---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, December 5, 2012

ബാബറി മസ്‌ജിദ്‌...


ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ 400 വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന ആരാധനാലയമാണ്‌ ബാബറി മസ്‌ജിദ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ആദ്യ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്നു. ബാബറി മസ്ജിദ് ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്‌ജിദായി പരിവര്‍ത്തി‍പ്പിക്കപ്പെട്ടതാണെന്ന ഒരു വിശ്വാസം നിലവിലുണ്ട്. ഇക്കാരണത്താലുള്ള തര്‍ക്കം മൂലം ആരാധനാലയം ഏറെക്കാലം അടച്ചിട്ടിരിക്കുകയായിരുന്നു. തര്‍ക്കം, നിയമത്തിനു മുമ്പില്‍ പരിഹാരമാവാതെ കിടക്കുകയായിരുന്നതിനാല്‍ "തര്‍ക്കമന്ദിരം" എന്ന വാക്കാണ് ഈ ആരാധനാലയത്തെക്കുറിച്ച് പരാമര്‍ശിക്കുവാന്‍ ഉപയോഗിച്ചിരുന്നത്.

1940 ന്‍ മുമ്പ് 'മസ്‌ജിദ്-ഇ-ജന്മസ്ഥാന്‍' എന്നായിരുന്നു അറിയപ്പെട്ടിരുന്നത് തകര്‍ക്കപ്പെടുന്നതിന് മുന്‍പ്, ഉത്തരപ്രദേശത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്ന ഇത്, ബാബറുടെ നിര്‍ദ്ദേശപ്രകാരം ഒരു രാമക്ഷേത്രം തകര്‍ത്താണ് 'മിര്‍ ബക്ഷി' നിര്‍മ്മിച്ചത് എന്ന് ബ്രിട്ടീഷ് ഓഫീസര്‍ എച്ച്.ആര്‍.നെവില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിഭജിച്ചു ഭരിക്കല്‍ നയത്തിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം വിഭജനത്തിനും സംഘട്ടനത്തിനുമായാണ് ഈ റിപ്പോര്‍ട്ടെന്നും അഭിപ്രായമുണ്ട്.

സ്ഥലത്തിന്‍ മേലുള്ള തര്‍ക്കം.
ഈ സ്ഥലത്തിന്‍മേലുള്ള തര്‍ക്കത്തിന്‍ ആദ്യമായി രേഖപ്പെടുത്തിയ ഹിന്ദു-മുസ്ലീം ലഹള നടന്നത് 1853-ല്‍ നവാബ് വാജിദ് അലി ഷായുടെ ഭരണകാലത്താണ്. ഹിന്ദുക്കളിലെ ഒരു വിഭാഗമായ നിര്മോഹി, ഈ മന്ദിരം, ക്ഷേത്രം തകര്‍ത്ത സ്ഥലത്താണ് ഇരിക്കുന്നത് എന്ന് അവകാശപ്പെട്ടു. അക്രമങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഇതോടനുബന്ധിച്ച് ഉണ്ടായതിനെ തുടര്‍ന്ന് അന്നത്തെ ഭരണകൂടം അവിടെ ക്ഷേത്രം പണിയാനും ആരാധനക്കും വിലക്ക് ഏര്‍പ്പെടുത്തി.
1905-ല്‍ ഫൈസാബാദിലെ ജില്ലാ ഗസ്റ്ററുടെ അഭിപ്രായപ്രകാരം, 1855 വരെ ഹിന്ദുക്കളും മുസ്ലീങ്ങളും ഈ മന്ദിരത്തിള്‍ ആരാധന നടത്തിയിരുന്നു. എന്നാല്‍ 1857 മുതല്‍ മന്ദിരത്തിന്റെ മുന്‍ഭാഗം മറക്കുകയും ഹിന്ദുക്കള്‍ക്ക് ഉള്ളിലേയ്ക്ക് പ്രവേശനം നിരോധിക്കുകയും ഹിന്ദുക്കള്‍ മന്ദിരത്തിന്റെ വെളിയില്‍ മുന്‍ഭാഗത്തായി ഒരു തറയില്‍ ആരാധന തുടരുകയും ചെയ്തു.
1883-ല്‍ ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്ന തറയില്‍ ക്ഷേത്രം പണിയാനുള്ള ശ്രമം ആരംഭിച്ചെങ്കിലും 1885-ല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തടഞ്ഞു. ഒരു ഹിന്ദു പണ്ഡിതന്‍ ആയിരുന്ന രഘുബില്‍ ദാസ് ഫാസിയാബാദ് സബ് ജഡ്ജിന്റെ സമക്ഷം കേസ് ഫയല്‍ ചെയ്തു. ആരാധന നടത്തിയിരുന്ന തറയില്‍ 17X21 അടി വലുപ്പത്തില്‍ ക്ഷേത്രം പണിയാന്‍ അനുമതിക്കായിരുന്നു കേസ് കൊടുത്തതെങ്കിലും അത് തഴയപ്പെട്ടു. 1886-ല്‍ വീണ്ടും കേസ് കൊടുത്തെങ്കിലും സ്ഥലം പരിശോധിച്ച ശേഷം ഫൈസാബാദ് ജില്ലാ ജഡ്ജ് അപ്പീല്‍ തള്ളി. ആ വര്‍ഷം തന്നെ മറ്റൊരു അപ്പീല്‍ കൂടി കൊടുത്തെങ്കിലും ജുഡീഷ്യല്‍ കമ്മീഷണര്‍ ഡബ്ല്യൂ. യോംഗ് അതും തള്ളി. അതോടെ ഹിന്ദുക്കളുടെ ആദ്യഘട്ട നിയമപോരാട്ടം അവസാനിച്ചു.
1934-ലെ വര്‍ഗീയ കലാപത്തില്‍ മന്ദിരത്തിന്റെ ചുറ്റുമതിലിനും ഒരു മിനാരത്തിനും കേടുവരുത്തിയെങ്കിലും ബ്രട്ടീഷ് സര്‍ക്കാര്‍ കേടുപാടുകള്‍ പരിഹരിച്ചു. തര്‍ക്ക മന്ദിരത്തിനടുത്ത് സുന്നി വക്കഫ് ബോര്‍ഡിന്റെ കീഴില്‍ "ഗന്ജ്-ഇ-ശഹീദ്" എന്ന പേരിലറിയപ്പെടുന്ന ഖബര്‍സ്ഥാനം രജിസ്റ്റര്‍ ചെയ്തിരുന്നു. സുന്നി വക്കഫ് ബോര്‍ഡ്‌ ഇന്‍സ്പെക്ടര്‍ 1949-ല്‍ രേഖപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ മുസ്ലീങ്ങള്‍ക്ക് നേരിടേണ്ടി വന്നിരുന്ന എതിര്‍പ്പുകളെക്കുറിച്ച് ഇങ്ങനെ പറയുന്നു. "ഏതെങ്കിലും മുസ്ലീങ്ങള്‍ മസ്ജിദിന്റെ അടുത്തേക്ക് പോയാല്‍ ഒച്ച വക്കുകയും പേരുകള്‍ വിളിക്കുകയും ചെയ്യുമായിരുന്നു.... എന്നോട് ആളുകള്‍ ഹിന്ദുക്കളിള്‍ നിന്ന് മസ്ജിദിന് ഭീഷണിയുണ്ട് എന്ന് പറഞ്ഞു... പ്രാര്‍ഥനക്ക് വരുന്നവരെ അടുത്തുള്ള വീടുകളില്‍ നിന്നും ചെരുപ്പുകളും കല്ലുകളും എറിയുമായിരുന്നു. ഭയത്താല്‍ മുസ്ലീങ്ങള്‍ ഒന്നും മിണ്ടില്ലായിരുന്നു. ലോഹിയ, രഘു ദാസിനെ കാണുകയും അദ്ദേഹം ഒരു വിവരണം നല്‍കുകയും ചെയ്തു... ഖബര്‍സ്ഥാനത്തിന് കേടു വരുത്തരുത്... സന്യാസിമാര്‍ പറയുന്നത് മന്ദിരം, ശ്രീരാമ ജന്മഭൂമിയാണ് എന്നും അതുകൊണ്ട് ഞങ്ങള്‍ക്ക് വിട്ടുതരൂ എന്നുമാണ്.. ഞാന്‍ അയോധ്യയില്‍ ഒരു രാത്രി ചിലവഴിക്കുകയും സന്യാസിമാര്‍ മന്ദിരം കയ്യടക്കിയിരിക്കുകയും ചെയ്തിരുന്നു..."
1949 ഡിസംബര്‍ 22-ന് പോലീസ് ഉറക്കത്തിലായപ്പോള്‍, ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ മന്ദിരത്തിള്‍ എത്തിക്കുകയും അവിടെ പ്രതിഷ്ടിക്കുകയും ചെയ്തു. ഇത് മാതാ പ്രസാദ് എന്ന പോലീസുകാരല്‍ പിറ്റേന്ന് രാവിലെ കാണുകയും അയോധ്യാ പോലീസ് സ്റേഷനില്‍ രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് എഫ്.ഐ.ആര്‍ഇങ്ങനെ വിവരിക്കുന്നു: "50-60 ആളുകള്‍ അടങ്ങുന്ന ഒരു സംഘം മന്ദിരത്തിന്‍റെ പൂട്ടുകള്‍ തകര്‍ത്തോ മതില്‍ ചാടിയോ പ്രവേശിച്ചു... പിന്നെ ശ്രീരാമവിഗ്രഹം പ്രതിഷ്ടിക്കുകയും സീതാറാം എന്ന് ഭിത്തിയുടെ അകത്തും പുറത്തും എഴുതി വക്കുകയും ചെയ്തു... പിന്നീട് 5000-6000 ആളുകള്‍ തടിച്ചു കൂടുകയും ഭജനകള്‍ പാടി ഉള്ളിള്‍ പ്രവേശിക്കാണ്‍ ശ്രമിക്കുകയും ചെയ്തെങ്കിലും തടയപ്പെട്ടു". അടുത്ത പകല്‍, ഹിന്ദുക്കളുടെ വലിയൊരു കൂട്ടം മന്ദിരത്തില്‍ പ്രവേശിച്ചു പ്രാര്‍ഥന നടത്താന്‍ ശ്രമിച്ചു. ജില്ലാ മജിസ്രേട്ടായിരുന്ന കെ.കെ. നായര്‍ ഇങ്ങനെ രേഖപ്പെടുത്തിയത് "ജനക്കൂട്ടം ഉള്ളില്‍ പ്രവേശിക്കാനുള്ള നിശ്ചയത്തോടെ എല്ലാ ശ്രമവും നടത്തി. പൂട്ട്‌ തകര്‍ക്കുകയും പോലീസുകാര്‍ തള്ളിമാറ്റപ്പെട്ട് താഴെ വീഴുകയും ചെയ്തു. ഒരു വിധത്തില്‍ ജനക്കൂട്ടത്തിനെ തള്ളിമാറ്റി ഗേറ്റ് വലിയ പൂട്ടിനാല്‍ പൂട്ടുകയും പോലീസ് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു".
ഈ വിവരം അറിഞ്ഞ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു ഉത്തരപ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് പണ്ടിനോട് വിഗ്രഹങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. പണ്ടിന്റെ ഉത്തരവില്‍ പ്രകാരം ചീഫ് സെക്രട്ടറി ആയിരുന്ന ഭഗവര്‍ സാഹെ വിഗ്രഹങ്ങള്‍ നീക്കം ചെയ്യാന്‍ ജില്ലാ മജിസ്രേട്ടായിരുന്ന കെ.കെ. നായരെ ചുമതലപ്പെടുത്തി. എന്നാല്‍ ഹിന്ദുക്കള്‍ അക്ക്രമാസക്തമാകുമെന്ന് ഭയന്ന് കെ.കെ നായര്‍ ഉത്തരവ് പാലിക്കാന്‍ ആകില്ല എന്നറിയിച്ചു.
1984-ല്‍ വിശ്വ ഹിന്ദുപരിഷത്(വി.എച്.പി) മന്ദിരത്തിന്റെ താഴുകള്‍ തുറക്കാന്‍ കൂറ്റന്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. 1985-ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ അയോധ്യയിലെ രാമ ജന്മഭൂമി-ബാബറി മസ്ജിദിന്റെ താഴുകള്‍ മാറ്റാന്‍ ഉത്തരവിട്ടു. അതിന് മുന്‍പുവരെ വര്‍ഷത്തില്‍ ഒരു പ്രാവശ്യമേ ഒരു പൂജാരിക്ക് അവിടെ പൂജ ചെയ്യാന്‍ അനുവാദമുള്ളായിരുന്നു. പുതിയ ഉത്തരവോടെ എല്ലാ ഹിന്ദുക്കള്‍ക്കും ശ്രീരാമന്‍ ജനിച്ച സ്ഥലമായി കരുതപ്പെടുന്ന ഈ സ്ഥലം തുറന്നു കൊടുക്കുകയും പ്രസ്തുത പള്ളിക്ക് ഒരു ഹൈന്ദവ ക്ഷേത്രത്തിന്റെ സ്വഭാവം ലഭിക്കുകയും ചെയ്തു. 1989 നവംബറില്‍ നിശ്ചയിച്ചിരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുന്പായി തര്‍ക്ക പ്രദേശത്ത് ശിലാന്യാസം(കല്ലിടല്‍ പൂജ) നടത്താന്‍ വി.എച്.പിക്ക് അനുമതി കിട്ടിയതോടെ സാമുദായിക സ്പര്‍ദ വര്‍ധിച്ചു. ബി.ജെ.പി യുടെ മുതിര്‍ന്ന നേതാവായിരുന്ന എല്‍.കെ. അദ്വാനി തെക്ക് മുതല്‍ വടക്ക് അയോധ്യ വരെ 10,000 കിലോമീറ്റര്‍ യാത്ര വരുന്ന രഥയാത്ര സംഘടിപ്പിച്ചു.
ഹിന്ദുക്കളുടെ ഭാഷ്യം.
മുസ്ലീം ചക്രവര്‍ത്തിയായിരുന്ന ബാബര്‍, മേവറിന്റെ രജ്പുടന രാജ്യവും ഹിന്ദു രാജാവായിരുന്ന റാണാ സംഗ്രമ സിംഗിന്റെ ചിറ്റൊട്ഗഡും ഖര്‍വാ യുദ്ധത്തിലൂടെ പിടിച്ചെടുക്കുകയും വടക്കന്‍ ഇന്ത്യയില്‍ മുഴുവന്‍ തന്റെ അധികാരം സ്ഥാപിക്കുകയും ചെയ്തു. ഈ വിജയത്തിന് ശേഷം ജനറല്‍ ആയിരുന്ന മിര്‍ ബക്ഷി, ഈ പ്രദേശത്തിന്റെ ഗവര്‍ണ്ണര്‍ ആയി. മിര്‍ ബക്ഷി ശ്രീരാമന്റെ പേരില്‍ നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുള്ള ക്ഷേത്രം തകര്‍ത്ത് പ്രസ്തുത പള്ളി പണിയുകയും അതിന് ബാബറിന്റെ പേരിടുകയും ചെയ്തു. ബാബറിന്റെ ചരിത്ര രേഖകളില്‍ ഇതിന് തെളിവില്ലെങ്കിലും ബാബറിന്റെ ഈ കാലഘട്ടത്തിലെ രേഖകള്‍ കാണാതാകപ്പെട്ടിരിക്കുന്നു. ഈ കാലഘട്ടത്തിലെ താരിഖ്-ഇ-ബാബറി രേഖകള്‍, ബാബറിന്റെ സൈന്യം "ചന്ദേരിയിലുള്ള നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തു" എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 1992-ലെ തകര്‍ക്കപ്പെട്ട മന്ദിര അവശിഷ്ട്ടങ്ങളില്‍ നിന്നും ലഭിച്ച പുരാതന ശിലാഫലകത്തിലെ ലിഖിതങ്ങള്‍ അവിടെ ഒരു പുരാതന ക്ഷേത്രത്തിന്റെ തെളിവാണ്. മന്ദിരം തകര്‍ത്ത ദിവസം അവിടെ നിന്നും ലഭിച്ച 260-ല്‍ കൂടുതല്‍ ക്ഷേത്ര സംബന്ധിയായ വസ്തുക്കള്‍ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ട്ടങ്ങള്‍ ആണ്. ശിലാഫലകത്തില്‍ 20 വരികള്‍ ആണുള്ളത്, അതില്‍ 30 പുരാതന നാഗിരി ശൈലിയിലുള്ള സംസ്കൃതശ്ലോകങ്ങള്‍ ആണുള്ളത്. നാഗിരി ലിപി പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന ഒന്നായിരുന്നു. ഈ പ്രധാനപ്പെട്ട വിവരം വെളിച്ചത്ത് കൊണ്ടുവന്നത് രാജ്യത്തെ പ്രമുഖരായ ചരിത്രകാരന്മാരുടെയും സംസ്കൃത പണ്ഡിതന്മാരുടെയും പുരാവസ്തുഗവേഷകരുടെയും സംഘമായിരുന്നു.
ആദ്യ 20 ശ്ലോകങ്ങള്‍ രാജാവായിരുന്ന ഗോവിന്ദ് ചന്ദ്ര ഘര്‍വാളിനെ പ്രകീര്ത്തിക്കുമ്പോള്‍ അടുത്ത ശ്ലോകത്തില്‍ ഇങ്ങനെ പറയുന്നു; "രാജാവിന്റെ മോക്ഷത്തിനു വേണ്ടി അദ്ദേഹത്തിന്റെ എല്ലാം, വാമന അവതാരത്തിന്റെ(മഹാവിഷ്ണുവിന്റെ അവതാരം) കാല്‍ക്കല്‍ സമര്‍പ്പിച്ച്‌, വിഷ്ണു ഹരിക്ക്(ശ്രീരാമന്‍) വേണ്ടിയുള്ള ഈ ക്ഷേത്രം, മനോഹരമായ തൂണുകളും മാനം മുട്ടെയുള്ള കല്ല്‌ കൊണ്ടുള്ള മന്ദിരവും മുകളിലെ സ്വര്‍ണ്ണം കൊണ്ടുള്ള സ്തൂപവും കൊണ്ട് ചരിത്രത്തില്‍ മറ്റൊരു രാജാവിനും സൃഷ്ട്ടിക്കാന്‍ കഴിയാത്തത്ര മനോഹരമാണ്". ഈ ലിഖിതത്തില്‍ ക്ഷേത്രപട്ടണമായ അയോധ്യയിലാണ് ആ ക്ഷേത്രം നിര്‍മ്മിച്ചത്‌ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു അവലംബം 1886-ല്‍ രഘുബല്‍ ദാസ് ഫൈസാബാദ് ജില്ലാ ജഡ്ജ് മുന്നാകെ സമര്‍പ്പിച്ച പരാതിയാണ്. പരാതി നിരസിച്ചെങ്കിലും അതിന്റെ വിധിയില്‍ രണ്ടു പ്രധാന സൂചകങ്ങള്‍ ഉണ്ട്:
"ചക്രവര്‍ത്തി ബാബര്‍ പണിത പള്ളി അയോധ്യയുടെ അതിര്‍ത്തിയില്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കി. ഈ പള്ളി പണിതത് ഹിന്ദുക്കള്‍ വിശുദ്ധമാണെന്ന് കരുതപ്പെടുന്ന സ്ഥലത്തായി എന്നത് ദൌര്‍ഭാഗ്യകരമാണ്, പക്ഷെ, ഇത് സംഭവിച്ചത് 358 വര്‍ഷത്തിന് മുന്‍പായതിനാല്‍ പരാതിക്ക് പരിഹാരം കാണാന്‍ വളരെ താമസിച്ചു പോയി. ചെയ്യാന്‍  പറ്റുന്നത് ഇപ്പോളുള്ള സ്ഥിതി തുടരുക എന്നത് മാത്രമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മാറ്റം നിര്‍ദേശിക്കുന്നത് ഗുണത്തിനേക്കാള്- ദോഷമാവും ഉണ്ടാക്കുക."
തകര്‍ത്ത ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ തര്‍ക്കമന്ദിരം നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്, അലഹാബാദ് ഹൈക്കോടതിയിലെ ലക്നൌ ബഞ്ചിലെ ജസ്റ്റിസായിരുന്ന ധരം വീര്‍ശര്‍മ ഇന്ത്യൻ പുരാവസ്തുഗവേഷണ സംഘമായ എ.എസ്.ഐ കൊടുത്ത ഈ വിവരങ്ങൾ തെളിവായി സ്വീകരിച്ചു.
"സാഹചര്യ തെളിവുകളുടെയും ചരിത്ര വിവരണങ്ങളുടെയും ഭൂമിശാസ്ത്ര തെളിവുകളുടെയും മറ്റു പുരാതന ശാസ്ത്രവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സ്ഥാപിക്കാവുന്നതെന്തെന്നാല്‍ പ്രസ്തുത ക്ഷേത്രം തകര്‍ത്തശേഷം പള്ളിയായി നിര്‍മിക്കുകയും പഴയ ക്ഷേത്രത്തിന്റെ ഹൈന്ദവ ദേവന്മാരുടെയും ദേവതകളുടെയും നിറഞ്ഞ തൂണുകള്‍ പോലും പുനരുപയോഗിക്കുകയും ചെയ്തിരിക്കുന്നു എന്നാണ്."
ജഡ്ജിയുടെ വിലയിരുത്തല്‍ പ്രകാരം, 1992 ഡിസംബര്‍ 6-ന് തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടതിന് ശേഷം ലഭിച്ച 256 ലിഖിതങ്ങളും മറ്റു പുരാവസ്തുക്കളും, ഈ ലിഖിതങ്ങള്‍ പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന ദേവനഗിരി ലിപിയില്‍ എഴുതപ്പെട്ടിട്ടുള്ളതാണ് എന്നതിന് ഒരു സംശയവും ഇടവരുത്തുന്നില്ല.
വിദഗ്ധരുടെ അഭിപ്രായപ്രകാരവും തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും ചരിത്രത്തിന്റെയും മറ്റ് ഏതു രീതിയിലും വിലയിരുത്തിയാല്‍ ക്ഷേത്രം തകര്‍ത്ത് പള്ളി, ആ പഴയ ക്ഷേത്രത്തിന്റെ സ്ഥാനത്ത് ബാബറുടെ ഉത്തരവ് പ്രകാരം മിര്‍ ബക്ഷി, പള്ളി നിര്‍മിച്ചതാണെന്നും തെളിയുന്നു.
മൂന്ന് ജഡ്ജിമാരും പള്ളിക്കടിയില്‍ ക്ഷേത്രമാണ് എന്ന് സമ്മതിക്കുകയും അതില്‍ രണ്ടു ജഡ്ജിമാര്‍ ക്ഷേത്രം പ്രത്യേക ഉദ്ദേശത്തോടെ തകര്‍ത്തതാണെന്നും സമ്മതിച്ചു.
മുസ്ലീങ്ങളുടെ ഭാഷ്യം.
1528-ല്‍ മിര്‍ ബക്ഷി പള്ളി പണിതത് ഹൈന്ദവ ക്ഷേത്രം തകര്‍ത്താണ് എന്നതിന് ഒരു ചരിത്രരേഖയും സൂചന നല്‍കുന്നില്ല. 1949-ല്‍ ശ്രീരാമന്റെ വിഗ്രഹം അനധികൃതമായി കൊണ്ടുവച്ചപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ ഉത്തരപ്രദേശത്തെ മുഖ്യമന്ത്രിക്ക് "അപകടകരമായ ഒരു രീതിയാണിത്" എന്ന കാരണത്താല്‍ അവ മാറ്റാന്‍ ആവശ്യപ്പെട്ടു. ഫൈസാബാദിലെ പ്രാദേശിക ഭരണകര്‍ത്താവായിരുന്ന കെ.കെ നായര്‍ ഇത് അവഗണിച്ചു. "വിഗ്രഹങ്ങള്‍ കൊണ്ട് വച്ചത് തെറ്റാണെങ്കിലും" എന്ന് നായര്‍ സമ്മതിച്ചെങ്കിലും പ്രക്ഷോഭത്തിനെയും അതിനു പിന്നിലുള്ള വികാരങ്ങളെയും വിലകുറച്ച് കാണാനാകില്ല എന്ന് പറഞ്ഞ് വിഗ്രഹങ്ങള്‍ നീക്കം ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചു. 2010-ലെ ഹൈക്കോടതി വിധി മൂന്നില്‍ രണ്ടു ഭാഗം ഹിന്ദുക്കള്‍ക്ക് കൊടുക്കാനുള്ള വിധിയില്‍ ആയിരക്കണക്കിന് പേജുകള്‍ ഹിന്ദു ലിഖിതങ്ങളുടെ വിവരണങ്ങള്‍ക്ക് മാറ്റി വച്ചപ്പോള്‍ 1949-ലെ അതിക്രമത്തിനെക്കുറിച്ച് തെല്ലും പ്രതിപാദിച്ചില്ല. മനോജ്‌ മിത്തയുടെ അഭിപ്രായപ്രകാരം "വിഗ്രഹങ്ങള്‍ കൊണ്ട് വച്ച വികൃതിയിലൂടെ പള്ളിയെ ക്ഷേത്രമായി മാറ്റാനുള്ള ശ്രമമാണ് നടത്തിയത്, അത് കോടതി അലക്ഷ്യമാണ്"
എ.എസ്.ഐയുടെ പുരാവസ്തു റിപ്പോര്‍ട്ടുകള്‍, ഹിന്ദു ക്ഷേത്രമില്ല എന്നതിനെ തള്ളിക്കളഞ്ഞ് തീവ്ര ഹൈന്ദവ സംഘടനകളായ ആര്‍.എസ്.എസ്, വി.എച്.പി, ഹിന്ദു മുന്നണി തുടങ്ങിയവരുടെ വീക്ഷണത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് എന്നും അതിലൂടെ ബാബറി തർക്കമന്ദിരം ഒരു രാഷ്ട്രീയ വിഷയമായിരുന്നെന്ന് വരുത്തുന്നു എന്നും മുസ്ലീങ്ങളും മറ്റ് വിമർശകരും വിമർശിക്കുന്നത്.
ആര്‍ക്കിയോളജി റിപ്പോര്‍ട്ട്.
2003-ല്‍ എ.എസ്.ഐയോട് ആഴത്തില്‍ പഠിക്കാനും പര്യവേഷണങ്ങള്‍ നടത്തി തര്‍ക്ക മന്ദിരത്തിന്റെ അടിയിലുള്ള സമുച്ചയം എന്താണെന്ന് കണ്ടെത്താനും കോടതി ഉത്തരവിട്ടു. എ.എസ്.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം തര്‍ക്കമന്ദിരത്തിന്റെ അടിയില്‍ ക്ഷേത്രം ആണെന്നുള്ള വ്യക്തമായ തെളിവുകളിലേയ്ക്ക് വിരല്‍ ചൂണ്ടി.ആര്‍ക്കിയോള ജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) 1970-ലും 1992-ലും 2003-ലും തര്‍ക്കസ്ഥലത്തിന് ചുറ്റും നടത്തിയ പുരാവസ്തു ഗവേഷണങ്ങള്‍, അവിടെ ഒരു വലിയ ഹൈന്ദവ സമുച്ചയം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നു. "വിവിധ ദൈവീക പ്രതിമകളാല്‍ കൊത്തിവച്ചിട്ടുള്ള കല്ലുകളാലും പുരാതന കൊത്തുപണികളാലും നിറഞ്ഞ 50 തൂണുകള്‍ ഒരു വലിയ സമുച്ചയത്തിന്റെ ഭാഗമാണ്"
2003 മാര്‍ച്ചില്‍ തുടങ്ങി, ആഗസ്റ്റില്‍ കോടതിയുടെ ഉത്തരവുപ്രകാരം നടത്തിയ പര്യവേഷണത്തില്‍ എ.എസ്.ഐ സംഘത്തിന് 1360 തെളിവുകള്‍ ലഭിച്ചു. കോടതി എ.എസ്.ഐയോട് പഠനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും എ.എസ്.ഐ 574 പേജുള്ള റിപ്പോര്‍ട്ട് അലഹാബാദ് ഹൈക്കോടതിക്ക് സമര്‍പ്പിക്കുകയും ചെയ്തു. രേഖാചിത്രങ്ങളും സ്ഥലത്തിന്റെ ഭൂമിശാസ്ത്രരേഖകളും എഴുതപ്പെട്ട അഭിപ്രായങ്ങളും ചേര്‍ത്താണ് എ.എസ്.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. "തര്‍ക്കമന്ദിരത്തിന്റെ അടിയില്‍ കണ്ടെത്തിയ സമുച്ചയം പത്താം നൂറ്റാണ്ട് മുതല്‍ നിലനിന്നിരുന്ന ഒന്നാണ്" എന്നതിന് തെളിവുണ്ട് എന്നാണ് എ.എസ്.ഐ റിപ്പോര്‍ട്ടില്‍ ഉള്ളത്. 50ക്ഷ്30 മീറ്റര്‍ ചുറ്റളവിലുള്ള ബ്രുഹത്തായ സമുച്ചയം തര്‍ക്കമന്ദിരത്തിന്റെ കൃത്യം അടിയിലായി സ്ഥിതി ചെയ്യുന്നു. പര്യവേക്ഷണത്തില്‍ 50 തൂണുകളുടെ അടിസ്ഥാനശിലകള്‍, അടിയിലുള്ള ചുണ്ണാമ്പ് കല്ലുകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്നു. മുഗള്‍ ഭരണം ആരംഭിച്ചതിനു മുന്‍പുവരെ തര്‍ക്കസ്ഥലം പൊതുവായ ഇടമായി വളരെക്കാലം നിലനിന്നിരുന്നു എന്നും ആധുനിക പര്യവേഷണ രീതികളിലൂടെ ഇത് പതിമൂന്നാം നൂറ്റാണ്ട് വരെ പിന്നോട്ട് പോകുന്നു എന്നും കണ്ടെത്തി.
എ.എസ്.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം, അശോകന്‍ ബ്രാഹ്മിയുടെ മുദ്രയുള്ള ഒരു വളയം മറ്റൊരു പ്രധാന കണ്ടെത്തലായിരുന്നു. സുംഗ കാലഘട്ടത്തിലെ സാംസ്കാരിക അധിനിവേശത്തിനു ശേഷം കുഷര്‍ കാലഘട്ടം വരുകയും പിന്നീട് മെഡീവല്‍ കാലഘട്ടത്തിന്റെ ആദ്യ സമയങ്ങളില്‍ 50 മീറ്റര്‍ ചുറ്റളവുള്ള സമുദായം നിര്‍മിക്കപ്പെടുകയും അതിന് അധികകാലം നിലനില്‍ക്കാന്‍ സാധിക്കാതെ വരികയും ചെയ്തപ്പോള്‍ ആ സമുച്ചയത്തിലെ 50 തൂണുകളില്‍ നാലെണ്ണം പര്യവേക്ഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. മൂന്നു നിലകളിലായി നിലകൊണ്ടിരുന്ന അന്നത്തെ തകര്‍ക്കപ്പെട്ട സമുച്ചയത്തിന്റെ നിരവധി ഭാഗങ്ങള്- തര്‍ക്കമന്ദിരം പണിയാന്‍ വീണ്ടും ഉപയോഗിക്കുകയും അതിലൂടെ അവ പൊതുവായി ഉപയോഗിച്ചിരുന്ന സമുച്ചയത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ പുരാതന സമുച്ചയത്തിന്റെ മുകളിലായി ആണ് പതിനാറാം നൂറ്റാണ്ടില്‍ പണിത തര്‍ക്കമന്ദിരം സ്ഥിതി ചെയ്യുന്നത് എന്ന് എ.എസ്.ഐ റിപ്പോര്‍ട്ട് പറഞ്ഞവസാനിപ്പിക്കുന്നു.
വിമര്‍ശനം.
എ.എസ്.ഐയുടെ കണ്ടെത്തലുകളെ മുസ്ലീം സംഘടനകള്‍ ഉടന്‍ തന്നെ എതിര്‍ത്തു. സഫ്ദാര്‍ ഹാഷ്മി ട്രസ്റ്റ് "സ്ഥലത്ത് ഉടനീളം കണ്ട മൃഗങ്ങളുടെ എല്ലുകളും സുര്ഖിയുടെ ഉപയോഗവും അവിടെ മുസ്ലീങ്ങളുടെ സാന്നിധ്യവും ഹൈന്ദവ ക്ഷേത്രത്തിന്റെ അസാന്നിധ്യവും വെളിവാക്കുന്നു" എന്ന് പറഞ്ഞു വിമര്‍ശിച്ചു. തൂണുകള്‍ കണ്ടെത്തി എന്ന് പറയുന്നത് കളവാണെന്നും തൂണുകളെക്കുറിച്ചുള്ള വാദത്തിന് ഇതര പര്യവേക്ഷകർക്ക് വിരുദ്ധ അഭിപ്രായമുണ്ടെന്നും വിമര്‍ശിച്ചു. ആള്‍ ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ്‌ ചെയര്‍മാന്‍ സയെദ് ഹസന്‍, എ.എസ്.ഐയുടെ റിപ്പോര്‍ട്ട് തുടക്കത്തില്‍ ക്ഷേത്രം ഉണ്ട് എന്ന് അവകാശപ്പെട്ടിരുന്നില്ല എന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമയം സംശയം ഉളവാക്കുന്നതാണെന്നും ആരോപിച്ചു.
എന്തായാലും, ജഡ്ജിമാരില്‍ ഒരാളായിരുന്ന ജഡ്ജ് അഗര്‍വാള്‍, നിഷ്പക്ഷരായിരുന്ന ചരിത്രകാരന്മാരില്‍ ചിലരുടെ "ഒട്ടകപക്ഷി സ്വഭാവം" അവരുടെ വിജ്ഞാനക്കുറവ് വെളിവാക്കുകയും അത് കണ്ടെത്തലുകള്‍ വെട്ടിച്ചുരുക്കാന്‍ കാരണമായി എന്നും അഭിപ്രായപ്പെട്ടു. കൂടാതെ വിദഗ്ധര്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുകയോ വാര്‍ത്താ ലേഖനങ്ങള്‍ വായിച്ച് വിദഗ്ദ്ധരായതോ വക്കഫ് ബോര്‍ഡിലെ "മറ്റ് സാക്ഷികളുമായി" ബന്ധമുണ്ടായിരിക്കുകയോ ആയിരിക്കാം എന്നും മറ്റുള്ളവരുടെ സാക്ഷികളുടെ വെളിപ്പെടുത്തലുകള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു എന്ന് അഭിപ്രായപ്പെട്ടു. എല്ലാ അഭിപ്രായങ്ങളും ഒരു സാക്ഷിയായ പ്രൊഫ. ഡി.മണ്ഡലിന്റെ, വിദഗ്ധാഭിപ്രായത്തിന്റെ സഹായമില്ലാതെ പ്രൊഫ. ബി.ബി.ലാലിന്റെ ചെറുപുസ്തകത്തിനെ വിമര്‍ശനാല്‍മകമായി എഴുതിയ പുസ്തകത്തിനെ ആധാരമാക്കിയാണ് എന്ന് കോടതി കണ്ടെത്തി. അലഹാബാദ് ഹൈക്കോടതി എ.എസ്.ഐയുടെ കണ്ടെത്തലുകള്‍ തടഞ്ഞുവച്ചു.
എ.എസ്.ഐയുടെ തര്‍ക്കമന്ദിരത്തിന്റെ അടിയില്‍ ക്ഷേത്രമാണ് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വി.എച്.പിയും ആര്‍.എസ്.എസും ഹിന്ദുക്കളുടെ മൂന്നു വിശുദ്ധ പ്രദേശങ്ങള്‍ മുസ്ലീങ്ങള്‍ തിരിച്ചു നല്‍കണം എന്ന് ആവശ്യപ്പെട്ടു.
തകര്‍ക്കല്‍.
1992 ഡിസംബര്‍ 6 ഞായറാഴ്ച രാവിലെ എല്‍.കെ അദ്വാനിയും മറ്റുള്ളവരും വിനയ് കത്യാരുടെ വീട്ടില്‍ ഒത്തുകൂടി. പിന്നീട് തര്‍ക്ക മന്ദിരത്തിന്റെ അടുത്തേയ്ക്ക് പോയി. മുരളി മനോഹര്‍ ജോഷിയും കത്യാരും പ്രതീകാല്മക പൂജയായ കര്‍സേവ നടക്കുന്നിടത്ത് എത്തി. അദ്വാനിയും ജോഷിയും അടുത്ത ഇരുപത് മുനിട്ടുകള്‍ കര്സേവാ സംവിധാനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പിന്നീട് രണ്ടു മുതിര്‍ന്ന നേതാക്കളും രാമകഥാ കഞ്ചിന്റെ 200 മീറ്റര്‍ അടുത്ത് വരെ എത്തി. തര്‍ക്ക മന്ദിരത്തിനെ അഭിമുഖമായി നിര്‍മിച്ചിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്കുള്ള ഇരിപ്പിടമായിരുന്നു അത്.
ഉച്ചക്ക്, ഒരു കൌമാരപ്രായക്കാരനായ കര്‍സേവകന്‍ തര്‍ക്കമന്ദിരത്തിന്റെ മുകളില്‍ കയറുകയും അത് വേലി തകര്‍ക്കപ്പെട്ടു എന്ന് ബോധ്യമാക്കി. ആ സമയം അദ്വാനിയും ജോഷിയും വിജയ്‌ രാജ് സിന്ധ്യയും കര്‍സേവകരോട് ഇറങ്ങിവരാന്‍ ബലം കുറഞ്ഞ നിര്‍ദേശങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ട് പറയുന്നു. അത് ആത്മാര്‍ഥമായോ മാധ്യമങ്ങള്‍ക്ക് വേണ്ടിയോ ആവാം എന്നും റിപ്പോര്‍ട്ട് പറയുന്നു. കര്‍സേവകരോട് മന്ദിരം തകര്‍ക്കരുതെന്നോ അങ്ങോട്ടേയ്ക്ക് പ്രവേശിക്കരുതെന്നോ ആവശ്യം ഉയര്‍ന്നില്ല. "ഈ പ്രവൃത്തി നേതാക്കള്‍ക്ക് തര്‍ക്ക മന്ദിരം തകര്‍ക്കപ്പെടണം എന്ന ഒളിച്ചുവച്ച ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു എന്ന് വെളിവാക്കുന്നു" എന്ന് റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു. "രാമ കഥാ കഞ്ചിലുണ്ടായിരുന്ന നേതാക്കള്‍ക്ക് അനായാസം തകര്‍ക്കല്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു." എന്നും റിപ്പോര്‍ട്ട് പറയുന്നു.
ലിബർഹാൻ കമ്മീഷൺ.
1992 ഡിസംബർ 6 ലെ ബാബരി മസ്ജിദ്‌ ധ്വംസനവും അയോധ്യയിലുണ്ടായ കലാപവും അന്വേഷിക്കുന്നതിന്‌ ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മൻമോഹൻ സിംഗ് ലിബർഹാൻ മേധവിയായി 1992 ഡിസംബർ 16 ന്‌ രൂപവത്കരിക്കപ്പെട്ട കമ്മീഷനാണ്‌ ലിബർഹാൻ കമ്മീഷൺ. മൂന്നു മാസത്തിനുള്ളിൽ കമ്മീഷൺ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ 17 വർഷം വൈകി 2009 ജൂൺ 30 ന്‌ ആണ്‌ കമ്മീഷൺ അതിന്റെ റിപ്പോർട്ട് പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംങിന്‌ സമർപ്പിച്ചത്. 1000 ത്തിലധികം പുറങ്ങൾ വരുന്നതാണ്‌ റിപ്പോർട്ട്. 2009 നവംബർ 23 ന്‌ ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നു. ലോകസഭയിൽ ഇതിനെ ചൊല്ലി ബഹളമുണ്ടാവുകയും തുടർന്ന് ഒരു ദിവസത്തേക്ക് സഭാനടപടികൾ നിർത്തിവെക്കുകയുമുണ്ടായി. ആഭ്യന്തര മന്ത്രാലയം ബോധപൂർ‌വ്വം റിപ്പോർട്ട് ചോർത്തിയതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 2009 നവംബർ 24 ന്‌ ലിബർഹാൻ കമ്മീഷൺ റിപ്പോർട്ടും (REPORT OF THE LIBERHAN AYODHYA COMMISSION OF INQUIRY 13 പേജുള്ള നടപടി റിപ്പോർട്ടും(Action Taken Report) ആഭ്യന്തര മന്ത്രി പി. ചിദംബരം പാർലമെന്റിന്റെ മേശപ്പുറത്തു വച്ചു. മസ്ജിദ് തകർക്കുന്നതിനുള്ള ഗൂഡാലോചനയിൽ ബി.ജെ.പി.യിലെ മുതിർന്ന നേതാക്കൾക്കുള്ള പങ്കിനെ റിപ്പോർട്ട് എടുത്തുകാട്ടുന്നു. എൽ.കെ. അദ്വാനി,എ.ബി. വാജ്പേയ്,തുടങ്ങിയ ബി.ജെ.പി. നേതാക്കൾ ഉൾപ്പെടെ സംഘ് പരിവാറിന്റെ 68 -ഓളം നേതാക്കളെ റിപ്പോർട്ട് പേരെടുത്ത് പരാമർശിക്കുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘിനെ മസ്ജിദ് ധ്വംസനത്തിന്റെ മുഖ്യ സൂത്രധാരകരായി റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. ബാബരി മസ്ജിദ് തകർക്കപ്പെടുന്ന കാലത്ത് കേന്ദ്രം ഭരിച്ചിരുന്ന നരസിംഹ റാവു സർക്കാറിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട്, മുസ്ലിം സംഘടനകളുടെ നിലപാടുകളേയും വിമർശിക്കുന്നു. എന്നാൽ റിപ്പോർട്ടിൽ ഒരു വരിയിൽ പോലും വാജ്പേയിയെ പേരെടുത്തു കുറ്റപ്പെടുത്തിയിട്ടില്ലന്നു് ജസ്റ്റീസ് ലിബർഹാൻ പിന്നീട് ഒരു ദിനപത്രത്തോടു നടത്തിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടു്. ഇക്കാര്യം വ്യക്തമാകാൻ റിപ്പോർട്ട് വായിക്കാനും ലിബർഹാൻ ആവശ്യപ്പെട്ടു.
ലിബർഹാൻ കമ്മീഷൺ കണ്ടത്തെലുകൾ.
1."ബാബരി മസ്ജിദിന്റെ തകർച്ചക്ക് പ്രഥമ ഉത്തരവാദികൾ സംഘ പരിവാർ സംഘടനകളായ ബി.ജെ.പി.,ആർ.എസ്.എസ്.,വി.എച്ച്.പി.,ശിവസേന,ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകളുടെ നേതാക്കൾ ആണ്‌" എന്ന് റിപ്പോർട്ട് പറയുന്നു.
2."ബി.ജെ.പി.യിലെ കപട മിതവാദ നേതൃത്വങ്ങൾ, ആർ.എസ്.എസിന്റെ കയ്യിലെ ഉപകരണമായിരുന്നു. ആർ.എസ്.എസ്. നിർമ്മിച്ചെടുത്ത പദ്ധതിയുടെ രാഷ്ട്രീയ വിജയം ഇവർ സ്വന്തമാക്കി.
3."സംശയത്തിന്റെ ആനുകൂല്യമോ ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴികഴിവോ ഏതായാലും ഈ നേതാക്കൾക്ക് നൽകാനാവില്ല. ജനങ്ങളുടെ വിശ്വാസത്തെയാണ്‌ ഈ നേതാക്കൾ ലംഘിച്ചത്".
4. "ജനാധിപത്യത്തിൽ ഇതിൽ‌പരം മറ്റൊരു വഞ്ചനയോ അപരാധമോ ഇല്ല. ഈ നേതാക്കളുടെ കപട മിതവാദത്തെ അപലപിക്കുന്നതിൽ ഈ കമ്മീഷന്‌ യാതൊരു മടിയുമില്ല".
5."മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും രാഷ്ട്രീയാധികാരത്തിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കമീഷൻ സർക്കാറിനോട് ആവശ്യപ്പെടുന്നു".
ഉന്മത്തരായ ഹിന്ദു ആശയവാദികൾക്ക് പൊതുജനത്തിന്റെ ഉള്ളിൽ ഭയമുളവാക്കാനുള്ള അവസരം സൃഷ്ടിച്ചുകൊടുത്തതിൽ ഉന്നതരായ മുസ്‌ലിം രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് കമ്മീഷൻ വിലയിരുത്തുന്നു. ഇന്ത്യാവിരുദ്ധരെന്നോ ദേശീയവിരുദ്ധരെന്നോ വിളിക്കപ്പെടുന്നതിൽ ഭയന്നുകൊണ്ടായിരിക്കും, ചരിത്രത്തെ സംഘപരിവാറിന്റെ നേതൃത്വം യഥേഷ്ടം അമ്മാനമാടുമ്പോൾ, അതിനെ പ്രതിരോധിക്കാൻ മുസ്‌ലിം നേതാക്കൾ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന് ലിബർഹാൻ കമ്മീഷൺ കുറ്റപ്പെടുത്തുന്നു.
നാള്‍വഴികള്‍.
1528: മുഗള്‍ ചക്രവര്‍ത്തി ബാബറുടെ ഗവര്‍ണര്‍ ജനറലായിരുന്ന മീര്‍ ബക്ഷി ബാബരിമസ്ജിദ് പണിതു.
1853: പുരാതനമായ രാമക്ഷേത്രം തകര്‍ത്താണു മുഗള്‍ ചക്രവര്‍ത്തി ബാബർര്‍ പള്ളിപണിതതെന്ന് ആരോപിച്ച് നിംറോഹി എന്ന ഹിന്ദുവിഭാഗം ബാബരിമസ്ജിദിന് അവകാശവാദം ഉന്നയിക്കുന്നു.
1853-55: അയോധ്യയില്‍ വിവിധ ഭാഗങ്ങളില്‍ ഹിന്ദു-മുസ്ലിം സംഘര്‍ഷം.
1883 മെയ്: ഒരു പ്ളാറ്റ്ഫോമില്‍ ക്ഷേത്രം പുനസ്ഥാപിക്കുന്നതിനു മുസ്ലിംകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഫൈസാബാദ് പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനുമതി നിഷേധിക്കുന്നു.
1885: പുരോഹിതനായ രഘുബീല്‍ദാസ് ക്ഷേത്രം പണിയാന്‍ അനുമതിതേടി കോടതിയില്‍ ഹരജി നല്‍കുന്നു.
1886 മാർച്ച്: ദാസിന്റെ ഹരജിക്ക് ജഡ്ജി അനുമതി നിഷേധിക്കുന്നു, അപ്പീല്‍ തള്ളുന്നു.
1870: ബ്രിട്ടീഷുകാരനായ എച്ച്.ആര്‍. നെവില്‍ തയ്യാറാക്കിയ ഫൈസാബാദ് ഗസറ്റിയറില്‍ ബാബരിമസ്ജിദ് എന്നതിനു പകരം ജന്മസ്ഥാന്‍ മസ്ജിദ് എന്നു പ്രയോഗിക്കുന്നു. പ്രദേശം തര്‍ക്കസ്ഥലം എന്ന ഒരു നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചതായും പരാമര്‍ശം.
1934: പള്ളിക്കുനേരെ ആക്രമണം നടത്തി അക്രമിസംഘം ഗേറ്റും ഗോപുരവും തകര്‍ത്തു. പ്രദേശത്തെ ഹിന്ദുക്കള്‍ക്കു കൂട്ടപ്പിഴ ചുമത്തിയ ബ്രിട്ടീഷ് സര്‍ക്കാര്‍ പള്ളി സര്‍ക്കാര്‍ ചെലവില്‍ കേടുപാടു തീര്‍ത്തു.
1949 ഡിസംബര്‍ 22: ബാബരിമസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ സംഘം ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടര്‍ന്ന്, ഹൈന്ദവരും മുസ്ലിംകളും പള്ളിയില്‍ കടക്കുന്നതു ജില്ലാ ഭരണകൂടം തടയുന്നു.
1950 ജനുവരി: ആരാധനാസ്വാതന്ത്യം തേടി ഗോപാല്‍സിങ് വിശാരദ് കോടതിയില്‍. വിഗ്രഹം നീക്കുന്നതു തടഞ്ഞ കോടതി ആരാധനയ്ക്കു ഭംഗം വരുത്തുന്നതും തടഞ്ഞു. വിഗ്രഹം നീക്കുന്നതില്‍ നിന്നും ആരാധനയ്ക്കു ഭംഗം വരുത്തുന്നതില്‍ നിന്നും സര്‍ക്കാരിനെയും മുസ്ലിംകളെയും തടയണമെന്നു രണ്ടു ഹരജികളിലൂടെ ആവശ്യം.
1959: തര്‍ക്കസ്ഥലത്തിന്റെ മാനേജര്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് നിംറോഹികള്‍ കോടതിയില്‍.
1961: പള്ളിയില്‍ നിന്നു വിഗ്രഹം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് ബോര്‍ഡ് കോടതിയിലെത്തി. കേസ് ഇപ്പോഴും കോടതിയില്‍.
1984 ഒക്ടോബര്‍: ബാബരിമസ്ജിദ് തര്‍ക്കം ദേശീയപ്രശ്നമാക്കുന്നതിന് വി.എച്ച്.പിയുടെ തീരുമാനം.
1984 ഒക്ടോബര്‍ 8: അയോധ്യയില്‍ നിന്നു ലഖ്നോയിലേക്ക് വി.എച്ച്.പിയുടെ 130 കിലോമീറ്റര്‍ ലോങ് മാര്‍ച്ച്.
1984 ഒക്ടോബര്‍ 14: ക്ഷേത്രം പുനസ്ഥാപിക്കുക, ഹിന്ദുക്കള്‍ക്കു പൂജയ്ക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുമായി ലോങ് മാര്‍ച്ച് ലഖ്നോയില്‍.
1985: പള്ളിയുടെ പരിസരം ഉപയോഗിക്കാന്‍ പുരോഹിതര്‍ക്ക് പ്രാദേശിക കോടതിയുടെ അനുമതി.
1986 ഫെബ്രുവരി 1: പള്ളിയുടെ പൂട്ടുകള്‍ തുറന്ന് ഹൈന്ദവര്‍ക്കു ദര്‍ശനത്തിന് അനുമതി. മുസ്ലിംകള്‍ പ്രശ്നമുണ്ടാക്കരുതെന്ന് യ.പി. വഖ്ഫ് മന്ത്രി.
1989 മെയ്: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി 25 കോടി രൂപ സമാഹരിക്കാന്‍ വി.എച്ച്.പി. തീരുമാനിക്കുന്നു.
1989 ജൂണ്‍: ബാബരിമസ്ജിദ് പ്രശ്നം ഏറ്റെടുത്ത് ബി.ജെ.പി. പ്രമേയം അംഗീകരിക്കുന്നു.
1989 നവംബര്‍ 9: ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കുമാത്രം മുമ്പ് രാജീവ്ഗാന്ധി സര്‍ക്കാര്‍ പള്ളിയുടെ സ്ഥലത്ത് ക്ഷേത്രത്തിനു ശിലാന്യാസത്തിന് അനുമതിനല്‍കുന്നു. തര്‍ക്കസ്ഥലത്തു നടത്തിയ തറക്കല്ലിടല്‍ തര്‍ക്കസ്ഥലത്തല്ലെന്നു പ്രചരിപ്പിക്കാന്‍ ഗൂഢനീക്കം.
1990 ജനുവരി 8: സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതുവരെ ക്ഷേത്രനിര്‍മാണം തടയണമെന്നു സ്പെഷ്യല്‍ ജുഡീഷ്യന്‍ കോടതി മുമ്പാകെ അപേക്ഷ.
1990 ഫെബ്രുവരി 14: ക്ഷേത്രനിര്‍മാണം തുടങ്ങാന്‍ ശുഭസമയം വി.എച്ച്.പി. പ്രഖ്യാപിക്കുന്നു. പ്രധാനമന്ത്രി വി.പി. സിങ് തിയ്യതി മാറ്റിവയ്ക്കുന്നതില്‍ വിജയിക്കുന്നു.
1990 ജൂണ്‍ 8: ക്ഷേത്രനിര്‍മാണത്തിനുള്ള പുതിയ അന്തിമ തിയ്യതിയായി വി.എച്ച്.പി. ഒക്ടോബറില്‍ പ്രഖ്യാപിക്കുന്നു.
1990 ആഗസ്ത്: എല്‍.കെ. അഡ്വാനി അയോധ്യയില്‍ സമാപിക്കുന്ന പതിനായിരം കിലോമീറ്റര്‍ രഥയാത്ര ആരംഭിക്കുന്നു.
1990 സപ്തംബര്‍: എല്‍.കെ. അഡ്വാനി സോമനാഥ് - അയോധ്യ രഥയാത്ര തുടങ്ങുന്നു.
1990 ഒക്ടോബര്‍: അഡ്വാനിയെ ബിഹാറില്‍ അറസ്റ് ചെയ്തു. വി.പി. സിങ് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബി.ജെ.പി. പിന്‍വലിച്ചു.
1990 നവംബര്‍: വി.പി. സിങ് മന്ത്രിസഭ തകര്‍ന്നു.
1991: തര്‍ക്കപ്രദേശത്തിനുമേലുള്ള ചരിത്രപരവും പുരാവസ്തുഗവേഷണ പഠനപരവുമായ അവകാശവാദങ്ങള്‍ പരിശോധിക്കുന്നതിനായി നാലു വിദഗ്ധസംഘങ്ങളെ നിയോഗിക്കാന്‍ വി.എച്ച്.പിയും ആള്‍ ഇന്ത്യ ബാബരിമസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും തീരുമാനിക്കുന്നു. ബാബരി കമ്മിറ്റിയുടെ അവകാശവാദങ്ങള്‍ വി.എച്ച്.പി. നിരാകരിക്കുന്നു.
1991 ജൂലൈ: കര്‍സേവകര്‍ ബാബരിമസ്ജിദില്‍ പതാകയുയര്‍ത്തി.
1992 ജൂലൈ: സ്ഥിരം നിര്‍മാണത്തിന്റെ ആദ്യഘട്ടമായി മൂന്നടി ഉയരത്തിലുള്ള തറ ഉയര്‍ന്നു. നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നു യു.പി. സര്‍ക്കാരിന് സുപ്രിംകോടതിയുടെ നിര്‍ദേശം.
1992 നവംബര്‍ 23: അയോധ്യാപ്രശ്നത്തില്‍ ഭരണഘടനയും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്തു നടപടി സ്വീകരിക്കുന്നതിനും ദേശീയോദ്ഗ്രഥന കൌണ്‍സില്‍ (എന്‍.ഐ.സി.) പ്രധാനമന്ത്രിക്ക് പൂര്‍ണസമ്മതം നല്‍കി.
1992 ഡിസംബര്‍ 6: കര്‍സേവകര്‍ ബാബരിമസ്ജിദ് തകര്‍ത്തു. രാജ്യമെങ്ങും സംഘര്‍ഷം. എല്‍.കെ. അഡ്വാനിക്കും മറ്റു വി.എച്ച്.പി, ബി.ജെ.പി, നേതാക്കള്‍ക്കും മറ്റും എതിരേ കേസ്.
1992 ഡിസംബര്‍ 7: ബാബരിമസ്ജിദ് അതേ സ്ഥാനത്ത് പുനസ്ഥാപിക്കുമെന്നു പ്രധാനമന്ത്രി റാവു.
1992 ഡിസംബര്‍ 16: ലിബല്‍ഹാര്‍ കമ്മീഷനെ നിയമിച്ചു.
1992 ഡിസംബര്‍ 27: പള്ളി തകര്‍ത്ത സ്ഥാനത്തു പണിത താല്‍ക്കാലിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി.
1993: ബാബരി തകര്‍ത്തതിനുശേഷം പ്രദേശത്തെ നിലവിലുള്ള അവസ്ഥ തുടരും വിധം പ്രധാനമന്ത്രി റാവുവിന്റെ സര്‍ക്കാര്‍ ചില പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നു.
1993 ജനുവരി: അയോധ്യയില്‍ അലഹബാദ് ഹൈക്കോടതി ദര്‍ശനം അനുവദിച്ചു.
1994 ഒക്ടോബര്‍ 24: പള്ളി നിന്ന സ്ഥലത്തു പണിത താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധന നടത്തുന്നതിന് സുപ്രിംകോടതിയുടെ അനുമതി (അറബ് ന്യൂസ്, 2000 ഡിസം. 7).
1997 ഫെബ്രുവരി: സര്‍ക്കാര്‍ അക്വയര്‍ ചെയ്ത ജന്മഭൂമിസ്ഥാനത്തിന്റെ ചുമതലക്കാരനായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് അമിതാഭ് ശ്രീവാസ്തവയെ കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തി.
1998 ഫെബ്രുവരി 17: സിമി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ശാഹിദ് ബദറിന്റെ നേതൃത്വത്തില്‍ കേന്ദ്ര പ്രതിനിധി സഭാംഗങ്ങള്‍ ബാബരിമസ്ജിദ് ഭൂവില്‍ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി. പള്ളി തകര്‍ക്കപ്പെട്ടശേഷം അവിടത്തെ ബാരിക്കേഡിനുള്ളില്‍ പ്രവേശിക്കുന്ന ആദ്യ മുസ്ലിം സംഘമായിരുന്നു ഇത് (സിമി കേരള സോണ്‍ പ്രസിദ്ധീകരിച്ച ലഘുലേഖ, 1998).
2005-ല്‍ 5 ഇസ്ലാമിക ഭീകരര്‍ മന്ദിരം അക്ക്രമിക്കുകയും സുരക്ഷാസേനയുടെ വെടിയേറ്റ്‌ വീഴുകയും ചെയ്തു. ആ സംഭവത്തില്‍ 35 സി.ആര്‍.പി.എഫ് ജവാന്മാരും കൊല്ലപ്പെട്ടു.
2007 ഡിസംബര്‍ 6: ബാബരിമസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ന്യൂഡല്‍ഹി ജന്തഇരീമന്ദറില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും ആള്‍ ഇന്ത്യാ മജ്ലിസെ മുശാവറയുടെയും സംയുക്ത ധര്‍ണ.
2009 ജൂണ്‍ 30:   ലിബര്‍ഹാന്‍   കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു.
2009 നവംബർ 23: ലിബര്‍ഹാന്‍   റിപോര്‍ട്ട്   ചോര്‍ച്ച.
2009 നവംബർ 24: ലിബര്‍ഹാന്‍    റിപോര്‍ട്ട്  പാര്‍ലമെന്റില്‍ വച്ചു.
2009 ഡിസംബർ 6: ലിബര്‍ഹാന്‍   കമ്മീഷന്‍  കണ്െടത്തിയ കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ന്യൂഡല്‍ഹി ജന്തര്‍മന്ദറില്‍ ധര്‍ണനടത്തി.
2010 സപ്തംബര്‍ 23: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈക്കോടതി വിധി പറയാന്‍ ഒരു ദിവസം ശേഷിക്കെ സുപ്രിം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
2010 സപ്തംബര്‍ 28: ബാബരി വിധി പറയുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കേസിലെ 17ാം കക്ഷിയായ രമേശ് ചന്ദ്ര സമര്‍പ്പിച്ച ഹരജി സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് തള്ളി.
2010 സെപ്റ്റംബര്‍ 30:തര്‍ക്കഭൂമി മുന്ന് വിഭാഗങ്ങള്‍ക്കും തുല്യമായി വീതിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിച്ചു. രാമക്ഷേത്രം തകര്‍ത്താണ് പള്ളിനിര്‍മ്മിച്ചതെന്നും അതിനാല്‍ പള്ളിയുടെ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും ചരിത്രപ്രധാന വിധിയില്‍ കോടതി വ്യക്തമാക്കി.
2011 മെയ് 8 ന് രാജ്യത്തെ പരോമോന്നത കോടതി 2010 സെപ്റ്റംബര്‍ 30 ലെ അലഹബാദ് ഹൈകോടതിയുടെ വിധിക്ക് സ്റ്റേ പ്രഖ്യാപിച്ചു.

അവലംബം:- വിക്കിപീഡിയ.








2 comments :

shamzudheen mk said...

താങ്കളുടെ ബ്ലോഗ്‌ വായിച്ചു. വളരെ നന്നായിരിക്കുന്നു. അതില്‍ പള്ളി നിര്‍മ്മിച്ചത്‌ "മിര്‍ ബക്ഷി" എന്ന് എഴുതികണ്ടു. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ പേര് "മീര്‍ ബാക്കി ബേഗ് താഷ്കന്റി" എന്നാണ്. അദ്ദേഹം അവധിലെ (ഇന്നത്തെ അയോധ്യ) ഗവര്‍ണര്‍ ആയിരുന്നു.
മറ്റൊരു കാര്യം, യഥാര്‍ഥത്തില്‍ ബാബറി മസ്ജിദ് നിര്‍മ്മിച്ചത് ബാബറിന്റെ കാലത്ത് അല്ല. അതിനും എത്രയോ മുന്‍പ് അവധ് കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ശര്‍ക്കി രാജാക്കന്മാരാണ്‌ പള്ളി പണിതത്. അവര്‍ മുസ്ലിം രാജാക്കന്മാരായിരുന്നു. പിന്നീട് അധികാരം പിടിച്ചടക്കിയ ബാബര്‍ പള്ളിക്ക് തന്റെ പേര്‍ നല്‍കുകയായിരുന്നു.

മറ്റൊരു കാര്യം, ബാബറിന്റെ ആത്മകഥയുടെ പേര്‍ "തുസൂകി ബാബരി" എന്നാണ്. അത് തുര്‍ക്കി ഭാഷയിലാണ്. പിന്നീട് അതിനെ "ബാബര്‍ നാമ" എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. ബാബര്‍ നാമ പിന്നീട് താരിഖ്-ഇ-ബാബറി എന്ന പേരില്‍ ഉര്ധുവിലേക്ക് വിവര്‍ത്തനം ചെയ്തു. ഇതിനെല്ലാമിടക്ക് അതിലെ മൂന്ന് ഭാഗങ്ങള്‍ കാണാതാകപ്പെട്ടു.

എന്തായാലും ഈ വിഷയത്തില്‍ വളരെ ആധികാരികമായ ഒരു ബ്ലോഗ്‌ കാണാന്‍ സാധിച്ചതില്‍ വളരെ വളരെ ആഹ്ലാദം തോനുന്നു.

ബക്‌ഷ് എടയൂര്‍ said...

വളരെ നന്ദി ഷംസുക്ക.....ബ്ലൊഗ് സന്ദര്‍ശിച്ചതിനും കൂടുതല്‍ വിവരങ്ങള്‍ നല്‍കിയതിനും......
എനിക്കു കിട്ടിയ വിവരം അനുസരിച്ചാണ്‍ ഞാന്‍ "മീര്‍ ബക്ഷി" എന്നൊഴുതിയത്.ഗൂഗ്‌ള്‍ വിക്കിപീഡികയില്‍ "മീര്‍ ബക്ഷി"യെന്നും "മീര്‍ ബക്കി"യെന്നും കാണുന്നുണ്ട്.ശരിയായ മുഴുവന്‍ പേര്‍ അറിയാന്‍ കഴിഞതില്‍ സന്തോഷം...

Post a Comment