃദ്ധന്മാരാണ്, അവര്‍ എല്ലാ ഓരോ നോമ്പിന് പകരവും ഒരു മിസ്കീന്റെ ഭക്ഷണം വീതം -അര സ്വാഉ ഗോതമ്പ് -പ്രായശ്ചിത്തം നല്‍കേണ്ടതാണ് (ഇര്‍വാഉ)-4/120)അനസ് (റ) ന് നോമ്പെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു വലിയ പാത്രം മുഴുവനും ഭക്ഷണമുണ്ടാക്കുകയും മുപ്പതു സാധുക്കളെ വിളിച്ച്‌ അവര്‍ക്ക് വയര്‍ നിറയെ തീറ്റിക്കുകയും ചെയ്തു വെന്ന്‌ ദാറഖുത്വ നീ പ്രബലമായ പരമ്പരയോടെ ഉദ്ധരിച്ചിട്ടുണ്ട് .(2/207)
ഗര്‍ഭിണികളെയും മുലയൂട്ടുന്ന മാതാക്കളെയും നബി(സ്വ) ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതായി അനസ് ബിന്‍ മാലിക് അല്‍കഅബീ(റ) ഉദ്ധരിച്ചിട്ടുണ്ട്. (തിര്‍മിദി-715, അബൂദാവൂദ്) ആരെങ്കിലും നോമ്പ് നേര്ച്ചയാക്കി അത് നിര്‍വഹിക്കാതെ മരണപ്പെട്ടു പോയാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ വലിയ്യ്‌ (കൈകാര്യ കര്‍ത്താവ്/അടുത്ത ബന്ധു)ആ നോമ്പ് നോറ്റ് വീട്ടെണ്ടതാണ്. എന്നാല്‍ റമദാന്‍ വ്രതം നോറ്റുവീട്ടാന്‍ കടമുള്ളവനാണ് മരിച്ചതെങ്കില്‍ അയാള്‍ക്ക്‌ വേണ്ടി ഓരോ ദിവസത്തിനും പകരം ഓരോ സാധുവിന് ഭക്ഷണം നല്‍കുകയാണ് വേണ്ടത്.
നോമ്പ് തുറക്കല്‍
മഗരിബിന്റെ സമയമായിക്കഴിഞ്ഞാലും അഥവാ സൂര്യന്‍ അസ്തമിച്ചാലും നോമ്പ് തുറക്കാനുള്ള സമയമായില്ല എന്ന ഭാവത്തില്‍ നോമ്പ് മുറിക്കാത്ത ചില ആളുകളുണ്ട്. കുറച്ചധികം സമയം നോമ്പെടുത്താല്‍ കൂടുതല്‍ നന്‍മ കിട്ടുമെന്നാവും ഇവരുടെ വിചാരം എന്നാല്‍ റസൂല്‍ പറയുന്നത് നോക്കൂ: നോമ്പുതുറക്കാന്‍ ധൃതി കൂട്ടുന്ന കാലത്തോളം ജനങ്ങള്‍ നന്‍മയില്‍ ആയിക്കൊന്ടെയിരിക്കും” (ബുഖാരി-മുസ്ലിം)
മഗ് രിബ് നമസ്കാരത്തിനു മുമ്പേ നോമ്പ് തുറക്കണം
സമയമായാല്‍ വേഗത്തില്‍ നോമ്പ് തുറക്കല്‍ നബിമാരുടെ ചര്യയായിരുന്നുവെന്നു ഹദീസിലുണ്ട് (മജ്മഉ-2/105) അത് കൊണ്ട് തന്നെ റസൂല്‍ (സ്വ) മഗ് രിബ് നമസ്കരിക്കുന്നതിന് മുമ്പായി തന്നെ നോമ്പ് തുറന്നിരുന്നു. (അഹ്മദ്-3/164, അബൂദാവൂദ്-2356) നബി (സ്വ) ഈത്തപ്പഴംകൊണ്ടോ അത് കിട്ടിയില്ലെങ്കില്‍ കാരക്കകൊണ്ടോ ആണ് നോമ്പ് തുറന്നിരുന്നത്‌ (അഹ്മദ്-3/163)
നോമ്പുകാര്‍ വര്‍ജ്ജിക്കേണ്ട കാര്യങ്ങള്‍
നോമ്പ് വെറും പകല്‍ പട്ടിണിയല്ല മറിച്ച്, വിശപ്പും ,ദാഹവും സഹിക്കുന്നതോടൊപ്പം ശരീരത്തിന്‍റെ താല്പര്യങ്ങളെയും ഇച്ഛകളേയും പരമാവധി നിയന്തിക്കാനുള്ള പരിശീലനം കൂടിയാണ്. ആമാശയത്തിനു മാത്രമല്ല, കണ്ണിനും കാതിനും നാക്കിനും കൈകാലുകള്‍ക്കും, ഗുഹ്യസ്ഥാനങ്ങള്‍ക്കുമൊക്കെ നോമ്പായിരിക്കണം. നല്ല വാക്കും നല്ല പ്രവൃത്തിയും നല്ല വിചാരവുമാണ് നോമ്പിനെ ചൈതന്യ വത്താക്കി ത്തീര്‍ക്കുന്നത്. ഭക്ഷണവും, പാനീയവും അകത്താക്കിയാലെ നോമ്പ് നിയമപരമായി മുരിയുകയുള്ളൂവെങ്കിലും ചീത്ത വാക്കും പ്രവൃത്തിയും നോമ്പിനെ നിഷ്ഫലമാക്കും എന്ന കാര്യം നോമ്പുകാര്‍ ആരും തന്നെ മറക്കാന്‍ പാടില്ല. നിഷ്ഫലമായ നോമ്പ് നോട്ടവര്‍ നോമ്പ് നോല്‍ക്കാത്തവന് തുല്യമാണ്. നോമ്പിന്റെ ലക്‌ഷ്യം തഖ്‌വ ആര്ജ്ജിക്കലാണെന്ന (ലഅല്ലകും തത്തകൂന്‍) ഖുര്‍ആന്‍ വചനം ഏറെ ശ്രദ്ധേയമാണ് നബി(സ്വ) പറയുന്നു “ആര്‍ ചീത്ത വാക്കും പ്രവൃത്തിയും ഉപേക്ഷിച്ചില്ലയോ അവന്‍ അവന്‍റെ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന്‌ യാതൊരു താല്പര്യവുമില്ല” (ബുഖാരി-1903)
നബി (സ്വ) പറയുന്നു: നിങ്ങളിലൊരാള്‍ നോമ്പിന്‍റെ ദിവസത്തിലായാല്‍ അയാള്‍ അശ്ലീലം സംസാരിക്കുകയോ ബഹളം വെക്കുകയോ അരുത് ആരെങ്കിലും തന്നെ ചീത്ത വിളിക്കുകയോ തന്നോട് ശണ്ടക്ക് വരികയോ ചെയ്‌താല്‍ അയാള്‍ പറയട്ടെ “ഞാന്‍ നോമ്പുകാരനാണ് എന്ന് …..”(ബുഖാരി-4/88,മുസ്ലിം-1151)

സ്വന്തം അഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഒരാള്‍ തെറി വിളിച്ചാല്‍ പോലും അതെ നാണയത്തില്‍ തിരിച്ചടിക്കാതെ ആത്മനിയന്ത്രണവും ക്ഷമയും കൈകൊള്ളണമെന്ന രസൂലിന്റെ ഈ ഉപദേശം നോമ്പുകാരന്‍ എത്രമാത്രം വിശാലതയുള്ളവനാകണമെന്നു വ്യക്തമാക്കി ഉണര്‍ത്തുന്നു. നോമ്പ് മുഖേന ലഭിക്കേണ്ട പാപമോചനവും സ്വര്‍ഗ്ഗ പ്രവേശനവും നേടിയെടുക്കണമെങ്കില്‍ മേല്‍ വിവരിച്ച അര്‍ത്ഥ പൂര്‍ണ്ണമായ നോമ്പിലൂടെ മാത്രമേ സാധിക്കുകയുള്ളൂ “ലഅല്ലകും തത്തക്വൂ൯” എന്ന ഖുര്‍ആനിക വചനം തിന്മകളില്‍
നിന്നെല്ലാം പാടെ അകന്നു നില്‍ക്കുവാനും നന്മകള്‍ കഴിയുന്നത്ര സ്വായത്തമാക്കുവാനുള്ള ശരിയായ പരിശീലനമാണ് വിശ്വാസികള്‍ നോമ്പിലൂടെ ലകഷ്യമാക്കേണ്ടതെന്നു നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്.

നിറഞ്ഞ ആത്മാര്‍ത്ഥതയോടെയും നബി(സ്വ) പഠിപ്പിച്ച രൂപത്തിലും നോമ്പനുഷ്ടിക്കുവാനും പുണ്യങ്ങള്‍ നേടിയെടുക്കുവാനും അല്ലാഹു നമ്മെയെല്ലാം തൗഫീഖ് നല്‍കുമാറാവട്ടെ


ആമീന്‍.

2 comments :

samad said...

very useful for us

Unknown said...

എങ്ങിനെ ആണ് നബി (സ )യുടെ റമദാനിലെ നോമ്പിന്റെ നിയ്യത്ത്

Post a Comment