---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Friday, August 22, 2014

അബ്ദുൽ അഹദ് തങ്ങൾ(87) നിര്യാതനായി....


 ജമാഅത്തെ ഇസ്‍ലാമി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ അഹദ് തങ്ങള്‍ ഇന്ന് (ആഗസ്ത് 22 വെള്ളിയാഴ്ച്ച) വൈകുന്നേരം അഞ്ചുമണിക്ക് നിര്യാതനായി. 87 വയസ്സായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശമായ മലപ്പുറം വളാഞ്ചേരി എടയൂരിലാകും മയ്യിത്ത് നമസ്കാരം.


1927 ല്‍ തളിപ്പറമ്പ് അയനിക്കാട് അബ്ദുല്ല കോയയുടെയും കുഞ്ഞീബിയുടെയും മകനായായിരുന്നു അബ്ദുല്‍ അഹദ് തങ്ങളുടെ ജനനം. മാഹിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളജിലും പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജിലും പഠനം. പിന്നീട് മലപ്പുറം വളാഞ്ചേരിയിലെ എടയൂരിലേക്ക്‌ താമസം മാറ്റി. ചെറുപ്പകാലത്തു തന്നെ ജമാഅത്തെ ഇസ്‍ലാമിയില്‍ അംഗമായ അഹദ് തങ്ങള്‍ സംഘാടന പാടവം കൊണ്ട് ശ്രദ്ധേയനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസമനുഷ്ടിച്ചിട്ടുണ്ട്.

1990 മുതല്‍ 2007 വരെ ജമാ അത്തെ ഇസ്‍ലാമി ഉപാധ്യനായിരുന്നു. ദീര്‍ഘ കാലം ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര പ്രതിനിധി സഭ അംഗമായും സംസ്ഥാന കൂടിയാലോചനാ സമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇസ്‍ലാമിക് പബ്ലിഷിംഗ് ഹൗസ്, പ്രബോധനം വാരിക, മജ്ലിസുത്തഅ്ലീമുല്‍ ഇസ്‍ലാമി എന്നിവയുടെ വളര്‍ച്ചയില്‍ നേതൃപരമായ സംഭാവനകള്‍ നല്‍കിയ അബ്ദുല്‍ അഹദ് തങ്ങള്‍ ബോധനം മാസികയുടെ പ്രഥമ പത്രാധിപരായരുന്നു. കൂടാതെ ദീര്‍ഘനാളുകളായി എടയൂര്‍ IRS ന്റെയും IRS മാനേജ്മെന്റിന് നേതൃത്വം നല്‍കുന്ന എടയൂര്‍ ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ചെയര്‍മാനും സ്ഥാപകനേതാവും കൂടിയാണ്.

ഭാര്യ ഹാജിസാഹിബിന്‍റെ സഹോദരി പുത്രി  ഇരിമ്പിളിയം പള്ളിക്കര നേന്ത്രത്തൊടി നഫീസ.
മക്കള്‍: ഹമീദുദ്ദീന്‍ ജലീല്‍ (ഖത്തര്‍), അബ്ദുല്‍ ജലീല്‍ (ഷാര്‍ജ), മുഹമ്മദ് അബ്ദുര്‍റഹ്മാന്‍, അബ്ദുസ്സലാം, മുനീറ, അബ്ദുല്‍ ഗഫൂര്‍ (ബഹ്റൈന്‍), അബ്ദുല്‍ ബാരി, സാജിദ, പരേതയായ സഫിയ.
മരുമക്കള്‍: അനീസ് മാറഞ്ചേരി, അബൂബക്കര്‍ (സഫ കോളജ്, പൂക്കാട്ടിരി), എ.പി.എം. റംല (മൂടാല്‍), ഖാനിത (മുക്കിലപീടിക), വി.കെ. ശരീഫ (പടിഞ്ഞാറ്റുംമുറി), എം.പി. ഹസീന (അധ്യാപിക, എച്ച്.എ.എല്‍.പി.എസ് പൂക്കാട്ടിരി), ഷമീറ കല്ലായി, ആരിഫ പറപ്പൂര്‍, പരേതനായ അബൂബക്കര്‍ സിദ്ദീഖ് (മേലാറ്റൂര്‍).
ജനാസ : നാളെ രാവിലെ 11:00 ന്‌ എടയൂര്‍ പൂക്കാട്ടിരി ജുമാ മസ്ജിദിൽ.

അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കി അല്ലാഹുവിലേക്ക് യാത്രയായ അദ്ദേഹത്തിന്‍ സ്വര്‍ഗത്തില്‍ ഏറ്റവും സന്തോഷതോടെ ഒത്തു ചേരാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.. 

0 comments :

Post a Comment