---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Saturday, November 24, 2012

പലസ്തീന്‍ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം..

1948 ല്‍ തുടങ്ങുന്ന കഥകള്‍ക്കുമപ്പുറം ചരിത്രം കുഴിക്കുമ്പോള്‍ വംശീയോന്മൂലനമെന്ന അജണ്ട മാത്രം ബാക്കിയാവുന്നു. യെറുശലേമെന്ന വിശുദ്ധഭൂമിക്കായി നടന്ന യുദ്ധങ്ങള്‍ക്കുമപ്പുറത്തെ ഇസ്രയേല്‍ ഫലസ്തീന്‍ നാള്‍ വഴികളിലൂടെ നമുക്ക് സഞ്ചരിക്കാം.



1517 മുതലുള്ള നാലു നൂറ്റാണ്ടുകള്‍ : പലസ്തീന്‍ തുര്‍ക്കിയിലെ ഒട്ടോമാന്‍ സുല്‍ത്താന്മാരുടെ അറബ് സാമ്രാജ്യത്തിന്റെ ഭാഗം.

1831-40 : ഒട്ടോമാന്‍ സുല്‍ത്താന്റെ ജെനറലായിരുന്ന് പിന്നീട് ഈജിപ്തിന്റെ ഭരണം കൈയ്യേറ്റ മുഹമ്മദ് അലിയുടെ ഭരണകാലത്താണ് ഫലസ്തീനിന്റെ ആധുനികീകരണം ആരംഭിച്ചതെന്ന് ചരിത്രകാരന്മാര്‍ . അദ്ദേഹത്തിന്റെ മകന്‍ ഇബ്രാഹിം പാഷയാണ് ആധുനികചരിത്രത്തിലാദ്യമായി ഒരു കേന്ദ്രീകൃതനികുതിനയവും ഭരണസൗകര്യത്തിനായി ജൂത,ക്രൈസ്തവരടക്കമുള്ള തദ്ദേശീയജനപ്രമുഖരെ ഉള്‍പ്പെടുത്തി ഭരണനിര്‍വഹണ സമിതികള്‍ ഉണ്ടാക്കിയത്.

1840കള്‍ : ഇബ്രാഹിം പാഷയുടെ പതനത്തെത്തുടര്‍ന്ന് ഫലസ്തീനില്‍ ഒട്ടോമാന്‍ ഭരണവും പിന്നീട് യൂറോപ്യന്‍ കോളനിവല്‍ക്കരണവും. "താന്‍സിമത്"എന്ന് വിളിക്കപ്പെട്ട ആധുനികീകരണ ശ്രമങ്ങള്‍ തുടരുന്നു.അതോടൊപ്പം ഭരണകേന്ദ്രീകരണവും സാമ്രാജ്യത്തെ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമവും.

1853-56 : ക്രിമിയന്‍ യുദ്ധമാരംഭിക്കുന്ന അവസരത്തില്‍ ഏതാണ്ട് അഞ്ചുലക്ഷമായിരുന്നു പലസ്തീന്‍ ജനസംഖ്യ എന്ന് മക് കാര്‍ത്തി. ഭൂരിപക്ഷവും അറബിസംസാരിക്കുന്നവര്‍ . ഏറിയപങ്കും മുസ്ലീമുകളും.പല സെക്റ്റുകളില്‍ പെട്ട ക്രൈസ്തവര്‍ അറുപതിനായിരത്തോളവും ജൂതവിഭാഗക്കാര്‍ ഏതാണ്ട് ഇരുപതിനായിരത്തോളവും ഉണ്ടായിരുന്നെന്നാണ് കണക്ക്. ഇവരെക്കൂടാതെ അന്‍പതിനായിരം ഒട്ടോമാന്‍ പടയാളികളും പതിനായിരത്തിനടുത്ത് യൂറോപ്യന്മാരും.

1878 : ഇന്നത്തെ ടെല്‍ അവീവിന്റെ ചുറ്റുവട്ടത്തായി ആദ്യ സയണിസ്റ്റ് കാര്‍ഷികകോളനി ഉയരുന്നു.

1882 : കിഴക്കന്‍ യൂറോപ്പില്‍ നിന്നും പതിനായിരക്കണക്കിനു ജൂതക്കുടിയേറ്റക്കാര്‍ ഫലസ്തീനിലേയ്ക്ക്.

1891 : ജൂതക്കുടിയേറ്റക്കാരുടെ സഹായത്തിനായി ആദ്യ സംഘടന - Jewish Colonization Association (JCA)- ജര്‍മ്മന്‍ ജൂതനായ മൊറീസ് ഡി ഹെര്‍ഷിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായി.

1896 : ജൂതര്‍ക്കായി ഒരു എക്സ്ക്ലൂസീവ് രാഷ്ട്രം ഉണ്ടാവേണ്ടതുണ്ടെന്ന ദീര്‍ഘകാലമായി നില്‍ക്കുന്ന ആശയം തിയോഡര്‍ ഹെര്‍സലിന്റെ "ജൂതരാഷ്ട്രം" എന്ന പുസ്തകത്തിലൂടെ രാഷ്ട്രീയ ആഹ്വാനമാകുന്നു.

1897-1904 : മേല്പ്പറഞ്ഞ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള ജെ.സി.ഏ യുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു. സ്വിറ്റ്സര്‍ലന്റില്‍ സ്ഥാപിതമായ ലോകസയണിസ്റ്റ് സംഘടന ഫലസ്തീനി ഒരു ജൂതരാഷ്ട്രം വേണമെന്ന ആവശ്യം ഔദ്യോഗിക പ്രമേയമാക്കുന്നു. Jewish National Fund എന്ന പേരില്‍ ഫലസ്തീനില്‍ ആവശ്യമെങ്കില്‍ ജൂതര്‍ക്കായി ഭൂമി വാങ്ങാനും നീക്കമാരംഭിക്കുന്നു.

1904-1911 : കൂടുതല്‍ ജൂതര്‍ ഫലസ്തീനിലേയ്ക്ക് കുടിയേറുന്നു.ഫലസ്തീനി അറാബ് കര്‍ഷകരുമായി പലയിടങ്ങളിലും സംഘരഷമാരംഭിക്കുന്നു. ജൂതര്‍ ജനസംഖ്യയുടെ 6% ആയി ഉയരുന്നു.


1914 : ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നു.

1917: ബ്രിട്ടന്റെ സെക്രട്ടറി ഒഫ് സ്റ്റേയ്റ്റ് , ബാല്ഫോര്‍ പ്രഭു ഫലസ്തീനില്‍ ഒരു 'സമ്പൂര്‍ണ്ണ ജൂതരാഷ്ട്ര'മുണ്ടാക്കുമെന്ന് സയണിസ്റ്റ് സംഘടനകള്‍ക്ക് ബാല്ഫോര്‍ ഡിക്ലറേയ്ഷനിലൂടെ വാക്ക് നല്‍കുന്നു.

1918 : ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെട്ടപ്പോള്‍ ഒപ്പം അവരെ പിന്തുണച്ച ഒട്ടോമാന്‍ തുര്‍ക്കിയും വീണു. ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ തെക്കുഭാഗം സൈക്സ്-പികോട്ട് ധാരണപ്രകാരം ഫ്രാന്‍സിനും ബ്രിട്ടനും വീതിച്ചുകിട്ടി .അന്ന് ബ്രിട്ടനു വീതിച്ചുകിട്ടിയ ഫലസ്തീന്‍ രാജ്യം യോര്‍ദാനും വെസ്റ്റ് ബാങ്കും ഇസ്രയേലും അടങ്ങുന്ന വിശാല ഭൂവിഭാഗമായിരുന്നു. ലെബനോനും സിറിയയും ഫ്രാന്‍സിനു പോയി.

1919 : ഫലസ്തീന്‍ ജനസംഖ്യയില്‍ മൃഗീയഭൂരിപക്ഷം വരുന്ന അറബികളെ നിഷ്കാസനം ചെയ്തേ ഇത് സാധ്യമാവൂ എന്ന് പച്ചയ്ക്ക് വിളിച്ചുപറയാന്‍ പാരീസിലെ സമാധാന സമ്മേളനത്തില്‍ സയണിസ്റ്റ് കമ്മീഷന്‍ അംഗങ്ങള്‍ തയ്യാറായി എന്നത് സമരസപ്പെടലിന്റെ സാധ്യതകളെ മുളയിലേ നുള്ളുന്നതായി. ജൂതക്കുടിയേറ്റത്തെ സഹായിക്കാനായി തദ്ദേശവാസികളെ ഫലസ്തീനില്‍ നിന്ന് കുടിയിറക്കിക്കൊടുക്കാമെന്നത് ഇംഗ്ലണ്ടിന്റെ വാഗ്ദാനങ്ങളില്‍ പെടും എന്ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പോലും എഴുതുകയുണ്ടായി.

1923 : ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഫലസ്തീനെ ബ്രിട്ടന്‍ ഭരണസൗകര്യാര്‍ത്ഥം രണ്ടായി പകുത്തു. യോര്‍ദാന്‍ നദിക്കു കിഴക്കുള്ള ഭാഗത്തെ അറബ് ഫലസ്തീനികള്‍ക്കും ("ട്രാന്‍സ് ജോര്‍ദാന്‍" എന്നുപേര്) എന്നും പടിഞ്ഞാറുള്ള കഷ്ണം ജൂതര്‍ക്കും എന്ന് നിശ്ചയിക്കപ്പെട്ടു.

1920-28 : പോളണ്ടില്‍ നിന്നടക്കം പതിനായിരക്കണക്കിനു ജൂതര്‍ ഫലസ്തീനിലേയ്ക്ക് കുടിയേറ്റം തുടരുന്നു. 1922 ലെ ബ്രിട്ടീഷ് കാനേഷുമാരിപ്രകാരം ജനസംഖ്യയുടെ 11% ആയിരുന്ന ജൂതര്‍ 1928 ആയപ്പോള്‍ 16% ആയുയര്‍ന്നു. മൊത്തം ഫലസ്തീന്‍ ഭൂമിയുടെ 4% അവരുടേതായിക്കഴിഞ്ഞിരുന്നു.


1932 : ആദ്യ ഫലസ്തീനി രാഷ്ട്രീയസംഘടന, ഹിസ്ബല്‍ ഇസ്തിക്ലാല്‍ (സ്വാതന്ത്ര്യ) പാര്‍ട്ടി, നിലവില്‍ വന്നു. അക്കാലത്ത് ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തില്‍ മുന്നിട്ടു നിന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ അനുകരിക്കാനും, ബഹിഷ്കരണതന്ത്രങ്ങള്‍ വഴി ബ്രിട്ടനെ പുറത്താക്കാനും ശ്രമിക്കുക ഇതിന്റെ ആദ്യകാല നയങ്ങളിലൊന്നായിരുന്നു.

1933- 1939 : തീക്ഷ്ണമായ തെരുവു കലാപങ്ങളുടെ കാലം. 1936 മെയ് മാസം അറബ് ഉന്നത രാഷ്ട്രീയ സമിതി ഫലസ്തീനില്‍ പൊതുപണിമുടക്കുപ്രഖ്യാപിക്കുന്നു. തുടര്‍ന്നു നടന്ന അക്രമാസക്തമായ പ്രകടനങ്ങള്‍ക്കു നേരെ ചിലയിടത്ത് ബ്രിട്ടീഷ് വെടിവയ്പ്പ്. ജൂതക്കുടിയേറ്റത്തിനെതിരേ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി നികുതിയടവ് ബഹിഷ്കരിക്കാന്‍ ആഹ്വാനമുണ്ടായി. ഒപ്പം പലഭാഗങ്ങളിലും ട്രെയിനുകള്‍ക്കുനേരെയും സൗദിമുതല്‍ ലെബനോന്‍ വരെ ആയിടെ സ്ഥാപിക്കപ്പെട്ട എണ്ണ പൈപ്പുലൈനിനു നേരെയും ഫലസ്തീനി സംഘങ്ങള്‍ ബോംബാക്രമണം നടത്തുകയുണ്ടായി.
കല്ലുകളേയും ഗ്രനേഡുകളെയും തടയാന്‍ ജൂതര്‍ സഞ്ചരിച്ചിരുന്ന ബസുകളില്‍ ഇരുമ്പഴികള്‍ പോലും വച്ചുപിടിപ്പിച്ചിരുന്നുവെന്ന് ചരിത്രം. ജാഫാ തുറമുഖത്ത് ജൂതര്‍ രഹസ്യമായി ഫലസ്തീനിലേയ്ക്ക് ആയുധം കടത്തിയത് പിടിയ്ക്കപ്പെട്ടപ്പോള്‍ പരസ്യമായി. ഇര്‍ഗുന്‍ എന്ന സയണിസ്റ്റ് തീവ്രവാദസംഘത്തിന്റെ ബോംബാക്രമണത്തില്‍ നൂറോളം ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതും തിരിച്ചടിയായി ജൂതര്‍ക്കുനേരെ കുഴിബോംബ് പ്രയോഗം നടക്കുന്നതും ഇക്കാലത്താണ്. ഇരുപക്ഷവും സ്വയരക്ഷയ്ക്കും പ്രത്യാക്രമണത്തിനുമായി ഭീകര/അധോലോക സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നതും ഇക്കാലത്തു തന്നെ.
1937 : പീല്‍ കമ്മീഷന്‍ ഫലസ്തീനെ വിഭജിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നു. 33% ജൂത രാഷ്ട്രത്തിനായി നീക്കിവയ്ക്കാനും അവിടെനിന്നും ഫലസ്തീനികളെ ഭാഗികമായി ഒഴിപ്പിക്കാനും അദ്ദേഹം ശുപാര്‍ശ വച്ചു.
കലാപങ്ങളെ തുടര്‍ന്ന് ബ്രിട്ടന്‍ ഫലസ്തീനി നേതാക്കളില്‍ പലരേയും നാടുകടത്തുകയും സംഘടനകളെ പിരിച്ചുവിടുകയും അടിച്ചമര്‍ത്തുകയും ചെയ്തു. ഫലസ്തീനികളുടെ സായുധസംഘടനകളെയും ആയുധ സ്രോതസ്സുകളെയും ഇല്ലാതാക്കുക വഴി ബ്രിട്ടീഷധികൃതര്‍ പില്‍ക്കാലത്തെ ഇസ്രയേലി യുദ്ധവിജയങ്ങള്‍ ഉറപ്പാക്കിക്കൊടുക്കുകയായിരുന്നുവെന്ന് പറയാം.
പീല്‍ കമ്മീഷന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥ സയണിസ്റ്റുകള്‍ തന്ത്രപരമായി അംഗീകരിച്ചു. അങ്ങനെ തങ്ങള്‍ 'പ്രശ്നകാരികളല്ല' എന്ന ഒരു ഇമേജുണ്ടാക്കിയെടുക്കുക എന്നതും അവരുടെ ബൃഹദ് പദ്ധതിയുടെ ഭാഗമായിരുന്നു. 1942 ആയപ്പോഴെയ്ക്കും ഈ മൃദുസമീപനത്തിന്റെ മൂടിയഴിച്ച് മുഴുവന്‍ ഫലസ്തീനും തങ്ങള്‍ക്കു വേണമെന്ന ആവശ്യം ഉന്നയിച്ചതു തന്നെ ഒരു യുദ്ധത്തയ്യാറെടുപ്പിനായുള്ള സമയം വാങ്ങുന്നതിനായിരുന്നു.

1933- 37 : ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ശാക്തിക ചേരികളുടെ ലോകക്രമത്തില്‍ മാറ്റങ്ങള്‍ . നാറ്റ്സികളുടെ ജൂതവേട്ടയും തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്നും ഫ്രാന്‍സ്, ബ്രിട്ടന്‍,പോളണ്ട്,ബെല്‍ജിയം,സ്വിറ്റ്സര്‍ലന്റ്,റഷ എന്നിവിടങ്ങളിലേയ്ക്ക് ജൂതരുടെ പലായനവും. ജര്‍മ്മനിയിലെയും പോളണ്ടിലെയും ഓസ്ട്രിയയിലെയും ജൂതരെ ഹിറ്റ്ലര്‍ വേട്ടയാടുന്ന അതേ അവസരത്തില്‍ ഫലസ്തീനില്‍ ബ്രിട്ടീഷ് അധികാരികളുടെ പിന്തുണയോടെ അറബികള്‍ക്കു മേല്‍ ജൂതര്‍ അക്രമമഴിച്ചുവിടുന്നുണ്ടായിരുന്നു.യൂറോപ്പുതന്നെയും സുരക്ഷിതമല്ലാതായപ്പോള്‍ ഫലസ്തീനിലേയ്ക്ക് കുടിയേറിയ ജൂതരുടെ എണ്ണവും വലുതാണ്.

1939 : പത്തുവര്‍ഷത്തിനു ശേഷം ഉപാധികളോടെ ഫലസ്തീനു സ്വാതന്ത്ര്യമനുവദിക്കാമെന്ന് ബ്രിട്ടീഷ് പൊതുസഭ ധവളപത്രമിറക്കുന്നു. പ്രതിവര്‍ഷം 15,000 ജൂതരെന്ന കണക്കില്‍ അടുത്ത അഞ്ചുവര്‍ഷം കൂടി കുടിയേറ്റമനുവദിക്കണമെന്നും പത്രത്തില്‍ പറയുന്നു.

1943 : ബ്രിട്ടന്‍ 1939-ലെ ധവളപത്രത്തിലൂടെ ജൂതക്കുടിയേറ്റത്തിനായി അനുവദിച്ച അഞ്ചു വര്‍ഷത്തെ കാലാവധി നീട്ടുന്നു. ഫലസ്തീനികളെ ആശ്വസിപ്പിക്കുന്നതിനായി ജൂതര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യുന്നത് നിയന്ത്രിച്ചുകൊണ്ട് നിയമവും കൊണ്ടുവന്നത് ഈ സമയത്താണ്.
1947 : ലോകരാജ്യങ്ങളുടെ പുതിയ അന്താരാഷ്ട്ര സമിതിയായ ഐക്യരാഷ്ട്രസഭയോട് ഫലസ്തീന്‍ പ്രശ്നത്തിലിടപെടാന്‍ ബ്രിട്ടന്‍ അഭ്യര്‍ത്ഥിക്കുന്നു. യു.എന്നിന്റെ ഫലസ്തീന്‍ കമ്മിറ്റിയായ യുനെസ്കോപ് (UNSCOP) നിലവില്‍ വരുന്നു. 29 നവംബറോടു കൂടി ഫലസ്തീനെ വിഭജിക്കാനുള്ള തീരുമാന(Resolution 181)മാകുന്നു.
ജനസംഖ്യയില്‍ മൂന്നിലൊന്നുപോലുമില്ലാത്ത, 10% പോലും ഭൂമി കൈവശമില്ലാതിരുന്ന ജൂതരെ പുനരധിവസിപ്പിക്കാന്‍ ഫലസ്തീന്റെ 56% ഭൂമി നല്‍കാനാണ് തീരുമാനമായത്. ക്രൈസ്തവ രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദപ്രകാരം യെറുശലേമിനെ അന്താരാഷ്ട്രതീര്‍ത്ഥാടന നഗരമായി നിലനിര്‍ത്താനും ധാരണയായി.

1948 : അറബ് ലഹളയെ തുടര്‍ന്ന് നാടുകടത്തപ്പെട്ടിരുന്ന ഫലസ്തീനി നേതാവ് അബ്ദുല്‍ ഖാദിര്‍ അല്‍ ഹുസൈനി പത്തുവര്‍ഷത്തിനു ശേഷം ഫലസ്തീനില്‍ പോരാട്ടത്തിന്റെ നേതൃത്വമേല്‍ക്കുന്നു. ഭൂവിഭാഗങ്ങളെ അതാത് സ്ഥലത്തെ പ്രബലവിഭാഗങ്ങള്‍ക്കായി ഏല്പ്പിച്ചിട്ട് സ്ഥലം വിടാന്‍ ബ്രിട്ടന്‍ പദ്ധതിയിടുന്നതോടെ ഭീകരമായ കലാപങ്ങള്‍ തുടങ്ങുന്നു.
യഹൂദ സായുധസംഘം (ഹാഹ്ഗാന) യുദ്ധത്തിനായി ആഹ്വാനം നല്‍കി റിക്രൂട്ട്മെന്റ് ആരംഭിച്ചു. ഇതിനോടകം എറെറ്റ്സ് യിസ്രായേല്‍ എന്ന സ്വയം പ്രഖ്യാപിത ഇസ്രയേല്‍ 'ദലേത് പദ്ധതി'യെന്ന കുപ്രസിദ്ധമായ ഫലസ്തീന്‍ വംശീയോന്മൂലനം ആരംഭിക്കുന്നു. 1948 മാര്‍ച്ച് അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിക്കുന്നു. വിഭജനത്തേക്കാള്‍ നല്ലത് വിവിധപ്രദേശങ്ങളില്‍ സ്വയംഭരണമേര്‍പ്പെടുത്തുന്നതാണെന്ന ഐക്യരാഷ്ട്ര സുരക്ഷാസമിതിയുടെ നിര്‍ദ്ദേശം അറബ് നേതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറായെങ്കിലും സയണിസസ്റ്റുകള്‍ക്ക് അതു സ്വീകാര്യമായിരുന്നില്ല.
അബ്ദല്‍ ഖാദിര്‍ ഹുസൈനി ഈജിപ്തില്‍ നിന്നും പോരാളികളുമായി വന്നാണ് ഒന്നാം അറബ്-ഇസ്രയേലി യുദ്ധമെന്ന് വിശേഷിപ്പിക്കുന്ന ഈ പോരാട്ടത്തില്‍ പങ്കുകൊണ്ടത്. യുദ്ധത്തിന്റെ തുടക്കം അറബുകള്‍ക്ക് വിജയം നല്‍കിയെങ്കിലും തന്ത്രപരമായ മേല്‍ക്കോയ്മയും ആയുധസന്നാഹങ്ങളും ഇസ്രയേലിനെ അന്തിമവിജയിയാക്കുകയായിരുന്നു. അല്‍ ഹുസൈനി കൊല്ലപ്പെടുകയും ചെയ്തു. മാര്‍ച്ച് മാസം മുതല്‍ മേയ് 15 വരെ നീണ്ട ഭീകരമായ അക്രമങ്ങളുടെ അവസാനം രണ്ടരലക്ഷത്തോളം ഫലസ്തീനികള്‍ നിഷ്കാസിതരായി.ഏപ്രില്‍ മെയ് മാസങ്ങളില്‍ ചെക്കോസ്ലോവാക്ക്യയില്‍ നിന്നെത്തിയ ആധുനികായുധങ്ങള്‍ യഹൂദരുടെ വിജയത്തിനു കാര്യമായി സഹായിച്ചു. മെയ് 14നു (ബ്രിട്ടീഷ് ഭരണകാലാവധി തീരവെ) ഇസ്രയേലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം. ഇസ്രയേലെന്ന രാഷ്ട്രത്തെ അംഗീകരിക്കാന്‍ ആദ്യം മുന്നോട്ട് വന്നത് അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാനായിരുന്നുവെന്നത് യാദൃച്ഛികമല്ല.

1948-49 : സ്വാതന്ത്ര്യപ്രഖ്യാപനശേഷവും ഫലസ്തീനി അറബുകളെ കുടിയിറക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പത്തുലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി എന്ന് ചില കണക്കുകള്. പലവട്ടം സമാധാനക്കരാറുകള്‍ ഉണ്ടായി. അതിനേക്കാള്‍ കരാര്‍ ലംഘനങ്ങളും.

1950 കള്‍ : ഈജിപ്തില്‍ 1928 ല്‍ സ്ഥാപിക്കപ്പെട്ട പാന്‍ ഇസ്ലാമിസ്റ്റ് മൂവ്മെന്റായ 'മുസ്ലീം ബ്രദര്‍ഹുഡി'നു ഗാസയിലും വെസ്റ്റ് ബാങ്ക് പ്രവിശ്യയിലും തമ്പടിച്ചിരുന്ന ഫലസ്തീനി അഭയാര്‍ത്ഥികള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിക്കുന്നു. സ്വാതന്ത്ര്യപ്പോരാളികളെന്നറിയപ്പെടുന്ന ഫിദായീനുകള്‍ ദേശീയാവേശമായി ഉയരുന്നതും ഇക്കാലത്താണ്. ഫിദായീനുകളുടെ യുവവിഭാഗത്തില്‍ നിന്നും 1954ല്‍ "ഹര്‍ക്കത്തല്‍ താരിര്‍ അല്‍വ്വതാനി അല്‍ ഫലസ്തീനി" എന്ന ഫത്താ പാര്‍ട്ടി ഉയിര്‍കൊണ്ടു.
ഈ സംഘങ്ങളൊക്കെയും ഭീകരപ്രവര്‍ത്തനത്തിനു സജ്ജമായ ചെറു സായുധതീവ്രവാദഗ്രൂപ്പുകളെ തുടക്കം മുതല്‍ക്കുതന്നെ വളര്‍ത്തേണ്ടത് ആവശ്യമായിരുന്നു. പാന്‍ ഇസ്ലാമിസം എന്ന അജണ്ട ചിതറിപ്പോയ ഫലസ്തീനികളെ മതവൈകരികതയുടെ പേരില്‍ യോജിപ്പിക്കാന്‍ സഹായിച്ചിരുന്നുവെന്ന് വ്യക്തം.

1964 : മെയ് മാസം യെറുശലേമില്‍ കൂടിയ നാനൂറോളം ഫലസ്തീനി നേതാക്കള്‍ ചേര്‍ന്ന് "മുനതമ്മത് അല്‍ താഹ്രിര്‍ അല്‍ ഫലസ്തിനീയ്യ" എന്ന ഫലസ്തീനിയന്‍ ലിബറേയ്ഷന്‍ ഓര്‍ഗനൈസേഷനു (PLO) രൂപം നല്‍കുന്നു. സായുധ പോരാട്ടമാണ് ഫലസ്തീനെ വീണ്ടെടുക്കാനുള്ള ഏകവഴിയെന്ന് പ്രഖ്യാപനം. അഭയാര്‍ത്ഥികളുടെ അവകാശങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനമെന്നതിലുപരി തങ്ങളുടെ ഭൂമിയില്‍ നിന്നുള്ള ജൂതരുടെ ശാരീരിക ഉന്മൂലനവും ലക്ഷ്യങ്ങളിലൊന്നായി പ്രചരിപ്പിക്കപ്പെട്ടു.
ഇവിടുന്നങ്ങോട്ടു നമുക്ക് പരിചിതമായ ചരിത്രം തീവ്രവാദത്തിന്റെയും മതവൈരത്തിന്റെയും കൂടിയാണ്. ഇരുവശത്തും അത് ആളിക്കത്തിക്കാന്‍ എണ്ണയൊഴിച്ചുകൊടുക്കുന്നതില്‍ യൂറോപ്യന്‍-അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും ഉള്ള പങ്കു ചെറുതല്ല.എങ്കിലും ഫലസ്തീനികളെ "ടെററിസ്റ്റുകള്‍" എന്ന് സാമാന്യവല്‍ക്കരിക്കും മുന്‍പ് അവര്‍ അങ്ങനെയായിത്തീര്‍ന്നതിന്റെ ഈ ചരിത്രം ഓര്‍ക്കുന്നത് നല്ലതാണ്.

0 comments :

Post a Comment