ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോങ്കറസേ'യെന്ന പഴയ മുദ്രാവാക്യത്തിന് 'ഞമ്മളെ മെയില് ഞമ്മള് ചോര്‍ത്ത്യാ ഇങ്ങക്കെന്താ മാര്‍ക്കിസ്റ്റേ'യെന്ന പരിണാമം രൂപപ്പെട്ടു വരുന്നുവെന്നാണ് മാധ്യമംവാരിക പുറത്തു വിട്ട മെയില്‍ ചോര്‍ത്തല്‍ സംഭവത്തിന്‍റെ ഭാഗമായി വരുന്ന ചില പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം പ്രമുഖരടക്കമുള്ള 258 പേരുടെ ഈ മെയില്‍ വിലാസങ്ങള്‍ പോലീസ് നിരീക്ഷിക്കുന്നുവെന്നും ലോഗിന്‍ വിവരങ്ങള്‍ പോലും ശേഖരിച്ചുവെന്നുമുള്ള വെളിപ്പെടുത്തല്‍ കേരളീയ പൊതുസമൂഹത്തില്‍ വലിയ ഞെട്ടലുകള്‍ ഉളവാക്കിയെങ്കിലും, മുഖ്യധാരാ മാധ്യമങ്ങളോ ഈ സംഭവത്തിന്റെ ഇരകളായ മുസ്ലിംകളുടെ അഭിമാനത്തിന്റെ അടിയാധാരം കൈവശപ്പെടുത്തിയ മതസംഘടനകളോ ഞെട്ടുക പോയിട്ട് ഒന്ന് ഇമ വെട്ടുക പോലും ചെയ്യാതെ മസില് പിടിച്ചിരിക്കുന്ന കാഴ്ചയാണ് കേരള പോലീസിന്റെ ഈ ഉടുമുണ്ട് പൊക്കലിനേക്കാള്‍ അശ്ലീലമായി അനുഭവപ്പെടുന്നത്.
വാര്‍ത്ത പുറത്തു വന്ന നിമിഷം തന്നെ പ്രതികരണത്തിന്റെ ഹോര്‍മോണ്‍ നശിച്ചുപോകാത്ത കുറച്ചു സംഘടനകളും, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ കുറെ വ്യക്തികളും പ്രതിഷേധവുമായി രംഗത്തെത്തിയെന്നത് സത്യം. മുമ്പ് ലൌ ജിഹാദില്‍ കുരുങ്ങി വിവാദ പ്രസ്താവന നടത്തിയ വീ എസെടക്കം പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. പ്രശ്നത്തില്‍ പൊതുസമൂഹത്തിന്റെ പള്‍സ് തൊട്ടറിയാന്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. വിഷയത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട ഒരേയൊരു ദൃശ്യമാധ്യമംഇന്ത്യാവിഷനാണ്. അവരുടെ ഫേസ്‌ബുക്ക് പേജിലടക്കം അര്‍ഹമായ പ്രാധ്യാന്യത്തോടെ വിഷയാധിഷ്ടിത പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുമുണ്ട്. സമസ്തയ്ക്കും മുജാഹിദുകള്‍ക്കും നമസ്കാരത്തിനും നോമ്പിനുമപ്പുറമുള്ളതെല്ലാം 'ഇഹലോക'കാര്യങ്ങളായാതിനാല്‍ അവരീ വിവാദത്തില്‍ കക്ഷി ചേര്‍ന്നു കൊള്ളണമെന്നില്ല. എന്നാലിവിടെ മറ്റൊരു കൂട്ടരുണ്ടല്ലോ, സമുദായ പാര്‍ട്ടിക്കാര്‍. അവരുടെ ഒരു ലോകസഭാംഗമടക്കം നിരവധി ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും ഈ-മെയിലുകള്‍ നിരീക്ഷണ വിധേയമാക്കി കൊണ്ടിരിക്കുന്നുവെന്ന് കേട്ടപ്പോഴെങ്കിലും ഒന്ന് ഞെട്ടേണ്ടേ? അല്ലെങ്കില്‍ ഞെട്ടിയെന്ന് വരുത്തേണ്ടേ? എവിടെ! കോഴിക്കോട്ടെ ലീഗ് ഹൗസ് തന്നെ ജപ്തി ചെയ്തു കൊണ്ടു പോയാലും ആ കാന്റീന്‍ അവിടെ വെക്കണേയെന്ന മനോഭാവക്കാര്‍ക്ക് ഈമെയില്‍ ചോര്‍ത്തിയാലെന്ത്, ആ മെയില്‍ ചോര്‍ത്തിയാലെന്ത്!
അല്ലെങ്കിലും ഇവരെപ്പോഴാണ് സമുദായത്തോടൊപ്പം നിന്നിട്ടുള്ളത്? പണ്ട് പണ്ട് ഒരു ബാഫഖി തങ്ങളും സീഎച്ചും ജീവിച്ചിരുന്നുവെന്ന് കരുതി കുഞ്ഞാലിക്കുട്ടിയുടെ ആസനത്തില്‍ തഴമ്പ് കാണണമെന്നില്ലല്ലോ. കൃത്യമായി പറഞ്ഞാല്‍ ബാബരി മസ്ജിദ് തകര്‍ച്ചക്ക് ശേഷം ഹൈക്കമാണ്ടിന്റെ അടുക്കളയിലെ പൂച്ചക്കുട്ടിയായി കുണുങ്ങിക്കഴിയാനല്ലാതെ ഇവര്‍ക്ക് സാധിചിട്ടുണ്ടോ? ഉറങ്ങിക്കിടക്കുന്ന സിംഹമാവാന്‍ പോയിട്ട് ആണത്തമുള്ളൊരു കണ്ടന്‍ പൂച്ചയാവാന്‍ പോലും കഴിയാത്തവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതാണ് തെറ്റ്! കോണ്‍ഗ്രസ്സിനോടുള്ള വിധേയത്വമോ അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തിയോ കാരണം സ്വന്തം വോട്ടു ബാങ്കിനോടുള്ള കടപ്പാട് പോലും ഇക്കൂട്ടര്‍ പലപ്പോഴും മറന്നു കളഞ്ഞുവന്നതാണ് സത്യം.
ബാബരി മസ്ജിദിന്‍റെ പേര് പറയുമ്പോഴേക്കും 'കേരളത്തെ വര്‍ഗീയ കലാപങ്ങളില്‍ നിന്നും രക്ഷിച്ചെടുത്ത' കള്ളക്കഥ പറഞ്ഞു തടി തപ്പാനാവും ലീഗുകാരുടെ എപ്പോഴുമുള്ള ശ്രമം. അമിതമായ വ്യക്തി സമ്മര്‍ദങ്ങള്‍ക്ക് പലപ്പോഴും അടിയറവ് പറയേണ്ടി വന്നെങ്കിലും കേരള പൊതുസമൂഹത്തിന്റെ മൊത്തത്തിലുള്ള ആദരവ് പിടിച്ചു പറ്റിയ നേതാവ് തന്നെയായിരുന്നു ശിഹാബ് തങ്ങള്‍. പക്ഷെ, ബാബരി തകര്‍ച്ചയുടെ കാലത്ത് കേരളത്തിലൊരു ബോംബെ ആവര്‍ത്തിക്കാതെ പോയത് ശിഹാബ് തങ്ങളുടെ ആഹ്വാനം കൊണ്ടാണെന്ന് പ്രചരിപ്പിക്കുന്നവര്‍ കേരള മുസ്ലികളില്‍ ബോധപൂര്‍വം അടിച്ചേല്‍പ്പിക്കുന്ന ആരോപണം ഇവരൊക്കെയും തൊണ്ണൂറ്റി രണ്ടു ഡിസംബര്‍ ആറു മുതല്‍ കണ്ണില്‍ കണ്ട ഹിന്ദു സഹോദരന്മാരെ മുഴുവന്‍ ചുട്ടു ചാമ്പലക്കാന്‍ നില്‍ക്കുന്നവരാണെന്നത് തന്നെയാണ്. അക്രമണോത്സുകരായി നില്‍ക്കുന്നവരോടല്ലാതെ സമാധാനത്തിന് ആഹ്വാനം ചെയ്യേണ്ടതില്ലല്ലോ! എന്നാല്‍ സത്യമെന്തായിരുന്നു? കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെ എവിടെയെങ്കിലും വല്ല അക്രമ പ്രവര്‍ത്തങ്ങളും അരങ്ങേറിയിരുന്നുവെങ്കില്‍ തന്നെ അതിലെ ഒരു കക്ഷി ലീഗുകാര്‍ മാത്രമായിരുന്നു. അവരൊക്കെയും ശിഹാബ് തങ്ങളുടെ പ്രസ്താവന കേട്ട് ആയുധം താഴെ വെച്ചിട്ടുമുണ്ടാവാം. അല്ലാതെ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും ആത്മസംയമനം പാലിച്ചത് കേരളീയ സംസ്കാരത്തില്‍ നിന്നും അവര്‍ ആര്‍ജിച്ചെടുത്ത സഹിഷ്ണുതയുടെ പാഠങ്ങള്‍ ഒന്നുകൊണ്ടു മാത്രമായിരുന്നു.
ഈ പ്രചാരണം, കേരള മുസ്‌ലിം പുരോഗതിയുടെ കാരണം മുസ്‌ലിം ലീഗാണെന്ന മറ്റൊരു കള്ളപ്രചരണത്തിന്‍റെ രണ്ടാം ഭാഗമാണെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന് പുറത്തു ജന്മം കൊണ്ട്, ഞാന്‍ നേരത്തെ പറഞ്ഞ ഉത്കൃഷ്ടമായ കേരളീയ സാംസ്കാരിക ഭൂമികയുടെ പ്രകൃതം കൊണ്ട് പച്ച പിടിക്കാന്‍ കഴിഞ്ഞ, ആശയപരമായ അപചയത്താല്‍ മലബാറില്‍ മാത്രം ഒതുക്കപ്പെട്ട സ്വന്തം ചരിത്രത്തെ കളവു കൊണ്ട് വ്യഭിചരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മത്തു പിടിച്ച അധികാരക്കണ്ണുകള്‍ സ്വന്തം പാളയത്തിലുള്ളവരുടെ തെറ്റുകള്‍ ശരിയായി മാത്രമേ കാണൂവെന്നത് ഇന്നുവരെയുള്ള മനുഷ്യചരിത്രം തന്നെയാണ്. മുസ്‌ലിംകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വ്യാജ ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും അനേകം നടക്കുമ്പോഴും കോണ്‍ഗ്രസ്സിനെ പിണക്കാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല. അപവാദമായി കണ്ടത് ബട്ട്‌ല വ്യാജ ഏറ്റുമുട്ടലില്‍ മുനീര്‍ നടത്തിയ പ്രതികരണം മാത്രമാണ്. അതില്‍ പോലും ഒരു പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തുവെന്നതിനപ്പുറം ഒരു സമ്മര്‍ദ ശക്തിയായി ന്യായം നേടിയെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുമില്ല. മറ്റു സംഭവങ്ങളിലൊക്കെയും വേട്ടക്കാരനോപ്പം കുതിക്കുകയും ഇരയോടൊപ്പം കിതക്കുകയും ചെയ്യുന്ന അപഹാസ്യമായ സമീപനമാണ് ഇവരില്‍ നമുക്ക് ദര്‍ശിക്കാനാവുന്നത്. പരിവാര ഫാഷിസ്റ്റുകള്‍ ഭീ എന്ന് പറയുമ്പോഴേക്കും ഭീകരനെന്ന് ഏറ്റുവിളിക്കാന്‍ ഷാജി - മുനീര്‍ കൂട്ടുകെട്ട് നടത്തിയ മത്സരത്തിന്റെ ഫലം തന്നെയാണ് ലൌ ജിഹാദും ഈ-മെയില്‍ നിരീക്ഷണവുമൊക്കെയെന്നു പറയാതെ വയ്യ.
ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ സമുദായത്തിന്‍റെ അക്കൗണ്ടില്‍ അധ്യാപക കൊലപാതകം വരെ ചെയ്തവര്‍, സ്വന്തം നേതാക്കളെ വരെ ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്നത് കണ്ടിട്ടും മിണ്ടാതിരിക്കുന്നത് അധികാര ലഹരിയില്‍ ആറാടുന്നത് കൊണ്ടല്ലാതെ മറ്റെന്താണ്! പ്രതിപക്ഷത്തു നില്‍ക്കുമ്പോള്‍ കിട്ടുന്ന കച്ചിത്തുരുമ്പ് പോലും സമുദായവല്ക്കരിച്ച് കമ്പക്കയരാക്കി മാറ്റിയവരുടെ നാവിറങ്ങിപ്പോവുന്നത് എന്തുകൊണ്ടാണ്? അമേരിക്കക്ക് കേരളീയ മുസ്‌ലിം 'തീവ്രവാദികളുടെ' ഇല്ലാക്കഥകള്‍ പാടിക്കൊടുത്ത മുനീര്‍ സാഹിബിന് ഈ-മെയില്‍ ചോര്‍ത്തലിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയുമോ? ഫാഷിസ്റ്റ് - മീഡിയകള്‍ക്ക് മുഴുപ്പേജ് വാര്‍ത്തകള്‍ വിളമ്പുമ്പോള്‍ ഷാജി ഓര്‍ത്തിരുന്നോ സ്വന്തം പാര്‍ട്ടിക്കാരെ തേടിയും ചെന്നായിക്കൂട്ടം വരുമെന്ന്? ഇല്ലായെങ്കില്‍ ഇനിയെങ്കിലും ചിന്തിക്കണം. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങി മരവിച്ചു പോയ ഒരു സമുദായത്തിന്റെ ഗദ്ഗദം കേള്‍ക്കണം. ലോക ഭീകരന്‍ ഇസ്രായേലിന് കിടക്ക വിരിക്കുന്ന മന്മോഹന്റെ കൈക്ക് പിടിക്കണം. പ്രവര്‍ത്തക സമ്മര്‍ദം സഹിക്കവയ്യാതെ നാളെയോ മറ്റന്നാളോ ലീഗ് ഹൗസില്‍ യോഗം ചേര്‍ന്നാല്‍ ഏശാതെ പോയ ലൌ ജിഹാദും ഇസ്രായേലിന്റെ എംബസി തുറക്കലും ഈ മെയില്‍ മോഷണവുമൊക്കെയൊന്നു ചര്‍ച്ചിക്കണം. ഒടുവില്‍ തീരുമാനം 'തങ്ങള്‍ക്ക് വിടാതെ' ഈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ ചെവിക്കു പിടിച്ച് പുറത്തു കൊണ്ടു വരണം. അല്ലെങ്കില്‍ നാളെ പാര്‍ട്ടി ആപ്പീസിന്റെ കാന്റീനടക്കം ഇവന്മാര്‍ ജപ്തി ചെയ്തു പോവും!
2 comments :
well
ningalude blog innaleyaanu kaanunnath, vayichu nokkiyitt abhiprayam parayaam
Post a Comment