---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Monday, April 4, 2011

പിന്നാമ്പുറം...

കുടുബ ചരിത്രം
മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലെ മൂന്നാക്കല്‍,പൂക്കാട്ടിരി,അത്തിപറ്റ എന്നീ സ്ഥലങ്ങളിലും മറ്റു പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന അതിപുരാതനവും വിശാലവുമായ ഒരു കുടുംബമാണ്‍ "വലിയ പറമ്പില്‍" കുടുംബം.
അറിഞ്ഞിടത്തോളം ഈ കുടുംബത്തിലെ ആദ്യപിതാമഹന്‍ "ആലിയാമു" എന്ന പേരിലാണ്‍ അറിയപ്പെടുന്നത്.ഇദ്ദേഹം 1850 കളില്‍ കോഴിക്കോട് ചാലിയത്തു നിന്നും പൂക്കാട്ടിരിയില്‍ വന്ന് താമസിച്ചതായി രേഖകളില്‍ നിന്നും മനസ്സിലാകുന്നു.ഇദ്ദേഹത്തിനു കുഞ്ഞിപോക്ക എന്ന പോക്കാമ,കുഞ്ഞാലി,കുഞ്ഞാലി കുട്ടി എന്നിങ്ങിനെ മൂന്ന് പേരായിരുന്നു മക്കള്‍.ഈ കുഞ്ഞാലി, കുഞ്ഞാലി കുട്ടി എന്നിവരെ വലിയ കുഞ്ഞാലിയെന്നും ചെറിയ കുഞ്ഞാലിയെന്നുമായിരുന്നു അറിയപ്പെട്ടിരുന്നത്.


വലിയ കുഞ്ഞാലിയും ചെറിയ കുഞ്ഞാലിയും അന്നത്തെ കലക്ട്ടറെ വെടിവെച്ചു കൊന്ന് നാടു വിട്ടുപോയി എന്നൊരു വാമൊഴി എന്‍റെ കുടുമ്പത്തിലെ മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയാണെന്ന് പറയുവാന്‍ കഴിയില്ല. കാരണം, 1855 ല്‍ അന്നത്തെ മലബാര്‍ കലക്ടരായിരുന്ന "കനോലി"യെ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയ ചരിത്രം "മലബാര്‍ മാന്വലില്‍" കാണുന്നുണ്ട്. അതില്‍ ആ മൂന്നാളുകളുടെ പേരുകളും പറയുന്നുണ്ട്. എന്നാല്‍ കുഞ്ഞാലിയുടെയും കുഞ്ഞാലി കുട്ടിയുടെയും പേരുകള്‍ അതില്‍ പരാമര്‍ശിക്കുന്നില്ല.എന്നിരുന്നാലും ഈ ക്ര്ത്യനിര്‍വഹണത്തിനു പ്രേരണ നല്‍കി സഹായിച്ചത് രണ്ട് മാപ്പിളമാരായിരുന്നു എന്നതില്‍ പറയുന്നുണ്ട്. ഇവരെ പിന്നീട് നല്ല നടപ്പിനു ശിക്ഷിച്ച് നാട് വിട്ടുപോകാന്‍ കല്‍പ്പിച്ചു എന്നാണ്‍ കാണുന്നത്. അതുകൊണ്ട് മുതിര്‍ന്നവര്‍ പറഞ്ഞ വാമൊഴിയും ഈ പുസ്തകത്തിലെ വരമൊഴിയും കൂട്ടി വായിച്ചാല്‍ ഈ സഹോദരന്‍മാരായിരിക്കാം അതെന്നു അനുമാനിക്കാം.

മേല്‍പറഞ്ഞ സംഭവം നടക്കുന്നത് 1855 ലാണ്.ഇവര്‍ നാടുവിട്ട് പോയതിനു ശേഷം ഇവരുടെ ബാപ്പയും ഞങ്ങളുടെ പിതാമഹനുമായ ആലിയാമു ജീവിച്ചിരുന്നതായി കാണാന്‍ കഴിയുന്നുണ്ട്. 1863 ല്‍ ഇദ്ദേഹത്തിന്‍റെ വലിയ മകന്‍ കുഞ്ഞിപോക്കയും തമ്പിമാരും കൂടി (തമ്പിമാര്‍ എന്നു പറയുന്നത് കുഞ്ഞാലി, കുഞ്ഞാലി കുട്ടി എന്നിവരുടെ മക്കളായിരിക്കാം) അന്നത്തെ ഭൂവുടമകളായ ഏറാടിമാരിന്‍നിന്നും ഒട്ടനവധി ഭൂമികള്‍ വാങ്ങിയതായി രേഖകള്‍ കാണുന്നുണ്ട്.ഈ വസ്തുക്കള്‍ക്ക് അന്നത്തെ വിലയായി കൊടുത്തിട്ടുള്ളത് 7,000 പുതുപ്പണമാണ്.(ഒരു ചെറിയ സ്വര്‍ണ്ണ നാണയമാണ്‍ ഒരു പുതുപ്പണം).ഇതില്‍ പറയപ്പെടുന്ന പല ഭൂമികളും ഞങ്ങളുടെ കുടുംബത്തിലെ പലരുടെയും കൈകളില്‍ ജന്മസ്വത്തായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ രേഖകളില്‍ ഞങ്ങളുടെ മേല്‍വിലാസം കൊടുത്തിട്ടുള്ളത് "ചാലിയം മുതലായ തിരൂരങ്ങാടി കുടി പതികളില്‍ പൊന്മിലകത്ത് ചെറുപറമ്പത്ത് വലിയ പറമ്പില്‍ ആലിയാമു" എന്നാണ്. ഇതില്‍ നിന്നും ചാലിയവുമായി ഇദ്ദേഹത്തിനുള്ള ബന്ധം നമുക്കു മനസ്സിലാക്കാം.

ഇതു പോലെത്തന്നെ 1885 ല്‍ പോക്കാമു മക്കളായ മമ്മദ് കുട്ടി,കുഞ്ഞിപോക്കര്‍,മൊയ്തുട്ടി,കുഞ്ഞാലി,ആലിയാമു,കുട്ടി മൊയ്തീന്‍ മകന്‍ കുട്ടി മൊയ്തീന്‍ എന്നിങ്ങിനെ ആറു പേര്‍ ചേര്‍ന്ന് ഭാഗിച്ചെടുത്ത ഒരു രേഖയും കാണാന്‍ കഴിഞ്ഞിട്ടുണ്ട്.ഇത്രയും രേഖകള്‍ മാത്രമാണു എന്‍റെ കുടുമ്പത്തിന്‍റെ പൂര്‍വ്വചരിത്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കിട്ടിയിട്ടുള്ളത്.ഇതു പൂര്‍ണ്ണമല്ല.ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

ആലിയാമുവിന്‍റെ മക്കളില്‍ പോക്കാമയുടെ മകനായ കുഞ്ഞിപോക്കറിന്‍റെ മകന്‍ പോക്കാമുട്ടി ഹാജിയുടെ മകന്‍ മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കറിന്‍റെ മകക്കളില്‍ നാലാമനാണു ഞാന്‍. എന്‍റെ മകള്‍ ഐഷാ നിദാ....

തുടരും....അടുത്ത ലക്കം എന്‍റെ ബാല്യം...

1 comments :

baksh edayur said...

1840-ല്‍ മലബാര്‍ കളക്ടറായി വന്ന സമര്‍ത്ഥനായ ഒരു യൂറോപ്യന്‍ ഉദ്യോഗസ്ഥനായിരുന്നു എച്ച്.വി. കനോലി. മലബാറിലെ പുഴകളെ തമ്മില്‍ തോടുകള്‍ വെട്ടി ബന്ധിപ്പിച്ച് ജലഗതാഗത മാര്‍ഗ്ഗം വികസപ്പിച്ചത് ഇദ്ദേഹമാണ്. എലത്തൂര്‍ പുഴയേയും കല്ലായി പുഴയേയും ബന്ധിപ്പിച്ച് 1848-ല്‍ പണി പൂര്‍ത്തിയായ കനോലി കനാല്‍ ഇവിടുത്തെ വികസനത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിലമ്പൂരിലെ കനോലി തേക്ക് തോട്ടം വെച്ചു പിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആണ്. 1855-ല്‍ മലബാറിലെ കലാപകാരികളാല്‍ വധിക്കപ്പെട്ടു..

Post a Comment