---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, April 7, 2011

പിന്നാമ്പുറം... 2

ജനനവും ബാല്യവും

മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലെ അതിപുരാതനവും വിശാലവുമായ വലിയ പറമ്പില്‍ തറവാട്ടിലെ പുല്ലംപറമ്പില്‍ മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കറിന്‍റെയും പാലക്കാട് ജില്ലയിലെ കൊപ്പം പഞ്ചായത്തിലെ രായിരനെല്ലൂര്‍ പ്രദേശത്തെ കുളമ്പില്‍ മൊയ്തുട്ടിയുടെ മകള്‍ റുഖിയയുടെയും മക്കളില്‍ നാലാമനായി 1976 ല്‍ ഒക്ടോബര്‍ 16 നു ഞാന്‍ ഭൂജാതനായി.എനിക്ക് മൂന്ന് സഹോദരിമാരും(സൌദ, സുമയ്യ, ഫൌസിയ) ഒരു സഹോദരനുമാണുള്ളത്(യൂനുസ്).എന്‍റെ പേര്‍ മുഹമ്മദ് അല്ലാ ബക്‌ഷ് എന്നാണ്."ബക്‌ഷ് എടയൂര്‍" എന്ന പേരില്‍ അറിയപ്പെടുന്നു.



ഒരുനോക്കു കണ്ടാല്‍ വീണ്ടും വീണ്ടും നോക്കിപ്പോകുന്ന വെളുത്ത് തടിച്ച, ചുവന്നു തുടുത്ത കവിളുകളുള്ള സുന്ദര കുട്ടപ്പന്‍. പ്രായം രണ്ടു വയസ്സിനു താഴെ.മാരകമായ വസൂരി പിടിപെടുകയും ഡോക്ടര്‍മാര്‍ കയ്യൊഴിയുകയും ചെയ്ത പൈതല്‍. രോഗം മൂര്‍ഛിച്ചതു കാരണം കുട്ടിക്കു മുല കൊടുക്കരുതെന്നും കൂടെ കിടത്തെരുതെന്നും മാതാപിതാക്കല്‍ക്ക് വൈദ്യശാസന. എന്‍റെ കുട്ടി മരിക്കുകയാണെങ്കില്‍ ഞാനും മരിച്ചോട്ടെ എന്ന നിലപാടില്‍ വൈദ്യശാസന വകവെക്കാതെ എന്‍റെ ഉമമ എന്നെ മുലയൂട്ടുകയും കൂടെ കിടത്തുകയും ചെയ്തു. ശരീരമാസകലം മുറിവുള്ളതു കൊണ്ടും, മുറിവില്‍നിന്നും നീരു ഒലിച്ചിറങ്ങുന്നതു കൊണ്ടും വിരിപ്പില്‍ കിടത്താന്‍ കഴിയാത്തതു കൊണ്ട് വാഴ ഇല വിരിച്ച് അതില്‍ ആര്യവേപ്പില വിതറിയിട്ടാണേത്രെ എന്നെ കിടത്തിയിരുന്നത്. എല്ലാവരുടെയും പ്രാത്ഥനയുടെ ഫലമായും എനിക്കു ആയുസ്സുള്ളതുകൊണ്ടും ദൈവ ക്ര്പയാല്‍ ആ മാരകരോഗത്തില്‍ നിന്നും ഞാന്‍ മോചിതനായി.

ഞാനും എന്‍റെ സഹോദരി സുമയ്യയും രണ്ട് വസ്സിന്‍റെ വ്യത്യാസം മാത്രമാണുള്ളത്. അതു കൊണ്ട് തന്നെ അവള്‍ക്ക് കിട്ടേണ്ട സ്നേഹം കൂടി എനിക്കു കിട്ടി.കാരണം എനിക്കു പിടിപ്പെട്ട വസൂരി തന്നെ. ഉമമ അവളെ ശ്രദ്ദിക്കാത്തിനാല്‍ അവള്‍ക്ക് എന്നോട് ശത്രുതയായിരുന്നുവെത്രേ. അവള്‍ മടവാളുമായി വന്നു "നിന്‍റെ കുട്ടിയെ ഞാന്‍ കൊല്ലും...നിന്‍റെ കുട്ടിയുടെ മുട്ടാണി ഞാന്‍ മുറിക്കും" എന്നൊക്കെ ഉമമയോട് പറഞ്ഞു അവള്‍ എന്‍റെ അടുക്കലേക്കു വരുമായിരുന്നു വെത്രെ.അവള്‍ എന്നെ എന്തെങ്കിലും ചെയ്യുമോയെന്ന് പേടിച്ച് ഉമ്മ അവളെ ജനാലയില്‍ കെട്ടിയിടുമായിരുന്നു.

ചെറുപ്പത്തില്‍ എല്ലായ്പ്പോഴും പുല്ലംപറമ്പിലായിരുന്നു ഞാന്‍.എന്‍റെ വല്ലിപ്പയുടെ തനി പകര്‍പ്പാണു ഞാന്‍ എന്നാണു എല്ലാവരും പറയുന്നത്.അതുകൊണ്ട് തന്നെ അദ്ദേഹത്തിനു എന്നോട് വലിയ സ്നേഹമായിരുന്നു.വേലക്കാരി ലക്ഷ്മി അമ്മയെ കാലത്തുതന്നെ ഞങ്ങള്‍ താമസിക്കുന്ന പത്തായ പുരയിലേക്ക് വല്ലിപ്പ പറഞ്ഞയക്കും. എന്തിനെന്നോ...? പുല്ലംപറമ്പിലേക്ക് എന്നെയും കൂട്ടി കൊണ്ടുപോകാന്‍.ഈ ലക്ഷ്മി അമ്മ എനിക്ക് അമ്മയായിരുന്നു.ഇന്നും ഞാന്‍ അവരെ അമ്മ എന്നാണു വിളിക്കാറുള്ളത്. ഞാന്‍ പുല്ലംപറമ്പിലേക്ക് ചെല്ലുമ്പോഴേക്കും കെണിവെച്ചു അണ്ണാറകണ്ണന്‍മാരെ വല്ലിപ്പ പിടിച്ചിട്ടുണ്ടാകും.എളീമ നല്ല വെളിച്ചെണ്ണയില്‍ അതു പോരിച്ചെടുത്തിട്ടും ഉണ്ടാകും. അഞ്ചു വയസ്സായപ്പോഴേക്കും കുറേ അണ്ണാറകണ്ണന്‍മരെ ഈയുള്ളവന്‍ അകത്താക്കിയിട്ടുണ്ട്.

പുല്ലംപറമ്പിനടുത്താണ്‍ മസ്ജിദുല്‍ ഇലാഹി.പള്ളിയിലെ ബങ്ക് വിളിക്കാരനായിരുന്നു വെഷ്ണംപാറ മുഹമ്മദ്.അദ്ദേഹത്തെ ഞാന്‍ "ബാങ്കുബിമ്മദാക്കാ" എന്നായിരുന്നു വിളിച്ചിരുന്നത്.അദ്ദേഹത്തിന്‍റെ ബാങ്കുവിളിയാണെത്രെ എന്‍റെ ഭക്ഷണ സമയം.ബാങ്കു കേട്ടാല്‍ "ബാങ്കുബി മ്മാ.. മാമ്യുട്ട്യീ.." എന്നു പറഞ്ഞു ചോറിനു കരയുമായിന്നുവെത്രെ.പലരും ഇതു പറഞ്ഞ് ഇപ്പോളും എന്നെ കളിയാക്കാറുണ്ട്.

ഞാന്‍ നല്ല അനുസരണമുള്ള കുട്ടിയായിരുന്നു എന്നതിനു ഒരു തമാശ പറയാം.ഉമ്മ കുളിക്കാന്‍ പേയിരിക്കുകയാണ്.ഞാന്‍ പൂമുഖത്ത് ഉമമരപ്പടിയില്‍ കുത്തിയിരിക്കുകയാണ്.അപ്പുറത്തെ വീട്ടിലെ അമ്മായി വന്ന്(ഉപ്പയുടെ അമ്മായിയാണ്. ഞങ്ങളും അമ്മായിയെന്നാണു വിളിക്കാറ്) എന്താ ബക്‌ഷേ,.... ഇജ്ജ് ഒറ്റക്കിരിക്കുന്നത്? ഇമ്മ എവിടെ പോയ്...? എന്നു ചോദിച്ചു. ഇമ്മ കുളിക്കാന്‍ പോയിരിക്കാണന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അമ്മായി : എന്നാ അമ്മായിടെ കുട്ടി ഒറ്റക്കിബിടെ ഇരിക്കണ്‍ടാ... അങ്ങോട്ട് പോര്...ഞാന്‍: ഇല്ല,എന്നോട് ഇമ്മ ഇബെടെ കുത്തിരിക്കാനാണു പറഞ്ഞിരിക്കുന്നത്. ഉമമയുടെ കുളി കഴിഞ്ഞ് വരുന്നതു വരെ ഞാന്‍ ആ ഉമ്മരപ്പടിയില്‍ കുത്തിയിരുന്നു. ഉമ്മ വന്നപ്പോള്‍ അമ്മായി ഉമ്മയോട്: അന്‍റെ മകന്‍ നല്ല അനുസരണമുള്ളോനാണ്. ഇബെടെ ഒറ്റക്കിരിക്കേണ്ടാന്നുബെച്ച് ഞാന്‍ ഓനോട് അങ്ങോട്ട് പോരാന്‍ പറഞ്ഞപ്പോള്‍ ഓന്‍ പറഞ്ഞ ബര്‍ത്താനം, ഇജ്ജിബ്ടെ കുത്തിരിക്കാനാണു പറഞ്ഞതെന്നാണ്. അമ്മായി മരിക്കുന്നതു വരെ എന്നെ കണ്ടാല്‍ ഇതു പറഞ്ഞു ചിരിക്കു മായിരുന്നു.

പൊതുവെ എന്‍റെ സ്വഭാവമാണ്‍ വിളിച്ചാല്‍ വിളികേള്‍ക്കാതിരിക്കുക എന്നത്.(ഇപ്പോഴും ഞാന്‍ അങ്ങിനെ തന്നെയാണ്). ഒന്നോ രണ്ടോ തവണ വിളിച്ചാലൊന്നും ഞാന്‍ വിളിക്കേള്‍ക്കില്ല. ഈ ഒരു സ്വഭാവദൂഷ്യത്തിനു ഉമ്മാന്‍റെ അടുത്തുനിന്നും കുറെ അടി വാങ്ങിച്ചിട്ടുണ്ട്. ഉമ്മ നമസ്ക്കരിക്കാന്‍ പോയിരിക്കുകയാണ്. ഞങ്ങളുടെ തൊടിയില്‍ ഒരു കുളമുണ്ടായിരുന്നു. വെള്ളം നിറഞ്ഞു നില്‍ക്കുകയാണ്. ഉമ്മയുടെ നമസ്ക്കാരം കഴിഞ്ഞു വന്നപ്പോഴേക്കും എന്നെ കാണനില്ല. തിരച്ചിലോട് തിരച്ചില്‍. അവസാനം കുളത്തില്‍ ചെന്നു നോക്കിയപ്പോള്‍ അവിടെ വെള്ളത്തില്‍ കുത്തിയിരുന്നു കളിക്കുകയാണ്.അല്‍പ്പം കൂടി കഴിഞ്ഞാണു ഉമ്മ കുളത്തില്‍ വന്നു നോക്കുന്നതെങ്കില്‍ ആ കുളത്തില്‍ ഞാന്‍ മുങ്ങി താണേനേ...

പ്രായം അഞ്ചു വയസ്സ്. ഞാന്‍ ഉമ്മയുടെ വീട്ടിലാണ്. കര്‍ക്കിടകം മാസം. ഇടതോരാതെ പെയ്തു കോണ്ടിരിക്കുകയാണു മഴ.കൂടെ പരിവാരങ്ങളുമായി ഇടിയും മിന്നലും. ഞാനും എന്‍റെ ചെറിയ സഹോദരി ഫൌസിയയും ഉമ്മയുടെ സഹോദരിയുടെ മക്കളായ റൈഹാനയും അബ്ദുല്‍ ബാരിയും കൂടി പൂമുഖത്തിരുന്നു കളിചുകൊണ്ടിരിക്കുകയാണ്.കുറെ ചിരട്ടകളും മല്ലിക പൂക്കളും ചെമ്പരത്തി പൂക്കളും ഉണ്ട് ഞങ്ങളുടെ പക്കല്‍. പെട്ടെന്ന് മഴക്ക് ശകതികൂടി.കൂടെ വന്നു ശക്തിയേറിയ ഒരു മിന്നല്‍.അതിലേറെ ശക്തിയോടെ ഇടിയും. ഞങ്ങള്‍ നാലു പേരും കൂടി ഒരൊറ്റ നിലവിളി.പിന്നീട് ഞങ്ങളുടെ ശബ്ദം കേള്‍ക്കാനില്ല.എന്‍റെ കുട്ട്യോള്...എന്ന് നിലവിളിച്ചു കൊണ്ട് വല്ലിമമയും ഉമ്മയും വന്നപ്പോള്‍ ഞങ്ങള്‍ നാലു പേരുംകൂടി കെട്ടിപ്പിടിച്ച് കിടക്കുകയാണ്.ഞങ്ങള്‍ ആരും ഒന്നും മിണ്ടുന്നില്ല.അവിടുന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞാണേലോ ഞങ്ങള്‍ കണ്ണു തുറന്നതും സംസാരിക്കാന്‍ തുടങ്ങിയതും.അല്‍പ്പം കഴിഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോള്‍ കണ്‍ടത് മുറ്റത്തു നില്‍ക്കുന്ന കരിമ്പന ആളികത്തുനനതാണ്. അന്നു മുതല്‍ക്ക് എനിക്ക് ഇടിയും മിന്നലും പേടിയാണ്. ഇന്നും ഇടിയും മിന്നലും ഉണ്ടാകുമ്പോള്‍ ഞാന്‍ ചെവിയും പൊത്തി കണ്ണടച്ചിരിക്കാറാണ്‍ പതിവ്.
(ബാല്യകാല സ്മരണകള്‍ തുടരും...)

അടുത്ത ലക്കം എന്‍റെ വിദ്യാഭ്യാസവും ജോലിയും...

2 comments :

SAJEED K said...

ലളിത സുന്ദരമായ വിവരണം. ഇനിയും നന്നായി എഴുതാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ

കൂതറHashimܓ said...

നന്നായി പറഞ്ഞു

Post a Comment