---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Saturday, July 9, 2011

താങ്കളുടെ യഥാര്‍ഥ ഉത്തരവാദിത്വം

മൗലാനാ മൗദൂദി
 
ഈ ലോകത്ത്‌ ഓരോ മനുഷ്യനും തെരഞ്ഞെടുക്കാനും സ്വേഛ പ്രകാരം പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിരിക്കുന്നു. ഈ സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്‌ മനുഷ്യന്‍ നേരിടുന്ന പരീക്ഷ. ഈ വസ്‌തുത ശരിക്കും ഗ്രഹിച്ചുകഴിഞ്ഞാല്‍ പിന്നെ, ഏതെങ്കിലുമൊരു സമൂഹത്തിലോ കാലഘട്ടത്തിലോ തിന്മ തഴച്ചുവളരുന്നത്‌ കണ്ട്‌ നമ്മളാകെ അന്തം വിട്ട്‌ ആശയക്കുഴപ്പത്തിലാവുകയില്ല. അതായത്‌ ഒരിടത്ത്‌ തീര്‍ത്തും അധാര്‍മികമായ ഒരു സംവിധാനമാണ്‌ മേല്‍ക്കൈ നേടുന്നത്‌ എന്നിരിക്കട്ടെ, അതൊരിക്കലും ഈ സംവിധാനത്തിന്റെ മേന്മയോ വിജയമോ അല്ല. നേരെ മറിച്ച്‌ ആ അധാര്‍മിക വ്യവസ്ഥിതി കൊണ്ടുനടക്കുന്ന മനുഷ്യരുടെ പതനവും പരാജയവുമാണ്‌. ഇതേ കാര്യം സത്യസന്ദേശത്തെക്കുറിച്ചും പറയാം. സത്യത്തിന്റെ വക്താക്കള്‍ അവര്‍ വിശ്വസിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ആദര്‍ശം കഠിനാധ്വാനം ചെയ്‌ത്‌ പ്രബോധനം ചെയ്‌തിട്ടും വേണ്ട പോലെ സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍, അത്‌ ആ ആദര്‍ശത്തിന്റെയോ ആ ആദര്‍ശത്തിന്റെ വക്താക്കളുടെയോ പരാജയമല്ല; സത്യത്തെ വളരാന്‍ അനുവദിക്കാതിരിക്കുകയും തിന്മയെ കയറൂരിവിടുകയും ചെയ്യുന്ന ആ സമൂഹത്തിന്റെ പരാജയമാണ്‌.


 
ഈ ദുന്‍യാവ്‌ സത്യാസത്യ പോരാട്ടത്തിന്റെ വേദിയാണ്‌ എന്നതിന്‌ പുറമെ അതൊരു പരീക്ഷാലയവും കൂടിയാണ്‌. ആ പരീക്ഷയുടെ അവസാനഫലം ഈ ലോകത്തല്ല പ്രസിദ്ധീകരിക്കപ്പെടുക; പരലോകത്ത്‌ വെച്ചാണ്‌.
 
ലോകജനതകളില്‍ ഭൂരിപക്ഷവും, അല്ലെങ്കില്‍ ലോകജനത ഒന്നടങ്കം തന്നെ സത്യത്തെ തിരസ്‌കരിക്കുകയും അസത്യത്തെ വാരിപ്പുണരുകയും ചെയ്‌താലും അതിന്റെ അര്‍ഥം സത്യം പരാജയപ്പെട്ടുവെന്നോ അസത്യം ജയിച്ചുവെന്നോ അല്ല. മറിച്ച്‌ മേല്‍ പറഞ്ഞ ജനതകള്‍ ഒന്നടങ്കം പരീക്ഷയില്‍ പരാജയപ്പെട്ടുവെന്നും അതിന്റെ ബീഭത്സമായ പരിണതികള്‍ അവര്‍ പരലോകത്ത്‌ കാണാനിരിക്കുന്നു എന്നുമാണ്‌. സത്യത്തില്‍ ഉറച്ചു നില്‍ക്കുകയും അതിന്റെ പ്രചാരണത്തിനും പ്രബോധനത്തിനും ജീവധനാദികള്‍ സമര്‍പ്പിക്കുകയും ചെയ്‌ത ആ ന്യൂനപക്ഷമുണ്ടല്ലോ, അവരാണ്‌ യഥാര്‍ഥത്തില്‍ ആ പരീക്ഷയിലെ വിജയികള്‍. അതിന്റെ ശുഭകരമായ പര്യവസാനം അവര്‍ പരലോകത്ത്‌ കാണാനിരിക്കുകയാണ്‌.ഇക്കാര്യം മനുഷ്യനെ ഭൂമുഖത്ത്‌ നിയോഗിച്ച നിമിഷം തന്നെ പടച്ചതമ്പുരാന്‍ ഒട്ടും അവ്യക്തതയില്ലാത്ത ഭാഷയില്‍ പറഞ്ഞുതന്നിട്ടുള്ളതുമാണ്‌. ``നിങ്ങള്‍ക്ക്‌ എന്നില്‍ നിന്ന്‌ മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍, ആര്‍ ആ മാര്‍ഗദര്‍ശനത്തെ പിന്തുടരുന്നുവോ അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല. എന്നാല്‍ നമ്മുടെ ദൃഷ്‌ടാന്തങ്ങളെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരോ, അവരാകുന്നു നരകാവകാശികള്‍. അതിലവര്‍ ശാശ്വതമായി വസിക്കും'' (അല്‍ബഖറ 38,39).
 
ഈ യാഥാര്‍ഥ്യത്തെക്കുറിച്ച്‌ കൂടുതല്‍ ആലോചിച്ചാല്‍, സത്യവാഹകരുടെ ഡ്യൂട്ടി അസത്യത്തെ തകര്‍ത്ത്‌ തല്‍സ്ഥാനത്ത്‌ സത്യത്തെ പ്രതിഷ്‌ഠിക്കലല്ല എന്ന്‌ നിങ്ങള്‍ക്ക്‌ വ്യക്തമാവും. യഥാര്‍ഥ ഉത്തരവാദിത്വം ഇതാണ്‌: അസത്യത്തെ തകര്‍ക്കുന്നതിനും സത്യത്തെ പകരം കൊണ്ടുവരുന്നതിനും നിയമാനുസൃതവും അനുയോജ്യവുമായ രീതിയില്‍ കഴിവിന്റെ പരമാവധി ശ്രമങ്ങള്‍ വ്യയം ചെയ്യുക; അതില്‍ ഒരു വീഴ്‌ചയും വരുത്താതിരിക്കുക. ഈ ശ്രമങ്ങളാണ്‌ അല്ലാഹുവിന്റെ അടുക്കല്‍ വിജയത്തിന്റെയും പരാജയത്തിന്റെയും മാനദണ്ഡം നിശ്ചയിക്കുന്നത്‌. ഈ ശ്രമങ്ങളില്‍ ഒരു വീഴ്‌ചയും വരുത്തിയിട്ടില്ല എങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ മനുഷ്യന്‍ വിജയശ്രീലാളിതനാണ്‌; ഈ ലോകത്ത്‌ അസത്യത്തെ കവച്ചുവെക്കുന്നതിനോ ശിഥിലമാക്കുന്നതിനോ, പിശാചിന്റെ കക്ഷികള്‍ക്ക്‌ പോറലേല്‍പിക്കുന്നതിന്‌ പോലുമോ അവന്‌ കഴിഞ്ഞില്ലെങ്കില്‍ പോലും.
 
പലപ്പോഴും സത്യപ്രബോധകര്‍ക്ക്‌ ഇങ്ങനെയും തോന്നാം: ഇത്‌ ദൈവത്തിങ്കല്‍ നിന്ന്‌ നേരിട്ട്‌ അവതരിച്ച ദീനാണ്‌, ആ ദീനിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിന്‌ വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌, ആ ദീനിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെ ധിക്കരിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നിട്ടും ഈ ധര്‍മധിക്കാരികള്‍ക്ക്‌ മേല്‍ക്കൈ ലഭിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ദൈവാജ്ഞക്ക്‌ വിധേയരായി ജീവിക്കുന്ന സദ്‌ജനങ്ങള്‍ പീഡനങ്ങള്‍ക്ക്‌ ഇരയാകുന്നത്‌ എന്തുകൊണ്ടാണ്‌? മേല്‍ പറഞ്ഞ വസ്‌തുതകളെക്കുറിച്ച്‌ ഒന്നുകൂടി ആലോചിച്ചാല്‍ ഈ ചോദ്യങ്ങള്‍ക്ക്‌ സ്വയം തന്നെ നിങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ കഴിയും. മനുഷ്യനെ പരീക്ഷിക്കാന്‍ വേണ്ടി അവന്‌ നല്‍കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ അനിവാര്യഫലമെന്നോണം ഉണ്ടാവേണ്ട ഒന്നാണ്‌ ഈ അവസ്ഥയെന്ന്‌ അപ്പോള്‍ നിങ്ങള്‍ക്ക്‌ ബോധ്യപ്പെടും.
 
അല്ലാഹുവിനെ അനുസരിച്ചും അവന്‌ വിധേയപ്പെട്ടും മാത്രം കഴിയുന്ന, അവനെ ഒരിക്കലും ധിക്കരിക്കാത്ത ഒരു വിഭാഗത്തെ സൃഷ്‌ടിക്കണമെന്നാണ്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അത്തരമൊരു മനുഷ്യവര്‍ഗം ഇവിടെ ഉണ്ടാകുമായിരുന്നു; പൂര്‍ണവിധേയത്വത്തോടെ കഴിയുന്ന മൃഗങ്ങള്‍, മരങ്ങള്‍, പര്‍വതങ്ങള്‍, നദികള്‍ എന്നിവയെപ്പോലെ തന്നെ. പക്ഷേ, അങ്ങനെയാവുമ്പോള്‍ അതിലൊരു പരീക്ഷ നടക്കുന്നില്ലല്ലോ. വിജയിച്ചതിന്റെ പേരില്‍ സ്വര്‍ഗത്തില്‍ ഇടം കൊടുക്കുന്നതിനോ പരാജയപ്പെട്ടതിന്റെ പേരില്‍ നരകത്തില്‍ എറിയുന്നതിനോ അപ്പോള്‍ യാതൊരു അര്‍ഥവുമുണ്ടാകില്ല. അങ്ങനെയൊരു ചോദ്യം തന്നെ അപ്രസക്തമായിത്തീരും.
 
ഈ രീതി ഒഴിവാക്കി മനുഷ്യവര്‍ഗത്തിലെ ഓരോ വ്യക്തിയെയും പരീക്ഷിക്കണമെന്നാണ്‌ അല്ലാഹു തീരുമാനിച്ചിരിക്കുന്നത്‌. അങ്ങനെ പരീക്ഷിക്കണമെങ്കില്‍ അത്തരം ഒരു പരീക്ഷക്ക്‌ വേണ്ട സ്വാതന്ത്ര്യവും തെരഞ്ഞെടുക്കാനുള്ള അവകാശവും അവന്‌ നല്‍കണം. ഇങ്ങനെ നല്‍കി കഴിഞ്ഞാല്‍ പിന്നെ, അതിക്രമികളെ പരാജയപ്പെടുത്താനും സദ്‌കര്‍മികളെ വിജയിപ്പിക്കാനും അല്ലാഹു ബലപ്രയോഗത്തിലൂടെ ഇടപെടുന്നത്‌ സംഭവ്യമല്ലല്ലോ. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തില്‍ സത്യത്തിന്റെയും അസത്യത്തിന്റെയും വാഹകരും പൊതുസമൂഹവും (ഇതില്‍ മുസ്‌ലിം ജനസാമാന്യവും പെടും) എല്ലാം പരീക്ഷയെ നേരിടുകയാണ്‌. വിശ്വാസികളുടെ മനക്കരുത്തും അധര്‍മികളുടെ ഹുങ്കും അല്ലാഹു നന്നായി അറിയുന്നുണ്ട്‌. എന്നാല്‍, പരീക്ഷയുടെ അന്തസ്സത്തക്ക്‌ നിരക്കാത്ത ഒരിടപെടല്‍ അല്ലാഹു നടത്തുകയില്ല.
 
ഈ പരീക്ഷാലയത്തില്‍ സത്യവാഹകരുടെ പരീക്ഷ, അവര്‍ സത്യത്തെ വിജയിപ്പിക്കുന്നതില്‍ അവരുടെ ജീവധനാദികള്‍ എത്രത്തോളം അര്‍പ്പിക്കാന്‍ തയാറാകുന്നുണ്ട്‌ എന്നതിലാണ്‌. തങ്ങള്‍ ശക്തിപകരുന്നത്‌ ആര്‍ക്ക്‌, സത്യവാഹകര്‍ക്കോ അസത്യവാഹകര്‍ക്കോ? ഇതാണ്‌ പൊതുജനം നേരിടുന്ന പരീക്ഷ. അസത്യത്തെയും അധര്‍മത്തെയും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ഏതറ്റം വരെ പോകും എന്നാണ്‌ ധിക്കാരികളായ ജനം പരീക്ഷിക്കപ്പെടുന്നത്‌. അപ്പോള്‍ ഈ തുറന്ന പോരാട്ട വേദിയില്‍, സത്യത്തിന്റെ ആളുകള്‍ക്ക്‌ തിരിച്ചടി നേരിടുമ്പോള്‍ അതിന്റെ അര്‍ഥം അവര്‍ പരാജയപ്പെട്ടുവെന്നോ, അല്ലാഹു തന്റെ ദീന്‍ അതിജയിക്കപ്പെടുന്നത്‌ സ്വസ്ഥനായി കണ്ടിരിക്കുകയാണെന്നോ അല്ല. മറിച്ച്‌, കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടുന്ന സത്യവാഹകര്‍ തങ്ങളുടെ ത്യാഗങ്ങള്‍ കാരണമായി കൂടുതല്‍ കൂടുതലായി മാര്‍ക്ക്‌ നേടുന്നുവെന്നും, ധിക്കാരികളും അധര്‍മികളും തങ്ങളുടെ പരിണതി വളരെ അപായകരമായ ഒരു ഗര്‍ത്തിലേക്ക്‌ കൊണ്ടെത്തിക്കുന്നുവെന്നും മാത്രമാണ്‌.
 
ഈ പരീക്ഷയില്‍ നിന്ന്‌ മുസ്‌ലിംകള്‍ ഒഴിവാക്കപ്പെടുമെന്ന്‌ ആരും ധരിച്ച്‌ പോകരുത്‌. മുസ്‌ലിം എന്നു പേരുണ്ടായാല്‍ തന്നെ പരീക്ഷ ജയിച്ചു എന്നും തെറ്റിദ്ധരിക്കരുത്‌. വിശ്വാസി, അവിശ്വാസി, ധിക്കാരി, വഴിപ്പെടുന്നവന്‍, വഴിപ്പെടാത്തവന്‍, കപടന്‍ ഇങ്ങനെ എല്ലാ തരത്തിലുള്ള മനുഷ്യരും പരീക്ഷയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്‌. എന്ത്‌ പറഞ്ഞു എന്നതല്ല, എന്ത്‌ ചെയ്‌തു എന്നതാണ്‌ അവിടെ വിധിതീര്‍പ്പിന്‌ പരിഗണിക്കപ്പെടുന്ന മുഖ്യ സംഗതി. കാനേഷുമാരി പട്ടിക നോക്കിയല്ല അവിടത്തെ ഫലം പ്രഖ്യാപിക്കുന്നത്‌; ഓരോ വ്യക്തിയുടെയും ഓരോ വിഭാഗത്തിന്റെയും ഓരോ സമൂഹത്തിന്റെയും കര്‍മപുസ്‌തകം നോക്കിയാണ്‌.
 

 
(റസാഇല്‍ വമസാഇല്‍, അഞ്ചാം ഭാഗം 327-331)
 

0 comments :

Post a Comment