---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, August 16, 2012

റമദാന്‍ വിടപറയുന്നു; ചൈതന്യം നിലനില്‍ക്കുന്നു...

പുണ്യങ്ങളുടെ പൂക്കാലമായി പെയ്തിറങ്ങി, സ്‌നേഹത്തിന്റെയും സമഭാവനയുടെയും സൗരഭ്യംപരത്തി വിശ്വാസി ഹൃദയങ്ങളെ പുളകമണിയിച്ച വിശുദ്ധ റമദാന്‍ വിടപറയുകയാണ്.
വ്രതാനുഷ്ഠാനമാണല്ലോ റമദാന്‍ മാസത്തിലെ വിശിഷ്ടമായ ആരാധന. വ്രതത്തിന് ഖുര്‍ആന്‍ 'സൗം' എന്ന പദമാണ് പ്രയോഗിച്ചത്. 'സൗം' എന്ന അറബി വാക്കിന് തടഞ്ഞുവെക്കുക, പിടിച്ചുനിര്‍ത്തുക എന്നൊക്കെയാണ് അര്‍ഥം. അന്നപാനീയങ്ങളും ഭോഗസുഖങ്ങളും ഒരു നിശ്ചിതസമയത്തേക്ക് വേണ്ടെന്നുവെക്കുന്നതുകൊണ്ടാണ് നോമ്പിന് 'സൗം' എന്ന പേര്‍ വന്നത്.
'സൗം' (നോമ്പ്) രണ്ടു തരമുണ്ടെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചുതന്നിട്ടുണ്ട്. സാധാരണഗതിയില്‍ അനുവദനീയവും മനുഷ്യന്റെ നിലനില്‍പിന് അനിവാര്യവുമായ അന്നപാനീയങ്ങളും ഭോഗസുഖങ്ങളും പ്രഭാതോദയം മുതല്‍ സൂര്യാസ്തമയംവരെ ഉപേക്ഷിക്കുക എന്നതുതന്നെയാണ് ഒന്നാമത്തേത്. വ്രതത്തിന്റെ പ്രത്യക്ഷമായ അനുഷ്ഠാനമാണിത്. തെറ്റായ വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കുകയും അനുവദനീയമല്ലാത്തതും അവിഹിതവുമായ ഒന്നും ആസ്വദിക്കാതെ ദേഹേച്ഛയെ പിടിച്ചുനിര്‍ത്തുകയും ചെയ്യുന്നതാണ് രണ്ടാമത്തെ നോമ്പ്. വ്രതത്തിന്റെ ഈ വശമാണ് അനുഷ്ഠാനത്തിന്റെ ചൈതന്യം. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന അനുഷ്ഠാനം റമദാന്‍ മാസത്തോടൊപ്പം വിടപറയുന്നു. അനുഷ്ഠാനംവഴി വിശ്വാസിയുടെ ജീവിതത്തില്‍ ജ്വലിച്ചുയര്‍ന്ന ചൈതന്യം അവനെ വിട്ടുപോകുന്നില്ല. വരുംകാല ജീവിതത്തില്‍ ആത്മബലമായും ധാര്‍മികശക്തിയായും അത് വിശ്വാസിയോടൊപ്പം തന്നെയുണ്ടാവും.
പൊതുസമൂഹവുമായും പൊതുമുതലുമായും നിരന്തരമായി ഇടപഴകേണ്ടിവരുന്ന മനുഷ്യനില്‍ ഈ ആത്മീയ ശക്തിയെ ഊതിക്കാച്ചി ബലപ്പെടുത്തിയെടുക്കാനുള്ള വഴിമാത്രമാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന തീവ്രമായ വ്രതപരിശീലനം.
120 കോടിയിലധികം മനുഷ്യര്‍ അധിവസിക്കുന്ന നമ്മുടെ രാജ്യത്ത് മഹാഭൂരിഭാഗവും മതവിശ്വാസികളാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടേതായ വ്രതരീതികളുണ്ട്. ഓരോ മതസമൂഹവും അതിന്റെ അനുയായികളെ വ്രതാനുഷ്ഠാനങ്ങളിലൂടെ ധര്‍മനിഷ്ഠ ബലപ്പെടുത്തിയെടുത്ത് ഉത്തമപൗരന്മാരായി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ആ ധാര്‍മികത നമ്മുടെ സാമൂഹിക ജീവിതത്തിന് ആധാരമാവുകയും ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. അത്തരമൊരിന്ത്യയായിരുന്നല്ലോ നമ്മുടെ രാഷ്ട്രപിതാവിന്റെ സ്വപ്‌നവും. സ്വജനപക്ഷപാതവും അഴിമതിയും തടയാന്‍ നിയമനിര്‍മാണംകൊണ്ട് മാത്രം സാധിക്കുമെന്ന വ്യാമോഹം മൗഢ്യമാണ്.
വഴിവിട്ടു സഞ്ചരിക്കുന്ന ദേഹേച്ഛകളെ നിയന്ത്രിച്ചുനിര്‍ത്താനുള്ള ആത്മീയശക്തി നേടിയെടുത്ത വിശ്വാസികള്‍ക്ക് പെരുന്നാള്‍രാവിന്റെ തക്ബീര്‍ ധ്വനികള്‍ക്കുവേണ്ടി കാതോര്‍ക്കാം.
എല്ലാവര്ക്കും പെരുന്നാള്‍ സന്തോഷങ്ങള്‍ നേരുന്നു....

1 comments :

Jefu Jailaf said...

<>മനോഹരം.. ഈദു മുബാറക്..

Post a Comment