സിനിമയില്‍ നമ്മള്‍ ഹനീഫക്കയുടെ വേഷങ്ങള്‍ ഒരുപാട് കണ്ടു. ജീവിതത്തില്‍ പക്ഷേ മൂപ്പര്‍ക്ക് ഒരേയൊരു വേഷമേ ഉണ്ടായിരുന്നുള്ളൂ.സ്നേഹ സമ്പന്നന്റെ ഒരേ ഒരു വേഷം. വില്ലനും ഹാസ്യനടനും കുടുംബനാഥനും ജ്യേഷ്ഠനുമൊക്കെയായി സിനിമയില്‍ നിറഞ്ഞാടുമ്പോഴും എല്ലാവരുടെയും ഇഷ്ടം നേടിയ കളങ്കമില്ലാത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെ ജീവിത വേഷം. ഏറെ ആളുകളെ ആകര്‍ഷിക്കുന്ന ആ സ്വഭാവം സിനിമയുടെ പച്ചപ്പില്‍ തിമിര്‍ക്കുമ്പോഴും അദ്ദേഹത്തിന് കാത്തുസൂക്ഷിക്കാനായി. ചെന്നെത്തിയ ഇടങ്ങളിലെല്ലാം വലിയ സൌഹൃദ സംഘത്തെ സൃഷ്ടിക്കാന്‍ ഇത് കാരണമായി.
ഇത്ര പെട്ടെന്ന് ഹനീഫക്ക പോകുമെന്ന് സ്വപ്നത്തില്‍പോലും കരുതിയതല്ല. എന്നെ ഏറ്റവും അധികം വ്യക്തിപരമായി സ്വാധീനിച്ച വ്യക്തികൂടിയാണ് അദ്ദേഹം. എന്റെ സഹോദരന്‍ ശരീഫുമൊത്ത് അദ്ദേഹം അവതരിപ്പിച്ച നാടകങ്ങളാണ് കലയുടെ മുകുളങ്ങള്‍ മനസ്സില്‍ മുളപ്പിക്കുന്നത്. തുടര്‍ന്ന് എന്റെ സിനിമാ സംരംഭങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്ന അദ്ദേഹം മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങി എന്റെ പല സിനിമകളിലും അഭിനയിച്ചു. ഒടുവില്‍ സംവിധാനം ചെയ്ത ബോഡി ഗാര്‍ഡിലും അദ്ദേഹത്തിന്റെ അഭിനയസാക്ഷ്യമുണ്ട്.
എന്നും മനസ്സില്‍ കല സൂക്ഷിച്ചിരുന്ന അദ്ദേഹം വ്യക്തിബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു. എന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. വീട്ടിലെ എല്ലാ മംഗള കര്‍മങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം പതിവാണ്. വാപ്പയുടെ ഏറ്റവും അടുത്ത സുഹൃത്തായ മുഹമ്മദിന്റെ മകനായിരുന്ന ഹനീഫക്ക വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. മുഹമ്മദിക്കായുടെ മരണശേഷവും വാപ്പയെ കാണുന്നതിനായി വീട്ടില്‍ പതിവായി വന്നിരുന്നു ഇക്ക.
വ്യക്തിപരമായി എന്ത് കാര്യത്തിനും എപ്പോഴും സമീപിക്കാന്‍ കഴിയുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. ഏത് പാതിരാത്രിയും എന്ത് ആവശ്യവുമായി ചെന്നാലും സഹായങ്ങള്‍ ചെയ്യുമായിരുന്നു. അഞ്ച് സഹോദരന്മാരും മൂന്ന് സഹോദരിമാരും അടക്കം എല്ലാവരുടെയും കാര്യങ്ങള്‍ നന്നായി നോക്കിയിരുന്നു മൂപ്പര്‍. ഇപ്പോഴും സഹോദരങ്ങള്‍ കൂട്ടുകുടുംബമായി പുല്ലേപ്പടിയിലെ എ.ബി മന്‍സിലില്‍ കഴിയുന്നത് ആ സ്നേഹത്തണലിലാണ്. ആരോടും കയര്‍ക്കാതെ, സൌഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച് ജീവിതത്തില്‍ എളിമയെ സ്വീകരിച്ചതിനാലാവും അദ്ദേഹം ഏവര്‍ക്കും സ്വീകാര്യനായത്. കൊച്ചിന്‍ ഹനീഫ എന്ന നടന് പകരം വെക്കാന്‍ മറ്റൊരാളില്ല. സവിശേഷമായ ശരീര ചലനത്തോടെ പ്രത്യേക ശൈലിയിലെ ഭാഷണത്തോടെയുള്ള അഭിനയ പാടവം മറ്റാര്‍ക്കും സാധ്യമല്ല. കൊച്ചിന്‍ ഹനീഫക്ക് മുമ്പ് അദ്ദേഹത്തിന് സമാനമായ നടനില്ലാത്തത് പോലെ അദ്ദേഹത്തിന് ശേഷവും ആ ഇടം ഒഴിഞ്ഞുകിടക്കും. അഭിനയത്തിന്റെ മാസ്മരികത അതിഭാവുകത്വമില്ലാതെ പ്രതിഫലിപ്പിച്ച അപൂര്‍വം നടന്മാരില്‍ ഒരാളാണ് അദ്ദേഹം. മനസ്സില്‍ കലാബോധം നിറഞ്ഞുനില്‍ക്കുന്നതിനാലാവും സംവിധായകന്‍ നല്‍കുന്ന വേഷങ്ങളെ വളരെ ലാഘവത്തോടെ അവതരിപ്പിച്ച് അദ്ദേഹം മാറിനില്‍ക്കുന്നത്.
എന്നും മനസ്സില്‍ കഥ സൂക്ഷിച്ച് സിനിമ സംവിധാനം ചെയ്യുന്നതിന് ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന് സമയക്കുറവായിരുന്നു വിഘാതമായി നിന്നത്. ഒരു പടത്തില്‍നിന്ന് മറ്റൊരു പടത്തിലേക്ക് അഭിനയവുമായി മുന്നേറുമ്പോള്‍ തന്റെ സിനിമകള്‍ പിന്നീട് ചെയ്യാമെന്ന് വെക്കുകയായിരുന്നു. ആരെയും പിണക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ നല്‍കുന്ന വേഷങ്ങള്‍ ഒക്കെ ഏറ്റെടുക്കുകയായിരുന്നു. ഇതുപക്ഷേ, അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതികളെ ബാക്കിയാക്കി. അന്യ ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച അദ്ദേഹം ഒടുവില്‍ തമിഴില്‍ അവസരങ്ങള്‍ ഏറെ ലഭിച്ചപ്പോള്‍ ചെന്നൈയിലേക്ക് സ്വയം പറിച്ചുനടുകയായിരുന്നു. എന്നാല്‍, ഇടക്കിടെ കൊച്ചിയിലെ പുല്ലേപ്പടിയിലുള്ള വീട്ടിലെത്തി കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം കൊച്ചിയിലെ സൌഹൃദം നുകരുകയും ചെയ്തിരുന്നു.
വിട്ടകലാത്ത നൊമ്പരമായി ഈ വേര്‍പാട് എന്നും മനസ്സിലുണ്ടാകും. പല ആയുസ്സിലേക്ക് നീട്ടിയിടാവുന്ന സ്നേഹം ബാക്കിവെച്ചാണ് ഞങ്ങള്‍ കുറേ പേരുടെ ഈ വല്ല്യക്ക പോയി മറയുന്നത്.
Wednesday, February 3, 2010 madhyamam
സിദ്ദീഖ് ( സംവിധായകന്‍)
0 comments :
Post a Comment