---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Saturday, October 5, 2013

അടുക്കളയില്‍ നിന്നും അടുക്കളയിലേക്ക്...

ആമുഖം

അനുദിനം വര്‍ദ്ധിച്ചു വരുന്ന മാലിന്യങ്ങളെ യഥാ സമയം സംസ്കരിക്കാതെ അലക്ഷ്യമായി വലിച്ചെറിയുമ്പോഴാണ് അത് മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി തീരുന്നത്. മാലിന്യത്തില്‍ നിന്നും ഉണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ ഹൃസ്വകാല പ്രതിഭാസമാണെങ്കില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന ആഗോള താപ ഉയര്‍ച്ച പോലുള്ള പ്രതിഭാസങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മാലിന്യങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുന്ന നിസ്സംഗത നിറഞ്ഞ സമീപനം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അടുത്ത തലമുറയുടെ ജീവിതം ഇതിലും ദുസ്സഹമായിത്തീരും
ശുചിത്വമുള്ള സമൂഹത്തിനു മാത്രമേ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ നിത്യേനയുണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ വിധത്തില്‍ സംസ്കരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ശരിയായ വിധത്തില്‍ ശുചിത്വം നിലനിര്‍ത്താന്‍ കഴിയാത്തത്

സമീപനം


എന്തായിരിക്കണം മാലിന്യങ്ങളോടുള്ള സമീപനം. മാലിന്യങ്ങള്‍ എത്ര വേഗം സംസ്കരിക്കാന്‍ കഴിയുന്നോ അത്രയും ലഘുവായിരിക്കും മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ പരിഹാരവും. അതിന് മാലിന്യങ്ങള്‍ ഉണ്ടാകുന്ന സ്ഥലത്ത് തന്നെ അവ സംസ്കരിക്കുന്നതിനുള്ള വികേന്ദ്രീകൃത സംസ്കരണ പദ്ധതികളായിരിക്കും ഏറെ ഗുണകരം. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഒരുമിച്ച് കൂട്ടിക്കലര്‍ത്തിയ ശേഷം അവയെ തരം തിരിക്കുന്നതിനു പകരം, വ്യത്യസ്ഥ ‘ബിന്നു‘ കളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന സംസ്കാരം നാം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. മാലിന്യങ്ങളില്‍ മുഖ്യ പങ്കുള്ള ജൈവ മാലിന്യങ്ങളെ പരിസ്ഥിതി മലിനീകരണം കൂടാതെ സംസ്കരിച്ച് ജൈവോര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ ജൈവ വാതക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താവുന്നതാണ്

ലക്ഷ്യം


നമ്മുടെ വീടും പരിസരവും ഒരു മലിന്യമുക്ത പ്രദേശമാക്കി മാറ്റുക
 പാചകവാതകപ്രശ്നം പരിഹരിക്കുക
ജൈവ പച്ചക്കറിക്കൃഷി പ്രോല്‍സാഹിപ്പിക്കുക

മാലിന്യങ്ങള്‍ രണ്ടു വിധത്തില്‍പ്പെടുന്നു


ജീര്‍ണിക്കുന്ന ജൈവ മാലിന്യങ്ങളും പ്ളാസ്റിക്, ഗ്ളാസ്, ലോഹങ്ങള്‍ മുതലായ ജീര്‍ണിക്കാത്ത അജൈവ മാലിന്യങ്ങളും. ജൈവമാലിന്യങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ , പഴം-പച്ചക്കറി-മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ , പക്ഷി മൃഗാദികളുടെ കാഷ്ടം, മനുഷ്യ വിസര്‍ജ്യം എന്നിവയാണ് ഗുരുതരമായ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നത്. ഇവയെ ശാസ്ത്രീയമായി സംസ്കരിക്കാന്‍ കഴിഞ്ഞാല്‍ നാം അഭിമുഖീകരിക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍ക്ക് വലിയ ഒരളവോളം പരിഹാരമാകും

പോര്‍ട്ടബ്ള്‍ ബയോഗ്യാസ് പ്ലാന്‍റ്

(ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക)
ഗാര്‍ഹിക മാലിന്യങ്ങള്‍  കേന്ദ്രീകൃതമായി സംസ്കരിക്കുന്നത് എളുപ്പമല്ല. അതുകൊണ്ട്  അവരവരുടെ മാലിന്യങ്ങള്‍ അവരവര്‍ തന്നെ സംസ്കരിക്കുന്ന ഒരു സംസ്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്നതും കാര്യക്ഷമമായതും സ്ഥലസൌകര്യം കുറഞ്ഞവര്‍ക്കുപോലും അനുയോജ്യവും ആയ പോര്‍ട്ടബ്ള്‍ ബയോഗ്യാസ് പ്ളാന്റുകള്‍ വളരെ കുറഞ്ഞ ചെലവില്‍ നമുക്കു തന്നെ രൂപകല്‍പ്പന ചെയ്യാവുന്നതാണ്.അത്തരത്തിലുള്ള ഒരു പ്ളാന്‍റിന്‍റെ മോഡലാണ്‍ മുകളില്‍ കൊടുത്തിരിക്കുന്നത്

അടുക്കളയില്‍ നിന്നും അടുക്കളയിലേക്ക്


(ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക)
അടുക്കളയില്‍ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങള്‍, പച്ചക്കറി അവശിഷ്ടം, പഴകിയ പാകംചെയ്തതോ അല്ലത്തതോ ആയ ഭക്ഷണസാധനങ്ങള്‍, തേയിലക്കൊത്ത്, കേടായ പാലും പാലുത്പന്നങ്ങളും എന്നുവേണ്ട എല്ലാ ജൈവമാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി പാചകവാതകമായും ബയോഗ്യാസ് പ്ലാന്‍റില്‍ നിന്നും ലഭിക്കുന്ന ജൈവ വളമായ ബയോഗ്യാസ് സ്ലറി നമ്മുടെ അടുക്കള തോട്ടത്തിലെ പച്ചക്കറികള്‍ക്ക് വളമായി ഓഴിച്ചു കൊടുത്തല്‍ കീട നാശനികളില്ലാത്ത പച്ചക്കറികളും നമുക്കു നമ്മുടെ അടുക്കളയിലെക്കു തന്നെ തിരിച്ചെത്തിക്കാം

നേട്ടങ്ങള്‍

 .ജൈവമാലിന്യ സംസ്കരണം വികേന്ദ്രീകൃതമായി നടപ്പാക്കാന്‍ കഴിയുന്നു

 .ജൈവമാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുന്നു

 വീട്ടിലും പരിസരത്തും വലിച്ചെറിയുനന മാലിന്യങ്ങളും കന്നുകാലികളുടെയും പക്ഷിമൃഗാദികളുടെയും കാഷ്ഠവും ശാസ്ത്രീയമായി സംസ്കരിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും സാധിക്കുന്നു

 ജൈവവാതക പ്ളാന്റില്‍ നിന്നു സൌജന്യമായി ലഭിക്കുന്ന ജൈവവാതകം പാചകവാതകമായി ഉപയോഗിക്കുന്നതുവഴി പാചക ഇന്ധനത്തിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കാനും തന്മൂലം സാമ്പത്തികലാഭം ഉണ്ടാക്കാനും സാധിക്കുന്നു

 ജൈവവാതകത്തോടൊപ്പം പ്ളാന്റില്‍ നിന്നു ലഭിക്കുന്ന ജൈവവളം വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷിക്കോ പൂച്ചെടിക്കൃഷിക്കോ ഉപയോഗിക്കുന്നതുവഴി രാസവളങ്ങളുടെയും മറ്റും ഉപയോഗം കുറയ്ക്കാനും ഗുണമേന്മയുള്ള പച്ചക്കറികളും പഴങ്ങളും പൂക്കളും മറ്റും സ്വന്തം വീട്ടില്‍ ഉത്പാദിപ്പിക്കാനും കഴിയുന്നു.

0 comments :

Post a Comment