സര്‍ക്കാര്‍ ജീപ്പില്‍ പത്രാസില്‍ ചമഞ്ഞിരുന്നുപോകുന്ന ഫോറസ്റ്റ് ഓഫീസറെ കണ്ട് അതാകാന്‍ കൊതിച്ച ഒരു പ്രീഡിഗ്രിക്കാരനുണ്ടായിരുന്നു എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജില്‍. ആ മോഹം പൂവണിയിക്കാന്‍ കാര്‍ഷിക കോളജില്‍ പ്രവേശനത്തിനായി ഒരു ശിപാര്‍ശ കത്ത് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയെവരെ കണ്ടു നോക്കി ആ വിദ്യാര്‍ഥി. അപേക്ഷിച്ചു നോക്കു യോഗ്യതയുണ്ടെങ്കില്‍ കിട്ടുമെന്നായിരുന്നു സി.എച്ചിന്റെ മറുപടി. അന്ന് ആ കത്ത് കൊടുക്കാതിരുന്ന സി.എച്ചിന് മലയാള സിനിമ നന്ദി പറയണം. അല്ലെങ്കില്‍ കൊച്ചിന്‍ ഹനീഫ എന്ന തുല്യതയില്ലാത്ത നടന്‍ മലയാള സിനിമക്ക് മുതല്‍ക്കൂട്ടാകുമായിരുന്നില്ല.
നടനായും സംവിധായകനായും തിരക്കഥാകൃത്തായും മൂന്ന് പതിറ്റാണ്ട് ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന കൊച്ചിന്‍ ഹനീഫ മരണത്തിന്റെ നിഴലിലേക്ക് നടന്നുമറയുമ്പോള്‍ ആകാരംകൊണ്ടും അഭിനയശേഷികൊണ്ടും ഏത് ആള്‍ത്തിരക്കിന്റെ നടുവിലും തലയെടുപ്പോടെ നിന്ന മറ്റൊരു നടന്റെ നഷ്ടം പേറുകയാണ് ദക്ഷിണേന്ത്യന്‍ സിനിമാ ലോകം.
പ്രേംനസീറും ജയനും സോമനും സുകുമാരനുമൊക്കെ കത്തിനിന്ന കാലത്ത് ചെറുചെറു വേഷങ്ങളിലൂടെ അഭിനയത്തിന്റെ പടവുകളില്‍ പിച്ചവെച്ചു കയറിയ ഹനീഫ ഒരു നടനെന്ന നിലയിലെ വികാസക്ഷമതയുടെ കൂടി ഉദാഹരണമായിരുന്നു.
സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദത്തിന് പഠിക്കുന്ന കാലത്ത് പി.എസ്. വിജയന്‍ സംവിധാനം ചെയ്ത 'അഴിമുഖം' എന്ന ചിത്രത്തിലെ ബോട്ട് ഡ്രൈവര്‍ ആയിട്ടായിരുന്നു അഭിനയത്തിന്റെ ആദ്യ പടിയില്‍ ഹനീഫ കാലെടുത്തു കുത്തിയത്. മധുവും ജയഭാരതിയുമായിരുന്നു മുഖ്യ കഥാപാത്രങ്ങള്‍. എം.ജി.ആറിനെയും ശിവാജി ഗണേഷനെയും അനായാസം അനുകരിക്കാനുള്ള തന്റെ കഴിവാണ് ആദ്യ സിനിമയിലേക്ക് വഴിതെളിച്ചതെന്ന് ഹനീഫ എപ്പോഴും പറയുമായിരുന്നു. ഡൊമിനിക് പ്രസന്റേഷന്‍ ചെയര്‍മാനായ കോളജ് യൂനിയനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആര്‍ട്സ് ക്ലബ് സെക്രട്ടറിയാകാന്‍ ഹനീഫയെ സഹായിച്ചത് തന്നിലെ കലാകാരനായിരുന്നു. അന്ന് ഹനീഫയുടെ സീനിയറായിരുന്നു ജോര്‍ജ് ഈഡന്‍.
ഫോര്‍ട്ടു കൊച്ചിയിലെ ആലിങ്കല്‍പറമ്പില്‍ ബീരാന്റെ മകന്‍ മുഹമ്മദിന്റെ മകനായി 1951 ഏപ്രില്‍ 22 നാണ് സലീം അഹമ്മദ് ഘൌഷ് എന്ന കൊച്ചിന്‍ ഹനീഫ ജനിച്ചത്. നാടകത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സ്വീകരിച്ചാണ് അദ്ദേഹം ഹനീഫയായി മാറുന്നത്. പിന്നീടത് കൊച്ചിന്‍ ഹനീഫയായി.
വിദ്യാര്‍ഥിയായിരിക്കെ നാടകത്തിലും മിമിക്രിയിലും മോണോ ആക്ടിലുമൊക്കെ കാഴ്ചവെച്ച മികവുകള്‍ ഹനീഫയിലെ കലാകാരനെ വളര്‍ത്തിയെടുത്തു. കേരള യൂനിവേഴ്സിറ്റിയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഹനീഫ തുടര്‍ച്ചയായി അഞ്ചു വര്‍ഷവും സെന്റ് ആല്‍ബര്‍ട്സിന്റെ മികച്ച നടനായിരുന്നു.
സിനിമ മോഹവുമായി മദിരാശി പട്ടണത്തില്‍ വന്നിറങ്ങിയ ഹനീഫ തമിഴിലെയും മലയാളത്തിലെയും സിനിമക്കാരുടെ ഇഷ്ട സുഹൃത്തായി മാറി. നവോദയയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'മാമാങ്ക'ത്തില്‍ സാമൂതിരിയുടെ പടയാളികളില്‍ ഒരാളായി വേഷമിട്ട ഹനീഫയെ ആരും ശ്രദ്ധിച്ചിരിക്കാനിടയില്ല. ആദ്യകാലത്ത് ലഭിച്ച ചെറിയ ചെറിയ വേഷങ്ങളായിരുന്നെങ്കിലും അത് മികച്ചതാക്കാന്‍ ഹനീഫ ശ്രദ്ധിച്ചിരുന്നു. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജയവും. ജയന്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ച 'ആവേശ'ത്തിലെ ജയന്റെ സഹതടവുകാരനായി ഹനീഫ കാഴ്ചവെച്ച അഭിനയം അന്നേ സംവിധായകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശക്തി, മൂര്‍ഖന്‍ എന്നീ ചിത്രങ്ങളിലും ചെറുറോളുകളില്‍ പ്രത്യക്ഷപ്പെട്ട ഹനീഫ തന്റെ സാന്നിധ്യം മെല്ലെ ഉറപ്പിക്കുകയായിരുന്നു. പരുക്കന്‍ ഭാവവും വഷളത്തരവുമൊക്കെയുള്ള കഥാപാത്രങ്ങളായിരുന്നു ഹനീഫ അക്കാലങ്ങളില്‍ ചെയ്തിരുന്നത്. എന്നാല്‍ ഹനീഫ എന്ന സാദാ വില്ലന്‍ നടന്റെ അഭിനയത്തില്‍ ഏറ്റവും വഴിത്തിരിവുണ്ടാക്കിയ കഥാപാത്രം 'കിരീട'ത്തിലെ ഹൈദ്രോസായിരുന്നു. പുറംപൂച്ചില്‍ ധീരനും അക്രമിയും ഗുണ്ടയുമെന്ന് തോന്നിപ്പിക്കുമെങ്കിലും ഉള്ളിന്റെയുള്ളില്‍ അങ്ങേയറ്റം പേടിത്തൊണ്ടനായ ആ കഥാപാത്രത്തെ അസാമാന്യമായ പാടവത്തോടെയായിരുന്നു കൊച്ചിന്‍ ഹനീഫ അഭിനയിച്ച് വിജയിപ്പിച്ചത്. വരിഞ്ഞു മുറുകിയ കഥാഗതിയില്‍ ഹൈദ്രോസിന്റെ മാനറിസങ്ങള്‍ ഉയര്‍ത്തിയ ചിരി പിന്നെ തിയറ്റര്‍ വിട്ടുപോയില്ല. ഹൈദ്രോസിന്റെ ഛായയുള്ള നിരവധി കഥാപാത്രങ്ങള്‍ പിന്നെ ഹനീഫയെത്തേടി നടന്നു. കിരീടത്തിന്റെ രണ്ടാം ഭാഗമായ 'ചെങ്കോലി'ല്‍ വീണ്ടും ഹൈദ്രോസ് രംഗപ്രവേശം ചെയ്തു. 'മാന്നാര്‍ മത്തായി സ്പീക്കിംഗി'ലെ എല്‍ദോയിലൂടെയും 'ആറാം തമ്പുരാനി'ലെ ഗുണ്ടയിലൂടെയും ഹൈദ്രോസ് തന്നെ മറ്റ് വേഷങ്ങളില്‍ പുനരവതരിപ്പിക്കുകയായിരുന്നു. ''കുത്തി കൊടലെടുക്കും... പന്നീ...'' എന്ന ഹൈദ്രോസിന്റെ പഞ്ച് ഡയലോഗ് ഉല്‍സവ പറമ്പുകളിലെ മിമിക്രിക്കാരുടെ ഇഷ്ട നമ്പറായി. ജനാര്‍ദനന്‍, രാജന്‍.പി.ദേവ്, ഭീമന്‍ രഘു തുടങ്ങിയ വില്ലന്‍മാരില്‍നിന്ന് കൊമേഡിയന്‍മാരായി രംഗം കീഴടക്കിയ നടന്‍മാരില്‍ മുമ്പനായിരുന്നത് കൊച്ചിന്‍ ഹനീഫ തന്നെയായിരുന്നു.
കിരീടത്തിനു ശേഷം മലയാള സിനിമയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത നടനായി ഹനീഫ മാറി. അവതരിപ്പിച്ചതില്‍ പലതും ഒരേ ഛായയുള്ള കഥാപാത്രങ്ങള്‍ ആയിരുന്നെങ്കിലും അതിനെല്ലാം സവിശേഷമായ ആ ഹനീഫ ടച്ചുണ്ടായിരുന്നു. ഉള്ളിലൊരു പേടിത്തൊണ്ടനെ ഒളിപ്പിച്ച് പുറമേ വായാടിത്തം വിളമ്പി വമ്പ് നടിക്കുന്ന ശരാശരി മലയാളിയുടെ സ്വത്വത്തെയായിരുന്നു ഹനീഫയുടെ കഥാപാത്രങ്ങള്‍ പ്രതിനിധീകരിച്ചത്. ആ കഥാപാത്രങ്ങളിലേക്ക് മണ്ടത്തത്തിന്റെ അംശങ്ങളും കൂടിച്ചേര്‍ത്ത കഥാപാത്രങ്ങളിലേക്ക് പിന്നീട് ആ നടന്‍ മാറി.
അഭിഭാഷകനെയോ പൊലീസ് ഉദ്യോഗസ്ഥനെയോ ഡോക്ടറെയോ പട്ടാളക്കാരനെയോ ഹനീഫ അവതരിപ്പിക്കുമ്പോള്‍ അയാളെ അല്‍പം മണ്ടനാക്കി അവതരിപ്പിക്കാന്‍ തിരക്കഥാകൃത്തുക്കള്‍ മറന്നില്ല. 'ഈ പറക്കും തളിക'യിലെ വീരപ്പന്‍ കുറുപ്പ് എന്ന ആര്‍.ടി.ഓഫിസറും 'അരയന്നങ്ങളുടെ വീട്ടി'ലെ അഭിഭാഷകനും 'മിഷന്‍ നൈന്റി ഡേയ്സി'ലെ ഡോക്ടറും 'പത്ര'ത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ സഭാപതിയുമെല്ലാം വിഡ്ഢിത്തംകൂടി ഉള്ളില്‍ പേറുന്ന കഥാപാത്രങ്ങളായിരുന്നു.
ഹനീഫയിലെ നടന്റെ വൈഭവം പുറത്തെടുത്ത സിനിമയായിരുന്നു ലോഹിതദാസ് സംവിധാനം ചെയ്ത 'സൂത്രധാര'നിലെ മണി അങ്കിള്‍. അസാമാന്യമായ നിയന്ത്രണത്തോടെ കാഴ്ചവെച്ച ആ അഭിനയ മികവിന് 2001ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1999ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും ഹനീഫക്ക് കിട്ടിയിരുന്നു. അതിനിടയില്‍ കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത 'സി.ഐ. മഹാദേവന്‍ അഞ്ചടി നാലിഞ്ച്' എന്ന ചിത്രത്തില്‍ ഹനീഫ നായകനുമായി. 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ ആനക്കാരന്‍, ഫാന്റം പൈലിയിലെ കപ്യാര്, സത്യം ശിവം സുന്ദരത്തിലെ അന്ധഗായകന്‍, ബാംബു ബോയ്സിലെ മാക്കൂ, കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കലന്തന്‍ ഹാജി, അനന്തഭദ്രത്തിലെ മറവി മത്തായി തുടങ്ങിയ ശ്രദ്ധേയമായ വേഷങ്ങളില്‍ ഹനീഫ നിറഞ്ഞാടി. ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'ദുബായി'യിലെ വിക്ടര്‍ സെബാസ്റ്റ്യന്‍ എന്ന മുഴുനീള വില്ലന്‍ വേഷത്തിലൂടെ ഹനീഫ ഒരു മടങ്ങിപ്പോക്കും നടത്തി. ഒടുവില്‍ കളങ്കങ്ങളില്ലാത്ത ലോകത്തേക്ക് യാത്ര പോകുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആ ചിരി ബാക്കിയാകുന്നു; നിറസൌഹൃദത്തിന്റെ ഭാവസമ്പന്നതയുള്ള ചിരി.
Wednesday, February 3, 2010 madhyamam
കെ.എ. സൈഫുദ്ദീന്‍
0 comments :
Post a Comment