---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Tuesday, August 3, 2010

ഞാനും തീവ്രവാദിയാണ്


വി.ആര്‍ കൃഷ്ണയ്യര്‍
മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും മറ്റു പൊതു സാമൂഹിക പ്രസ്ഥാനങ്ങളെയുമൊക്കെ തന്നെ സൂക്ഷ്മതയോടെ വേണം കുറ്റപ്പെടുത്താനും നിയന്ത്രിക്കാനും. എല്ലാം നിയന്ത്രിക്കണം എന്നു പറഞ്ഞാല്‍ ഇതുതന്നെയാണ് ബ്രിട്ടീഷുകാരുടെ കാലത്തും നടന്നത്. ഇപ്പോള്‍ തന്നെ, ഈ രാജ്യത്ത് മാവോയിസ്റുകാരെ സംശയിക്കുന്നു. നക്സലൈറ്റുകാരെ സംശയിക്കുന്നു. മുതലാളിത്ത രാജ്യങ്ങള്‍ മാര്‍ക്സിസ്റുകാരെ സംശയിക്കുന്നു. മാര്‍ക്സിസ്റുകാരെ സംശയിക്കുന്നത് ശരിയാണ് എന്നാണോ അഭിപ്രായം? ശരിയല്ല. അങ്ങനെ പൊതുവില്‍ എല്ലാ സ്ഥാപനങ്ങളെയും സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യാവകാശ സംഘടനകളെ ഒരു കാലത്തും സംശയിക്കാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. അങ്ങനെയാണെങ്കില്‍ എന്നെയും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഞാനും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നു. ഈശ്വരാ! സുപ്രീം കോടതിയെ സംശയിക്കണം. കാരണം, മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ഏറ്റവും അധികം സംഭാവനകള്‍ നല്‍കുന്നത് സുപ്രീം കോടതിയാണ്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന ഗവണ്‍മെന്റിനെ നിലക്ക് നിര്‍ത്തുന്നത് സുപ്രീം കോടതിയാണ്. അപ്പോള്‍ സുപ്രീം കോടതി മനുഷ്യാവകാശ പ്രസ്ഥാനമാണ് എന്ന കാര്യത്തില്‍ സംശയമേ ഇല്ല. ഭരണഘടനയെ തന്നെ സംശയിക്കണം. കാരണം, മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന രേഖ ഭരണഘടനയാണല്ലോ. ഭരണഘടനയെ സംശയിച്ചാല്‍ കോടതിയെ സംശയിക്കണം. മന്ത്രിമാരെയും സംശയിക്കണം. അതുകൊണ്ട് ഇങ്ങനെ മൊത്തത്തില്‍ പറയുന്നത് ശരിയല്ല.
തീവ്രവാദം, തീവ്രവാദം എന്നു പറയുന്നുണ്ടല്ലോ. എങ്ങനെയാണ് മനുഷ്യന്‍ തീവ്രവാദിയാകുന്നത്? വെറുതെ ഒരാള്‍ സുഖിച്ചിരിക്കുക, പാല്‍ പായസം കഴിച്ചു കൊണ്ടിരിക്കുക. മറ്റെയാള്‍ പട്ടിണി കിടക്കുക. അപ്പോള്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നവന്‍ മറ്റവന്റെ കണ്ണില്‍ തീവ്രവാദിയാകും. ഇതു ശരിയല്ല. ഈ രാജ്യത്ത് തീവ്രവാദികളെ സൃഷ്ടിക്കുന്നത്, മാവോയിസ്റുകളെ സൃഷ്ടിക്കുന്നത്, നക്സലൈറ്റുകളെ സൃഷ്ടിക്കുന്നത് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങളാണ്. ഈ രാജ്യത്തെ ദരിദ്ര കുചേലന്മാരാണ് വാസ്തവത്തില്‍, നക്സലൈറ്റും തീവ്രവാദികളുമൊക്കെയാവുന്നത്. ഇതു തോക്കു കൊണ്ടോ ഗവണ്‍മെന്റിന്റെ നിയന്ത്രണം കൊണ്ടോ നിലക്കില്ല. അന്യോന്യം തീവ്രവാദ പദപ്രയോഗം കൊണ്ടൊന്നും നടക്കില്ല. വാസ്തവത്തില്‍ വേണ്ടത് നീതി പാലനമാണ്. മനുഷ്യാവകാശം എന്നു പറയുമ്പോള്‍ മനുഷ്യന് ജീവിക്കാനുള്ള അവകാശം. അതായത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം. അന്തസ്സോടെ ജീവിക്കണമെങ്കില്‍ ആദ്യം ഭക്ഷണം കിട്ടണം. ശ്വസിക്കാനുള്ള വായു പോലുമില്ല ഈ രാജ്യത്ത്. വായു മലിനമായി കിടക്കുന്നു. വെള്ളം മലിനമായി കിടക്കുന്നു. ഭക്ഷണം മലിനമായി കിടക്കുകയാണ്. ഈ രാജ്യത്ത് കിട്ടുന്ന ഒട്ടേറെ സാധനങ്ങള്‍ മലിനമാണ്. ഈ മലിനമാക്കുന്ന ആളുകളെയാണ് സൂക്ഷിക്കേണ്ടത്. അതല്ലാതെ എല്ലാവരും തീവ്രവാദികളാണ്, സൂക്ഷിക്കണം, നിയന്ത്രിക്കണം എന്നൊക്കെ പറയുന്നത് ശരിയല്ല. പ്രത്യേകിച്ച് മാര്‍ക്സിസ്റ് പാര്‍ട്ടിയിലെ ഒരു നേതാവ് അങ്ങനെ പറയുമ്പോള്‍. യേശു ദേവന്‍ പറഞ്ഞത് അയല്‍ക്കാരനെ സ്നേഹിക്കണം എന്നാണെങ്കില്‍, രാഷ്ട്രീയ നേതൃത്വം ഇപ്പോള്‍ (കോടിയേരി) പറയുന്നത് അയല്‍ക്കാരനെ സൂക്ഷിക്കണം, ഭയക്കണം, തീവ്രവാദിയായേക്കും എന്നാണ്. ഇതൊന്നും ശരിയല്ല.
അധ്യാപകന്റെ കൈ വെട്ടിയ പോലുള്ള സംഭവങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ല. ആ സംഭവത്തില്‍ സര്‍ക്കാരിനേക്കാളും മന്ത്രിയേക്കാളും ശക്തമായി ഞാനതിനെ എതിര്‍ക്കുന്നു. സംസ്കാരം മൃഗീയമാം വിധം അധഃപതിച്ചിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. രാഷ്ട്രീയത്തിന്റെ പേരിലാണ് അധഃപതിച്ചു പോയിരിക്കുന്നത്. അതുകൊണ്ടാണ് മാര്‍ക്സിസ്റ് രാഷ്ട്രീയത്തെ കോണ്‍ഗ്രസ്സുകാര്‍ എതിര്‍ക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മാര്‍ക്സിസ്റുകാര്‍ എതിര്‍ക്കുന്നത്. ഈ രണ്ടു രാഷ്ട്രീയത്തെയും ബി.ജെ.പിക്കാര്‍ എതിര്‍ക്കുന്നത്. രാഷ്ട്രീയമാണ് ഈ രാജ്യത്തിന് ദ്രോഹം മുഴുവന്‍ ചെയ്യുന്നത് (അതു സമ്മതിക്കുമോ ഹോം മിനിസ്റര്‍?). ഈ അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിന്റെ കാരണം അന്വേഷിച്ചാല്‍ തന്നെ മനസ്സിലാക്കാന്‍ കഴിയും, അതിന്റെ പിന്നില്‍ രാഷ്ട്രീയം ആണ് എന്ന്. തീവ്രവാദത്തിന്റെ പേരിലാണ് ആ മനുഷ്യന്‍ കൈക്കും കാലിനും വെട്ടേറ്റ് ആശുപത്രിയില്‍ കിടക്കുന്നത്. ആശുപത്രിയിലേക്ക് ഞാന്‍ വിളിച്ചു പറഞ്ഞു, എങ്ങനെയെങ്കിലും അയാളെ രക്ഷിക്കണമെന്ന്.
ജമാഅത്തെ ഇസ്ലാമി തീവ്രവാദമാണെങ്കില്‍ മുസ്ലിം ലീഗും തീവ്രവാദം തന്നെ. ജവഹര്‍ ലാല്‍ നെഹ്റു ഒരിക്കല്‍ ചത്ത കുതിര എന്നു വിളിച്ചു ലീഗിനെ. മുസ്ലിം ലീഗ് തീവ്രവാദമാണെന്നു പലരും പറയും. മുസ്ലിം ലീഗ് ഹിന്ദുത്വ സംഘടനകളെ പറ്റി പറയും തീവ്രവാദികളാണെന്ന്.
ജമാഅത്തെ ഇസ്ലാമി പവര്‍ ചെയ്യുന്ന എഫ്.ഡി.സി.എ, ഞാനംഗമായുള്ള സംഘടനയാണ്. ഞാനറിഞ്ഞേടത്തോളം എഫ്.ഡി.സി.എ ജനങ്ങളുടെ ഇടയില്‍ യോജിപ്പുണ്ടാക്കാനാണ് നോക്കുന്നത്. മതങ്ങള്‍ക്കിടയില്‍ വൈരത്തിന് പകരം സൌഹാര്‍ദമുണ്ടാക്കാനാണ് നോക്കുന്നത്. അതുകൊണ്ട് അത്തരം സംഘടനകള്‍ ഈ രാജ്യത്തിന് ആവശ്യമാണ്. ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന ഒന്നാണത്. വെറുതെ കുറ്റം പറഞ്ഞ് അന്യോന്യം വഴക്കടിക്കുകയല്ല വേണ്ടത്. തീവ്രവാദാരോപണങ്ങള്‍ കൊണ്ട് ഒരു കാര്യവുമില്ല. നേരെ മറിച്ച് ആരോഗ്യകരമായ സമീപനം എഫ്.ഡി.സി.എയോടും മറ്റു സംഘടനകളോടും വേണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇങ്ങനെ പദപ്രയോഗമല്ല നമുക്ക് വേണ്ടത്. ക്ഷേമം സൃഷ്ടിക്കാന്‍ ആവശ്യമായ നടപടികള്‍ നടപ്പില്‍ വരുത്തുകയാണ്.
വിലക്കയറ്റമുണ്ടാക്കുന്നവരാണ് തീവ്രവാദികള്‍. ജനങ്ങളുടെ ചോര കുടിക്കുന്ന രീതിയില്‍ വില കയറുന്നു. അതിനെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് നടപടിയെടുക്കുന്നില്ല. എന്തുകൊണ്ട് അവര്‍ അധികാരം ഉപയോഗിക്കുന്നില്ല? ബ്രിട്ടീഷുകാര്‍ പോലും ഒന്നും രണ്ടും ലോകയുദ്ധകാലത്ത് വില നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കി. ഇവരനങ്ങുന്നില്ല. 2000 രൂപയുടെ മരുന്ന് 20000 രൂപക്ക് വില്‍ക്കുമ്പോള്‍ നമ്മുടെ മന്ത്രിമാര്‍ തീവ്രവാദം, തീവ്രവാദം എന്നു പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. അതൊന്നും വിജയിക്കില്ല. ജനങ്ങളതിനെ തിരിച്ചറിയും. സൂക്ഷിച്ചു പ്രയോഗിക്കണം ഇത്തരം വാക്കുകള്‍.
കക്ഷി രാഷ്ട്രീയം തന്നെയാണ് ഈ രാജ്യത്തിന്റെ ഉപദ്രവം. കക്ഷി രാഷ്ട്രീയം കൊണ്ട് എല്ലാവരെയും തീവ്രവാദികളാക്കുകയാണ്. ആളുകള്‍ക്ക് നിരാശയാണ് ഇപ്പോള്‍. എന്തു പറഞ്ഞാലും എന്തു നോക്കിയാലും അതില്‍ രാഷ്ട്രീയം കൊണ്ടുവരും. വെള്ളം കുടിക്കുക എന്നു പറഞ്ഞാല്‍ രാഷ്ട്രീയമായി. കൊക്കക്കോള രാഷ്ട്രീയമായി. വായു മലിനമായി എന്നു പറയുമ്പോള്‍ അതില്‍ രാഷ്ട്രീയമായി. പുഴയും മണലും എല്ലാം രാഷ്ട്രീയം കൊണ്ട് മലിനമായി. ഭക്ഷണത്തിന് നാരങ്ങയോ ചായപ്പൊടിയോ പോലും വാങ്ങാനാവുന്നില്ല. എല്ലാം മലിനമാക്കിയിരിക്കുകയാണ്. ആരോഗ്യകരമായ രീതിയില്‍ എല്ലാവരും യോജിച്ചു കൊണ്ട് ചില പൊതു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ജിവിക്കാനുള്ള അവകാശം യാഥാര്‍ഥ്യമാവുകയുള്ളൂ.

(Prabodhanam Weekly_7.8.2010)
തയാറാക്കിയത്: മുഹ്സിന്‍ പരാരി.

0 comments :

Post a Comment