---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Sunday, March 13, 2011

ഇത് ഏതാ മോനേ ദുനിയാവ്!

ഒ അബ്ദുല്ല (വര്‍ത്തമാനം ദിനപത്രം)

കോഴിക്കോട് വഴി വീട്ടിലേക്ക് മടങ്ങവെ മാവൂര്‍ പുല്‍പ്പറമ്പില്‍ എത്തിയപ്പോള്‍ മരുമകള്‍ ലുലുമോള്‍ കാറില്‍ നിന്നിറങ്ങി പാതയുടെ ഇടതുഭാഗത്ത് പതിച്ചുകണ്ട പോസ്റ്ററുകളില്‍ ഒന്ന് ക്യാമറയിലേക്ക് പകര്‍ത്തി. വെളുത്ത കടലാസില്‍ കറുത്ത് തടിച്ച അക്ഷരങ്ങള്‍ ഓരോന്നും കണ്ണിലേക്ക് തുറിച്ചുനോക്കുന്നുണ്ടായിരുന്നു. ആ വഴി നിത്യം നൂറുകണക്കിന് ആളുകള്‍ കടന്നുപോവുന്നുണ്ടായിരുന്നെങ്കിലും 'പ്രവാചകനിന്ദ : എന്‍ ഡി എഫുകാര്‍ ഒ അബ്ദുല്ലയുടെ തല വെട്ടുമോ' എന്ന ചോദ്യത്തിലെ അബ്ദുല്ല എന്ന അക്ഷരങ്ങള്‍ എന്റെ കണ്ണുകളുമായി ഉടക്കുന്നത് അന്നേരത്താണ്. സൂക്ഷിച്ചുനോക്കി. അവയിലെ ഓരോ അക്ഷരങ്ങള്‍ക്കും നിരപരാധിയായ ചേകന്നൂര്‍ മൗലവിയുടെ രക്തത്തിന്റെ മണം.
സുന്നികളിലെ ഉഗ്രവാദി വിഭാഗമായ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ യുവജന സംഘടനയുടെ വകയാണ് പോസ്റ്റര്‍ എന്ന് ചുവടെ എഴുതിയ എസ് വൈ എസ് അക്ഷരങ്ങളില്‍ നിന്ന് വ്യക്തമായി. അതാണ് അക്ഷരങ്ങള്‍ക്ക് ചോരയുടെ മണം കൈവരാന്‍ കാരണം. വേറെ ചിലയിടങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി നേരത്തെ ചിലര്‍ വിളിച്ച് പറഞ്ഞിരുന്നെങ്കിലും സ്വന്തം കണ്ണിലേക്ക് തുറിച്ചുനോക്കുന്ന ചോരനിറമുള്ള അക്ഷരങ്ങളെ മുഖാമുഖം കാണുന്നത് മാവൂര്‍ പാറമ്മേലെ 'ഹളറമൗതി'.ല്‍ വെച്ചാണ്. മനുഷ്യന്റെ റൂഹിനെ പിടിക്കുന്ന അസ്‌റാഈല്‍ എന്ന മലക്ക് മാവൂര്‍ പ്രദേശത്തെ 'മഹഌറ'യുടെ മുമ്പിലെങ്ങാനും കറഞ്ഞി നടക്കുന്നുണ്ടാവുമോ എന്ന് അന്നേരം വെറുതെ ഒരു തോന്നല്‍!

കൂടെയുണ്ടായിരുന്ന അഭ്യന്തരത്തോട് ഞാന്‍ പറഞ്ഞു: അവര്‍ നമ്മെ കൊല്ലുകയില്ലെന്ന് തീര്‍ച്ച. കാരണം കൊല്ലുന്നവര്‍ അക്കാര്യം ഒരിക്കലും വിളിച്ചുപറയാറില്ല. എന്നിട്ട് പരസ്പരം പോരടിച്ച രണ്ട് അറബി കവികള്‍ - 'ജാഹിദും ഫറസ്ദക്കും' അന്യോന്യം കളിയാക്കിപ്പാടിയ ഒരു കവിതാശകലം ഞാന്‍ അവളെ കേള്‍പ്പിച്ചു. 'അബ്ഷിര്‍ ബി തൂലി സ്വലാമത്തിന്‍ യാ മഅ്മറൂ'. മഅ്മര്‍ എന്ന ആളെ വധിക്കുമെന്ന് ഫറസ്ദക് പറഞ്ഞ് നടക്കുന്നു; എന്നാല്‍ മഅ്മര്‍! താങ്കള്‍ക്ക് മരണമില്ല!
മാവൂരിലെ ഹള്‌റമൗത്തില്‍ എഴുതിവെച്ചതിലും ഭീകരമായിരുന്നു മൊബൈല്‍ ഫോണില്‍ വന്നുകൊണ്ടിരുന്ന ഭീഷണികളില്‍ പലതും. അവരില്‍ ചിലര്‍ക്ക് വേണ്ടിയിരുന്നത് എന്റെ തലയായിരുന്നെങ്കില്‍ വേറെ ചിലര്‍ക്ക് വേണ്ടിയിരുന്നത് കുടല്‍മാലയായിരുന്നു. എന്റെ 'വിശുദ്ധ കേശം' ആര്‍ക്കും വേണ്ട. ഭീഷണിപ്പെടുത്തിയവരില്‍ ഒരാളോട് ഞാന്‍ പറഞ്ഞു. തലയറുത്തെടുത്താല്‍ തലമുടി പൂര്‍ണമായും നശിപ്പിക്കരുത്. അവയില്‍ ഏതാനും ഇഴ എടുത്ത്‌വെച്ചാല്‍ ഏതെങ്കിലും ഔസിന്റെയോ ഖസ്‌റജിന്റെയോ പേര് പറഞ്ഞ് ഭാവിയില്‍ പള്ളി നിര്‍മിക്കുമ്പോള്‍ അതിനാവശ്യമായ പണം ആ ഒരു ഇഴ മുടി വഴി ഉണ്ടാക്കാനാകും!
വിവാദവിധേയമായ എന്റെ ലേഖനം പത്രത്തില്‍ അച്ചടിച്ചുവന്നത് ഫെബ്രുവരി 20-നാണ്. പകല്‍ ശാന്തമായി കടന്നുപോയി. ലേഖനത്തെ അഭിനന്ദിച്ച് കൊണ്ടുള്ള ഏതാനും വിളികള്‍ മനസ്സിന് ആനന്ദം പകര്‍ന്നു. സന്ധ്യാനേരം തൊട്ടായിരുന്നു 'കൊതുക്ക'ളുടെ കടന്നാക്രമണം. ഒന്നിനു പിറകെ മറ്റൊന്നായി മൊബൈല്‍ ഓഫാക്കി ഉറങ്ങുംവരെ തെറിവിളി തുടര്‍ന്നു. ലേഖനം വായിക്കുകയോ വായിച്ച് കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ ആയിരുന്നു വിളിച്ചവരില്‍ ബഹുഭൂരിഭാഗവും. കുടകില്‍നിന്നും കാസര്‍കോട്‌നിന്നും കോട്ടക്കല്‍ നിന്നും കോട്ടയത്ത്‌നിന്നും വന്നു വിളി. ഒരു പ്രത്യേക കേന്ദ്രത്തില്‍നിന്ന് എസ് എം എസ് വഴി എന്റെ മൊബൈല്‍ നമ്പര്‍ കൈമാറി എന്നെ വിളിച്ച് 'നാല് വര്‍ത്തമാനം' പറയാന്‍ ഏര്‍പ്പെടുത്തപ്പെട്ടവരായിരുന്നു അവരെന്ന് വ്യക്തം. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമായ കേരളം തങ്ങളുടെ ഉസ്താദിന് സ്ത്രീധനമായി ലഭിച്ചതാണെന്നും കേരളത്തിന്റെ മതസാംസ്‌കാരിക മണ്ഡലം തങ്ങള്‍ക്ക് കീഴടങ്ങിയിരിക്കെ ഇത്തരം അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന നിന്നെപ്പോലുള്ളവരെ വെച്ചുപൊറുപ്പിക്കുന്ന പ്രശ്‌നമില്ലെന്നും ആയിരുന്നു മൂന്ന് ദിവസം തുടര്‍ച്ചയായി ഫോണിലൂടെ വെല്ലുവിളിച്ചവര്‍ എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. എന്റെ ലേഖനത്തിന് മറുപടിയായി ഒരാള്‍ തുടര്‍ച്ചയായി എഴുതിയ മൂന്ന് ലേഖനങ്ങള്‍ അടക്കം അഞ്ച് ഖണ്ഡനങ്ങള്‍ ബന്ധപ്പെട്ടവര്‍ അവരുടെ പത്രത്തില്‍ ഇതിനകം എഴുതുകയുണ്ടായി. എന്റെ ലേഖനം പ്രസിദ്ധീകരിച്ച പത്രവും നിരവധി എതിര്‍പ്രതികരണങ്ങള്‍ പ്രസിദ്ധീകരിച്ചു. പോരാത്തതിന് പേരോട് തൊട്ട് സാക്ഷാല്‍ കാന്തപുരം ഉസ്താദ് വരെയുള്ളവരുടെ വക നാടാകെ നടന്ന് നടത്തുന്ന വിമര്‍ശങ്ങള്‍ വേറെയും! ഇവയില്‍ ചിലതെല്ലാം മോചകചര്യ നൂലിഴ വ്യത്യാസമില്ലാതെ മുറുകെ പിടിക്കുന്നവരുടെ വകയായതുകൊണ്ടാവാം കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെ തോല്പിക്കും വിധമായിരുന്നു. പ്രസംഗം കേട്ടുകൊണ്ടിരിക്കെ എന്റെ ഒരു പൂര്‍വകാല വിദ്യാര്‍ഥി എന്നെ വിളിച്ചു പറഞ്ഞു: നാട്ടിലുള്ള മുഴുവന്‍ മൃഗങ്ങളുടെയും പേരുകള്‍ അവര്‍ സാറിന് ചാര്‍ത്തിയിരിക്കുന്നു. ഞാന്‍ പറഞ്ഞു: ആ പ്രാസംഗികന്റേയും എന്റെയും പേര്‍ ഒന്നല്ലല്ലോ-അതുമതി!
എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം സാംസ്‌കാരിക ഫാസിസത്തിന്റെ പിത്തലാട്ടം പുതിയ അനുഭവമായിരുന്നില്ല. നേരത്തെ 'മാതൃഭൂമി' ദിനപത്രത്തിലെ 'നേര്‍ക്കുനേര്‍' എന്ന കോളത്തില്‍ സുന്നികളിലെ ഉഗ്രവാദി വിഭാഗത്തിന് അപ്രിയകരമെന്ന് അവര്‍ക്ക് തോന്നിയ ഒരു പരാമര്‍ശത്തെ തുടര്‍ന്നും ഇതേവിധത്തില്‍ അവര്‍ വ്യാപകമായ പ്രതിഷേധ സന്നാഹങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പത്രമോഫീസിലേക്ക് നിരന്തരം ഫോണ്‍ ചെയ്ത് പത്രത്തിന്റെ കോപ്പി കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമെ 'നേര്‍ക്കുനേര്‍' എന്ന കോളം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് 4500 കത്തുകള്‍ അവര്‍ അയച്ചതായി അന്നത്തെ മാതൃഭൂമി പത്രാധിപര്‍ എന്നോട് പറയുകയുണ്ടായിട്ടുണ്ട്. ഇത്രയധികം വിളിയും തെളിയും നടന്നാല്‍ ഇവയുടെ യഥാര്‍ഥ വായനാപരിധി അറിയാത്ത ഏത് പത്രാധിപരും ഒന്ന് പകച്ചുപോകുമെന്ന് തീര്‍ച്ച. തേജസ് ലേഖനത്തെ തുടര്‍ന്നും ഇതേ അടവുകള്‍ അവരില്‍ ചിലര്‍ പയറ്റിനോക്കിയിരുന്നു. പക്ഷേ സമുദായത്തിന്റെ പള്‍സ് അറിയാവുന്ന തേജസിന്റെ 'വേലായുധന്റെ' മുമ്പില്‍ വേല നടന്നില്ല. നാളെ മുതല്‍ കണ്ണൂരിലേക്ക് പത്രം അയക്കേണ്ട എന്ന് ഏജന്റ് ചമഞ്ഞായിരുന്നു ഇതിന് ഒരു വിളി. തിരിച്ച് ഏജന്‍സി നമ്പര്‍ ചോദിച്ചപ്പോള്‍ വിളിച്ച ആള്‍ ഫോണ്‍ വെച്ചു.
ഇവിടെ നഗ്നമായി അപമാനിക്കപ്പെടുന്ന നൈതികതയെ കുറിച്ച് ദയവായി ചോദിക്കരുത്, കളവ് പറയരുത്, അന്യരുടെ രക്തത്തിന്ന് ദാഹിക്കരുത്, വിയോജിപ്പ് എന്ന് കരുതി പ്രതിയോഗികളെ തെറി പറയരുത് എന്നൊന്നും പഠിപ്പിക്കാനല്ലല്ലോ പ്രവാചകന്‍ സമാഗതനായത്. അദ്ദേഹം വന്നത് സ്വന്തം ശരീര വിസര്‍ജ്യങ്ങള്‍ അനുയായികള്‍ക്കിടയില്‍ വിതരണം ചെയ്യാനും അവ അന്ത്യനാള്‍ വരെ സൂക്ഷിച്ചുവെച്ച് വെള്ളം ഒഴിച്ച് കുടിച്ച് ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ വഴി ഒരുക്കാനുമാണ്. 'നിങ്ങള്‍ക്കായി രണ്ട് കാര്യങ്ങള്‍ ഞാന്‍ വിട്ടേച്ച് വച്ചിരിക്കുന്നു-ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥം. മറ്റൊന്ന് അല്ലാഹുവിന്റെ റസൂലിന്റെ ചര്യ.' ഈ നബിവചനത്തെ ഇവര്‍ തിരുത്തുന്നു: അതനുസരിച്ച് പ്രവാചകന്‍ വിട്ടേച്ച് പോയിരിക്കുന്ന പ്രസ്തുത രണ്ട് സാധനങ്ങള്‍ അദ്ദേഹത്തിന്റെ നഖവും മുടിയുമാണ്. അല്ലെങ്കില്‍ അതുപോലത്തെ മറ്റ് മാലിന്യങ്ങളാണ്. അവ എടുത്ത് സൂക്ഷിച്ച് വെള്ളം ഒഴിച്ച് കുടിച്ചാല്‍ ലോകസമാധാനത്തിനും മനുഷ്യരാശി അഭിമുഖീകരിക്കുന്ന സമസ്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരത്തിനായി മറ്റ് എവിടെയും പോകണ്ട. ഇതിനെ ചോദ്യം ചെയ്യുന്നവരുടെ കൈകള്‍ വെട്ടുമ്പോള്‍ ആ വെട്ട് പ്രൊഫസര്‍ ജോസഫിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ 'പെണ്‍വെട്ട്' ആവരുത്. പകരം ഇരുകൈകളും മുളച്ചുണ്ടാകുന്ന ചുമലിനോട് ചേര്‍ന്നുള്ള ഭാഗം തൊട്ട് വെട്ടണം.
പടച്ചവനെക്കൊണ്ട് മുഹമ്മദ് നബിയെ 'നായിന്റെ മോന്‍' എന്ന് വിളിപ്പിച്ചതിന്നാണ് ജോസഫിന്റെ കൈ വെട്ടിയത്. ഇവിടെ ഞാന്‍ ചെയ്തതാവട്ടെ, കാരന്തൂര്‍ മര്‍ക്കസില്‍ ഉണ്ട് എന്നു പറയുന്ന തലമുടി നബിതിരുമേനിയുടേതാണെന്നതിന് സ്ഥിരീകരണം ആവശ്യമാണ്; അഥവാ അത് സ്ഥിരീകൃതമായാല്‍തന്നെ തന്റെ ശരീര ശേഷിപ്പുകള്‍ വെള്ളത്തില്‍ ഇട്ട് കുടിക്കാന്‍ വിശ്വാസികള്‍ അനുശാസിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധനാ വിധേയമാക്കണം; എന്ന് പറയുക മാത്രമാണ്. എന്നിട്ടും എന്റേത് ജോസഫിന്റേതിനേക്കാള്‍ കൊടിയ അപരാധം. കാരണം വ്യക്തമാണ്: എന്റെ ആശയങ്ങള്‍ വിശ്വാസികളില്‍ സംശയം ഉളവാക്കിയാല്‍ വീണ് തകരുന്നത് തലമുടിയില്‍ നിര്‍മിതമായ പൗരോഹിത്യത്തിന്റെ ഒരു പണംചുരത്തുന്ന പിരമിഡ് ആണ്. അതാവട്ടെ പുരോഹിത പരിഷകള്‍ക്ക് മാത്രമല്ല, അജ്മീര്‍-നിസാമുദ്ദീന്‍ ദര്‍ഗ്ഗാ പരിസരങ്ങളിലെ പതിവു കാഴ്ചയായ മതത്തിന്റെ പച്ച ഉറുമാല്‍ കഴുത്തില്‍ ചുറ്റി പിടിച്ചുപറിക്കാരുടെയും ഉറുക്കും നൂലും ജപവും മന്ത്രവും ആയി ജനങ്ങളെ കൊള്ളയടിക്കുന്നവരുടെയും സര്‍വോപരി ഇത്തരം അകൃത്യങ്ങളെ ന്യായീകരിച്ച് ഉലക്കമുക്കി ആഖ്യാനങ്ങള്‍ എഴുതി പുളിയുറുമ്പിനെപോലെ സ്വന്തം ദുര്‍ബല മസില്‍ കാണിച്ച് പ്രതിയോഗികളെ ഗുസ്തിക്ക് വെല്ലുവിളിക്കുന്ന പരാന്നഭോജികളുടെയും ചങ്കിന്റെ നേരെയുള്ള കടന്നുപിടിക്കലാകും. 'വട്ടപൂജ്യം' അബ്ദുല്ല എന്നോ 'സീറോ' അബ്ദുല്ല എന്നോ മുത്ത് നബിയുടെ ഉത്തമ മാതൃകാപിന്‍ഗാമികളായ ഇവര്‍ പരിഹാസപൂര്‍വം വിളിക്കുന്ന ഒ അബ്ദുല്ല എന്ന ഞാന്‍ ഒരു ലേഖനത്തിലൂടെ 2011 ഫെബ്രുവരി 20ന് ആകാശത്തുകൂടെ കാക്ക കൊത്തി പറക്കുമ്പോള്‍ അതിന്റെ കൊക്കില്‍നിന്നും താഴെ മണ്ണില്‍ വീണ് പൊട്ടി മുളച്ചുണ്ടായതല്ല. കഴിഞ്ഞ 40-45 വര്‍ഷക്കാലമായി ഗ്യാസ്ട്രബിള്‍ മരുന്ന് കമ്പനിക്കാരുടെ പരസ്യത്തിലെന്ന പോലെ ഞാന്‍ ഇവിടെ ഉണ്ട്.
തീര്‍ച്ചയായും 'വിവരത്തേക്കാള്‍ കൂടുതല്‍ വിരക്കേടു'മായി തന്നെ! കാരണം വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിയെ കുറിച്ച് പറഞ്ഞത് 'നിങ്ങള്‍ക്ക് അല്‍പം മാത്രമേ വിവരം നല്‍കിയിട്ടുള്ളൂ' എന്നാണല്ലോ. അതിനാല്‍ ഒ അബ്ദുല്ല മാത്രം എല്ലാം അറിയുന്നവനാകുക സാധ്യമല്ല.

എന്നെക്കുറിച്ച് ചിലരെങ്കിലും ധരിച്ചുവശായത് ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാനല്ലാതെ എനിക്ക് ഖുര്‍ആന്‍ തീരേ അറിയില്ല, ഹദീഥ് അറിയില്ല, അറബി അറിയില്ല, മതപരമായി ഒരു ചുക്കും അറിയില്ല എന്നൊക്കെയാണ്. അവരുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ വിനീതനായിത്തീരുന്നു. എന്നാലും തമാശക്കുവേണ്ടി ചില കാര്യങ്ങള്‍ പറയട്ടെ. ഒരു കാലഘട്ടത്തില്‍ ആധുനിക ഇസ്‌ലാമിക പഠനത്തിന്റെ പരീക്ഷണകേന്ദ്രമായിരുന്ന ശാന്തപുരം ഇസ്‌ലാമിയാ കോളെജ് എന്ന സമുന്നത സ്ഥാപനത്തിലെ ആദ്യകാല പ്രൊഡക്റ്റുകളില്‍ ഒരാളാണ് ഞാന്‍. തുടര്‍ന്ന് ഖത്തറില്‍ ഡോക്ടര്‍ യൂസ്ഫുല്‍ ഖറദാവി, അലി ജമ്മാസ്, അബ്ദുല്‍ ലതീഫ് സാഇദ് മുതലായ മഹത്തുക്കളുടെ ശിഷ്യത്വത്തില്‍ ഖുര്‍ആനും ഹദീഥും അറബിഭാഷയും മറ്റും പഠിക്കാന്‍ അവസരം ലഭിച്ച അപൂര്‍വ ഭാഗ്യവാന്മാരില്‍ ഒരാളായിത്തീര്‍ന്നു ഈയുള്ളവന്‍. ഉപരിപഠനത്തിന് ശേഷം ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്റര്‍പ്രിറ്റര്‍ ആയി ജോലിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ഖത്തര്‍ ലാന്‍ഗ്വേജ് ഇന്‍സ്റ്റിറ്റിയൂട്ടില്‍. ഇന്ത്യന്‍ അംബാസഡര്‍ വിദേശികളായ മന്ത്രിമാരുമായോ വ്യവസായ പ്രമുഖരുമായോ അംബാസഡര്‍മാരുമായോ സംസാരിക്കവെ ഇംഗ്ലിഷില്‍ പറയുന്ന കാര്യങ്ങള്‍ അപ്പടി അറബിയിലേക്കും തിരിച്ച് ഇംഗ്ലിഷിലേക്കും ഭാഷാന്തരം ചെയ്യുകയാണല്ലോ ഒരു ദ്വിഭാഷിയുടെ ജോലി. ഉഴപ്പിയാല്‍ അടുത്ത കപ്പലില്‍ മടക്കടിക്കറ്റ് ഉറപ്പ്. ഈ ജോലി ചെയ്യുന്ന ആള്‍ക്കും അല്‍പസ്വല്‍പം ഭാഷകള്‍ അറിയണമെന്ന് പറയുമ്പോള്‍ അതില്‍ അഹങ്കാരത്തിന്റെ ചുവയുണ്ടെങ്കില്‍ അത്തരം ഒരു അഹങ്കാരി കൂടിയാണ് ഞാന്‍.
ഇന്ത്യയില്‍ ആയിരിക്കെ നിലവാരമുള്ള രണ്ട് മുസ്‌ലിം പ്രസിദ്ധീകരണങ്ങളുടെ തലപ്പത്ത് ഞാനുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ പ്രബോധനത്തിന്റെ മുഖ്യ സഹപത്രാധിപരില്‍ ഒരാളായി ഏഴ് വര്‍ഷം. മലയാളത്തിലെ നിലവാരമുള്ള പത്രങ്ങളില്‍ ഒന്നായ മാധ്യമത്തിന്റെ അസോസിയേറ്റ് എഡിറ്ററായി 14 കൊല്ലം. തുടര്‍ന്ന് തേജസ് ദിനപത്രത്തിലും അതേ തസ്തികയില്‍ ഒന്നര വര്‍ഷക്കാലം. മാതൃഭൂമി, ദീപിക, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിലും സ്ഥിരമായി കോളം എഴുതി. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പക്ഷത്ത് നിന്നുകൊണ്ട് മാതൃഭൂമി പോലുള്ള ഒരു ദേശീയ പത്രത്തില്‍ അര വ്യാഴവട്ടക്കാലത്തിലധികം തുടര്‍ച്ചയായി കോളം എഴുതിയ മുസ്‌ലിം സമുദായത്തിലെ അപൂര്‍വരില്‍ ഒരാളായി ഞാന്‍ എന്നെ പ്രതിഷ്ഠിക്കും. അതും വെറും ഇസ്‌ലാമിക പക്ഷമല്ല, വിട്ടുവീഴ്ചയില്ലാത്ത ഇസ്‌ലാമികപക്ഷത്തുനിന്നുകൊണ്ട് സമുദായത്തില്‍ അധിക പേര്‍ക്കൊന്നും ഇത്തരം ഒരു സവിശേഷത അവകാശപ്പെടാന്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. എഴുതുന്നവരുണ്ടാകും. ഒന്നുകില്‍ ഇസ്‌ലാമിന്റെ നെഞ്ചത്ത് ചവിട്ടിനിന്നുകൊണ്ട്, അല്ലെങ്കില്‍ ഇസ്‌ലാമിക കളരിയുടെ പുറത്തേക്ക് കാലെടുത്തുവെച്ചുകൊണ്ട്. എന്നാല്‍ പ്രബോധനത്തിലെ ഏതാനും വര്‍ഷങ്ങള്‍ ഒഴിച്ച് ഞാനൊരിക്കലും മുഴുസമയ പത്രപ്രവര്‍ത്തകനായിരുന്നിട്ടില്ല. 2010 ജൂണ്‍ ഒന്നാം തിയ്യതി വരെ നീണ്ട 28 വര്‍ഷക്കാലം ഞാന്‍ ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയാ കോളേജിലെ അധ്യാപകനായിരുന്നു. അറബി സാഹിത്യത്തിനും അറബി അലങ്കാരശാസ്ത്രത്തിനും പുറമെ കണിശമായും നിര്‍ബന്ധമായും ഞാന്‍ പഠിപ്പിച്ച വിഷയം ഖുര്‍ആന്‍ ആണ്. വിശുദ്ധ ഖുര്‍ആന്റെ ആഴങ്ങളിലേക്ക് ഇറങ്ങുവാനും അതിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് ഇസ്‌ലാമിനെ ഖുര്‍ആനില്‍നിന്ന് നേരിട്ട് മനസ്സിലാക്കുവാനും ഉപയോഗിക്കപ്പെട്ട നീണ്ട 28 വര്‍ഷങ്ങള്‍ ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങളാണ്. ഈ പഠനത്തിലൂടെ കൈവന്ന അറിവും വിവരവുമാണ് ഇസ്‌ലാമില്‍ കടന്നുകൂടിയ മാലിന്യങ്ങളില്‍ നിന്ന് അതിലെ നെല്ലും പതിരും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ എനിക്ക് അവസരമൊരുക്കിയത്.
മതരംഗത്ത് ഇടപെടുന്ന മിക്കവരും ചെയ്യുംപ്രകാരം എന്റെ ശരീരത്തിലോ വേഷത്തിലോ പാണ്ഡിത്യത്തിന്റെ വെച്ചുകെട്ടലുകള്‍ ഇല്ല. സഖാഫി, ഫൈസി, മഅ്ദനി, സഅ്ദി തുടങ്ങിയ കൃത്രിമ കത്തിവേഷങ്ങള്‍ സ്വീകരിക്കണമായിരുന്നെങ്കില്‍ എനിക്ക് അതിനൊട്ടും പ്രയാസം ഉണ്ടായിരുന്നില്ല. മഅ്ദനുല്‍ ഉലൂം പള്ളി ദര്‍സില്‍ പഠിച്ചതിന്റെ പേരില്‍ അബ്ദുനാസിര്‍ എന്ന ആള്‍ അബ്ദുന്നാസിര്‍ മഅ്ദനി ആയതുപോലെ! മര്‍കസ് സഖാഫയില്‍ പഠിച്ച പേരോട് അബ്ദുറഹ്മാന്‍ പേരോട് സഖാഫി ആയതുപോലെ ഖത്തറിലെ മഅ്ഹദ് ദീനില്‍ പഠിച്ച ഒടുങ്ങാട്ട് അബ്ദുല്ലക്ക് അബ്ദുല്ലാ മഅ് ഹദിയാകാന്‍ ഒരു മലക്കം മറിച്ചിലിന്റെയും ആവശ്യമുണ്ടായിരുന്നില്ല. ശാന്തപുരം ഇസ്‌ലാമിയാ കോളെജില്‍ പഠിച്ചവര്‍ക്ക് അല്‍ഫഖീഹു ഫിദ്ദിന്‍ എന്നും ഭൗതിക വിഷയങ്ങളില്‍ ആര്‍ജിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാച്ച്‌ലര്‍ ഓഫ് സോഷ്യല്‍ സ്റ്റഡീസ് എന്ന ബിരുദവും നല്‍കിയിരുന്നു. ഈ ബിരുദങ്ങള്‍ പേരിനോടൊപ്പം വെച്ച്‌കെട്ടുകയും 'സിയാവുദ്ദീന്‍ സര്‍ദാര്‍' എഴുതിയതുപോലെ രണ്ടുമാസം തുടര്‍ച്ചയായി ഷേവ് ചെയ്യാതിരിക്കുകയും ഒരു ജൗളിക്കടില്‍ കയറി ഏതാനും മീറ്റര്‍ ഓയില്‍മുണ്ട് വാങ്ങി വാല് അല്പം പിറകിലേക്ക് തൂക്കി തലേക്കെട്ട് കെട്ടുകയും ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ എന്ന അല്‍ആലിമുല്‍ അല്ലാമാ ഡബിള്‍ അല്‍ഹാജ് ളുഹുറുല്‍ ഇസ്‌ലാം, അല്‍ ഫഖീഹ് ഫിദ്ദിന്‍ അബ്ദുല്ല മുഈന്‍ ബി എസ് എസ് എന്ന ആള്‍ക്ക് ചെയ്ത്കൂടാത്തതും പറഞ്ഞുകൂടാത്തതും ആളുകളെ പറ്റിച്ചുകൂടാത്തതുമായി ഒന്നും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ടി വി പരസ്യത്തില്‍ ഒരു പെണ്‍കുട്ടി പതിവായി പറയുന്നത് പോലെ വെറുതെ എന്തിന് ആളുകളെ പറ്റിക്കണം ക്കാ എന്ന് തോന്നിപ്പോയി. പാവം സമുദായം. അത് എന്തെല്ലാം സഹിക്കണം. അക്കൂട്ടത്തില്‍ എന്നെപ്പോലുള്ളവരുടെ ഇത്തരം വിഡ്ഢിവേഷങ്ങളും വേണോ? എന്നാല്‍ ഇതിന്റെയൊക്കെ പേരില്‍ സമുദായത്തിലെ ചില തല്‍പരകക്ഷികള്‍ ഭാവിയില്‍ ഞങ്ങളെ വിവരദോഷികളും അറബി അറിയാത്തവരും ഖുര്‍ആന്‍ അറിയാത്തവരുമായി അവതരിപ്പിക്കുമെന്ന് ഓര്‍ത്തില്ല. പക്ഷേ, തലേക്കെട്ട്, താടി മുതലായ പ്രാചീന വേഷങ്ങളില്ലെങ്കിലും ശരീരത്തില്‍ തപ്പിനോക്കുമ്പോള്‍ തടയുന്ന ഒരു അവയവം എനിക്കുള്ളതായി അനുഭവപ്പെടുന്നു. അല്‍പം ഭേദപ്പെട്ട നട്ടെല്ല്. ആര്‍ക്ക് വേണമെങ്കിലും വന്ന് തപ്പിനോക്കാം. അതിന് ഒരിത്തിരി പോലും വളവ് സംഭവിച്ചിട്ടില്ല. ആ നട്ടെല്ലിന്റെ ബലത്തില്‍ പറയട്ടെ: 20. 2. 2011 ല്‍ എഴുതിയതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. വള്ളി പുള്ളി വിസര്‍ഗത്തില്‍ അടക്കം. ഒരു ഇഞ്ച് പിറകോട്ട് ഇല്ല. അതായത് കാരന്തൂര്‍ മര്‍കസില്‍ എ പി അബൂബക്കര്‍ മുസലിയാര്‍ ഏതോ ഒരു ഖവാരിജിയില്‍നിന്ന് എന്നു പറഞ്ഞു ഏറ്റുവാങ്ങി പ്രദര്‍ശിപ്പിച്ച തലമുടി ഇത്തരം കാര്യങ്ങളില്‍ അവലംബമാക്കേണ്ട നിദാന ശാസ്ത്രമനുസരിച്ച് പ്രവാചകന്റേതാണ് എന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇനി വാദത്തിന് വേണ്ടി ആ മുടി പ്രവാചകന്റേതാണെന്ന് വന്നാല്‍പോലും നബി തിരുമേനിയോ സച്ചരിതരായ നാല് ഖലീഫമാരോ നിര്‍ദേശിക്കുകയോ കാണിച്ചുതരികയോ ചെയ്യാത്ത സ്ഥിതിക്ക് തിരുനബിയുടെ ശരീര മാലിന്യങ്ങള്‍ എടുത്ത് സൂക്ഷിക്കാനും ഇടയ്ക്കിടെ എടുത്ത് വെള്ളമൊഴിച്ച് കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടില്ല. ശുദ്ധിക്കും വൃത്തിക്കും ഏറ്റവും മുന്തിയ പരിഗണന നല്‍കുന്ന ഇസ്‌ലാമിക മഹത്വത്തെ മലിനപ്പെടുത്തലും പൊതുസമൂഹത്തിന്റെ മുന്നില്‍ ഇസ്‌ലാമിനെ അപമാനപ്പെടുത്തുന്നത് എന്ന നിലക്ക് നിയമം മുഖേന നിരോധിക്കേണ്ടതുമാണ് പ്രസ്തുത നടപടി. അതിനാല്‍ തന്നെ മകരജ്യോതിയുടെ കാര്യത്തില്‍ എന്നപോലെ വിശ്വാസികളില്‍ ആരെങ്കിലും ഒരാള്‍ ഇത് തടയുക എന്ന ആവശ്യവുമായി കോടതിയെ സമീപിക്കേണ്ടതാണ്.
നബി തിരുമേനിയുടെ കാലത്ത് മദീനയില്‍ ഉണ്ടായിരുന്ന ഹൗസ്, ഖസ്‌റജ് മുതലായ ഗോത്രങ്ങളില്‍ പെട്ട ബസ്‌റജ് ഗോത്രക്കാരനായ ഒരാള്‍ തനിക്ക് കൈമാറിയത് എന്നാണല്ലോ തന്റെ കൈവശമുള്ള കേശത്തെകുറിച്ച കാന്തപുരത്തിന്റെ അവകാശവാദം. പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് അത് തനിക്ക് കൈമാറപ്പെട്ടത് എന്നും അവകാശപ്പെടുന്നു. തലമുടിയുടെ സ്ഥാനത്ത് നാമൊരു ഹദീഥ് സങ്കല്‍പിക്കുക. ഒരു ഖസ്‌റജ് ഗോത്രക്കാരന്‍ നബി പറഞ്ഞു എന്ന് പറഞ്ഞാല്‍ ഒരു ഹദീഥ് സ്വീകാര്യയോഗ്യമാകുമോ? ഇല്ലാ എന്നുറപ്പ്. ഖുറൈശി ഗോത്രക്കാരന്‍ അഹ്മദ്/തമീം ഗോത്രക്കാരന്‍ മുഹമ്മദ് പറഞ്ഞു എന്നതുകൊണ്ട് മാത്രം ഒറ്റ ഹദീഥും സ്വീകാര്യയോഗ്യമല്ല. അവരുടെ വംശപരമ്പരയില്‍പെട്ടു എന്നതുകൊണ്ടുമാത്രം ഇക്കാലത്തുള്ളവര്‍ പറഞ്ഞാല്‍ ഏതായാലും അത് സ്വീകാര്യമല്ല. മുടിയുടെ കാര്യത്തിലും ഇതാണ് വാസ്തവം. നബിയുടെ കാലംതൊട്ട് ഇന്നേവരെ ഉള്ള നൂറ്റാണ്ടുകളിലൂടെ തീര്‍ത്തും വിശ്വസനീയരായ ആളുകള്‍ വഴി കൈമാറി കൈമാറി വന്നതിന്റെ ശരിയായ പ്രമാണങ്ങളും രേഖകളും വേണം മുടി നബിയുടേതാണ് എന്ന് സ്ഥിരപ്പെടാന്‍. കാന്തപുരത്തിന് മുടി കൈമാറിയ ഖസ്‌റജ് വംശക്കാരന്‍ എത്തരത്തില്‍ പെട്ട ആളാണ്? അദ്ദേഹത്തിന് എവിടെനിന്ന് കിട്ടി മുടി? ആ ആള്‍ക്ക് എവിടെ നിന്നുകിട്ടി?

ഈ ഖസ്‌റജിന്റെ കയ്യില്‍ പ്രവാചക കേശത്തിന്റെ ഒരു ശേഖരം തന്നെ ഉണ്ടത്രെ. ഒരു ഇഴ ഏതായാലും ഉണ്ട്. എന്നിട്ട് എന്തുകൊണ്ട് അദ്ദേഹം അത് ഇത്രയും കാലം വന്‍ രഹസ്യമാക്കി വെച്ചു? ഹജ്ജിനും ഉംറക്കും വരുന്ന കോടിക്കണക്കിന് വിശ്വാസികള്‍ക്ക് 'തബറുക്കിന്' വേണ്ടി അതെടുത്ത് മക്കയിലെ സംസം വെള്ളത്തില്‍ മുക്കി അതിന്റെ വിശുദ്ധി വിശ്വാസികള്‍ക്ക് ലഭ്യമാക്കാമായിരുന്നില്ലേ അദ്ദേഹത്തിന്? സഊദി അറേബ്യയിലെയോ യു എ ഇ യിലെയോ ഒരു പള്ളിയില്‍ എന്തുകൊണ്ട് നാളിതുവരെ അദ്ദേഹം പ്രസ്തുത മുടി വെള്ളത്തില്‍ മുക്കി വിതരണം ചെയ്തില്ല? അന്ധവിശ്വാസം കേരളത്തിന്റെ പ്രത്യേകതയാണ് എന്ന തിരിച്ചറിവ് ഈ ഖസ്‌റജ് ഗോത്രക്കാരന്റെ ചെവിയില്‍ ആരാണ് ഓതിക്കൊടുത്തത്?
തുര്‍ക്കിയില്‍ ഇത്തരത്തില്‍പെട്ട മുടി ഉണ്ടല്ലോ എന്ന് പണ്ഡിതനായ ശൈഖ് സ്വാലിഹ് ഫൈസാനോടു ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. 'ഇത് റസൂലിന്റെ വസ്ത്രമാണ്, ഇത് റസൂലിന്റെ മുടിയാണ്, ഇത് റസൂലിന്റെ തലേക്കെട്ടാണ് എന്ന് സുസ്ഥിരമായ സനദു വഴി തെളിയിക്കപ്പെടാത്തിടത്തോളം, ഊഹങ്ങളും കളവുകളും ജനങ്ങളുടെ പണം പിടുങ്ങാനുള്ള തന്ത്രം മാത്രമാണ്.' ഇപ്രകാരം തന്റെ പക്കലുള്ള തലമുടി പ്രവാചകന്റേതാണ് എന്ന് 'മുത്തസ്വിലായ' രിവായത്തു വഴി സ്ഥാപിക്കാന്‍ കാന്തപുരം ഉസ്താദിന് സാധിക്കുമോ? കൊലവിളി നടത്താനുള്ള പരിശീലനത്തിന് പകരം ഇതിനാവശ്യമായ വൈജ്ഞാനിക പരിശീലനമാണ്, അതിനാവശ്യമായ ആയുധമാണ് ഉസ്താദ് ശിഷ്യന്മാരെ അണിയിക്കേണ്ടത്.
സ്വാതന്ത്ര്യസമരകാലത്ത് ഒരു മൗലവി പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാധിക്കുമോ എന്ന് സദസ്സില്‍നിന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രെ 'അതെ, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഖുര്‍ആന്‍ കൊണ്ടും ഖുര്‍ആന്റെ വാപ്പയെക്കൊണ്ടും തെളിയിക്കാന്‍ തയ്യാറാണ്' എന്ന്. ഖസ്‌റജിന്റെ വിശ്വാസ്യതയും അദ്ദേഹത്തിന്റെ കൈകളില്‍ മുടി ഏല്‍പിച്ചതിന്റെ വംശീയപരമ്പരയെയും കുറിച്ച് അന്വേഷിക്കുമ്പോള്‍ ഖസ്‌റജിനെ കുറ്റം പറഞ്ഞു എന്ന് നിലവിളിക്കുന്നതിന് പകരം ഖസ്‌റജിനെയും അദ്ദേഹത്തിന്റെ വാപ്പയെയും കൊണ്ട് തെളിയിക്കാന്‍ തയ്യാറാണ് എന്ന മറുപടിയാണ് ഇക്കാര്യത്തില്‍ ജനം പ്രതീക്ഷിക്കുന്നത്.
നമുക്ക് ഖസ്‌റജിനെ വിടാം. അറിയേണ്ട രണ്ടാമത്തെ കാര്യം മഹാന്മാരുടെ ശരീരവിസര്‍ജ്യങ്ങള്‍- ബോഡി വേസ്റ്റ്- പരിശുദ്ധമോ അതോ നജസോ എന്ന കാര്യമാണ്. ചില വിമര്‍ശകര്‍ക്ക് 'ബോഡി വേസ്റ്റ്' എന്ന പ്രയോഗത്തോട് ആണത്രെ അലര്‍ജി. തലമുടി, നഖം, മലം, മൂത്രം എന്നിത്യാദി ശരീരമാലിന്യങ്ങളെ ഏറ്റവും മാന്യമായി വ്യവഹരിക്കാന്‍ ബോഡിവേസ്റ്റ് എന്ന ആംഗല പദത്തേക്കാള്‍ ഉചിതമായ വാക്ക് ഏതാണ്? തിരുശേഷിപ്പ് എന്നോ? ഒരാളുടെ മലവും മൂത്രവും എല്ലാം തിരുശേഷിപ്പാണോ?
അതിരിക്കട്ടെ, പ്രവാചകന്റെ ശരീര വിസര്‍ജ്യങ്ങള്‍ പരിശുദ്ധമാണ് എന്ന് സമ്മതിക്കുമ്പോള്‍ ഉയരുന്ന ചോദ്യം: എങ്കില്‍ അദ്ദേഹത്തിന് എന്തിന് അത്തരം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നിടത്തോളം അകലെ പോകുകയും കൃത്യനിര്‍വഹണത്തിന് ശേഷം ശരീരഭാഗങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു. ഇമാം ബുഖാരി ഇത് സംബന്ധമായ ഹദീഥുകള്‍ ശൗച്യം- 'ബാബുല്‍ ഇസ്തിന്‍ജാഅ്' എന്ന അധ്യായത്തില്‍ ചേര്‍ത്തത് അബദ്ധവശാല്‍ ആയിരിക്കുമോ? എന്റെ ലേഖനത്തോട് പ്രതികരിച്ച എം എ ഹകിം സഅദി എന്ന ആള്‍ എഴുതിയിരിക്കുന്നത് 'പാലോ തേനോ, സാക്ഷാല്‍ അമൃതം തന്നെയോ കഴിച്ചാല്‍ വായ് കഴുകുന്നത് പോലെയാണത്രേ നബി തിരുമേനി മലമൂത്ര വിസര്‍ജനാനന്തരം ശൗച്യംചെയ്തത്. എന്നുവെച്ചാല്‍ യഥാര്‍ഥത്തില്‍ അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല എന്ന്! ചിലപ്പോഴൊക്ക നാം പാലോ, തേനോ കുടിച്ചാല്‍ വായ് കഴുകാറില്ലല്ലോ. അതുപോലെ, ശൗച്യം ചെയ്യല്‍ പ്രവാചകന്റെ കാര്യത്തില്‍ നിര്‍ബന്ധമായിരുന്നില്ല എന്ന്! എങ്കില്‍ എന്തിനാണ് അദ്ദേഹം ലൈംഗികബന്ധത്തിന് ശേഷം നിര്‍ബന്ധപൂര്‍വം കുളിച്ചതും കുളിക്കാന്‍ കല്പിച്ചതും. നമസ്‌കാരത്തിനൊരുങ്ങുന്ന ആള്‍ ടോയ്‌ലറ്റില്‍നിന്ന് വന്നാല്‍ കഴുകി വുദു എടുക്കട്ടെ എന്ന ഖുര്‍ആനിക സൂക്തം പ്രവാചകന് ബാധകമല്ലെന്നോ? 'നഊദുബില്ലാ'. പ്രവാചകന്‍ തിരുമേനിയുടെ ശരീരത്തിലെ ശേഷിപ്പുകളും അവശിഷ്ടങ്ങളും പവിത്രമായി ഗണിക്കേണ്ടത് തന്നെയാണ്' എന്ന കാര്യത്തില്‍ ഊരകത്ത്കാരനായ മൊയ്തീന്‍ സൈനി എന്ന ആള്‍ക്കുമില്ല ഒരു സംശയവും. പ്രവാചകന്റെ രക്തവും വിയര്‍പ്പും ഉമിനീരും അനുയായികള്‍ സംഭരിച്ചത് അനുസ്മരിക്കുന്നു അഡ്വക്കറ്റ് ഫാറൂഖ് മുഹമ്മദ് എന്ന സുല്‍ത്താന്‍ ബത്തേരിക്കാരന്‍. പക്ഷേ തിരുമേനിയുടെ മലമൂത്ര വിസര്‍ജ്യങ്ങളെ പതുക്കെ ചാടിക്കടന്ന് രക്ഷപ്പെടുന്നു. അത് പരിശുദ്ധമാണെന്നോ അല്ലെന്നോ പറയാന്‍ അദ്ദേഹം ധൈര്യപ്പെടുന്നില്ല. ഈ പ്രതികരണങ്ങള്‍ക്ക് ഒക്കെ ശേഷവും എന്റെ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു. സ്വന്തം മലവും മൂത്രവും നജസ് അല്ല എന്ന വസ്തുത എന്തുകൊണ്ട് നബി തിരുമേനി മാത്രം തിരിച്ചറിഞ്ഞില്ല? അവിടുന്ന് എന്തിന് അത്തരം കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒഴിഞ്ഞ വെളിമ്പ്രദേശങ്ങള്‍ അന്വേഷിക്കുകയും അത് നിര്‍വഹിച്ച ശേഷം പ്രസ്തുത ശരീരഭാഗങ്ങള്‍ വൃത്തിയായി കഴുകുകയും ചെയ്തു? നബി തിരുമേനിയുടെ വിയര്‍പ്പ് 'ഉമ്മുസുലൈം' എന്ന സ്ത്രീ കുപ്പിയില്‍ ശേഖരിച്ചതിന്നും നബിയുടെ ഭാര്യ ഉമ്മുസല്‍മ തിരുനബിയുടെ കേശം സൂക്ഷിച്ച് വെച്ച് അതിട്ട വെള്ളം ചിലര്‍ക്ക് നല്‍കിയതിനും ചില ഹദീസ്് ഗ്രന്ഥങ്ങളില്‍ തെളിവുകള്‍ ഉണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ പ്രവാചകന്റെ ശരീര മാലിന്യങ്ങളെ ചോദ്യംചെയ്യാന്‍ മുതിര്‍ന്നത്. പ്രവാചകന്‍ ഒരു രാത്രി 'ഉമ്മു അയ്മന്‍' എന്ന വനിതയുടെ വീട്ടില്‍ രാപ്പാര്‍ക്കുകയും ആ രാത്രി തിരുമേനി മൂത്രമൊഴിച്ച പാത്രത്തില്‍നിന്ന് ഉമ്മുഅയ്മന്‍ നബിയുടെ മൂത്രം എടുത്ത് പാനംചെയ്തതിനും ഹദീസ്് ഗ്രന്ഥങ്ങളില്‍ തെളിവുണ്ട്.
ഇതും ഇതുപോലുള്ളതുമായ മനുഷ്യന്റെ സാമാന്യ യുക്തിക്കോ ഇസ്‌ലാമിന്റെ മൗലിക വിശുദ്ധിക്കോ സദാചാര ബോധത്തിനോ നിരക്കാത്തതും അന്ധവിശ്വാസ ജഡിലങ്ങളുമായ ഹദീസുകളെ കുറിച്ചാണ് അവ വായിക്കുമ്പോള്‍ ചാടിക്കടക്കലാണ് ഞങ്ങളെ പോലുള്ളവരുടെ പതിവെന്ന് ഞാനെഴുതിയത.് സുന്നത്തിനെ നിരസിക്കുന്ന പ്രശ്‌നമേ ഇല്ല. സുന്നത്തിനെ നിരസിക്കുന്ന ഒരാള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനവുമില്ല. സുന്നത്ത്- മൈനസ് ഇസ്‌ലാം അപൂര്‍ണമാണ്. സുന്നത്തിന്റെ അഭാവത്തില്‍ ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുക അസാധ്യവും അപ്രായോഗികവുമാണ്. 'പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്' എന്ന ദിവ്യവചനം പ്രവാചകചര്യയെ പിന്‍പറ്റുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. ഒരാളുടെ യുക്തിക്കോ ഭാവനക്കോ നിരക്കുന്നില്ല എന്ന ഒരു കാരണത്താല്‍ സ്ഥിരപ്പെട്ട ഒരു ഹദീസും തള്ളിക്കളയാവതല്ല. എന്നാല്‍ ഏതെങ്കിലും ഒരു ഹദിഥ് ഗ്രന്ഥത്തില്‍ ഉണ്ട്- അത് ഏത് ഹദീസ് ഗ്രന്ഥമായാലും ശരി- കാരണത്താല്‍ വിശുദ്ധ ഖുര്‍ആന്റെ അന്തസത്തയോടും ഇസ്‌ലാമിന്റെ പൊതുവായ യുക്തിബോധത്തോടും സര്‍വോപരി മനുഷ്യന്റെ സാമാന്യബുദ്ധിക്കും നിരക്കാത്ത കാര്യങ്ങള്‍ സ്വീകരിക്കണം എന്ന വാദം ശുദ്ധ അസംബന്ധമാണ്. പ്രവാചകന്റെ മഹത്വവും വിശുദ്ധിയും പരിപാവനതയും അദ്ദേഹത്തിന്റെ ശരീര വിസര്‍ജ്യങ്ങളില്‍ അല്ല മറിച്ച് അത് ആ മഹാ പ്രതിഭാസത്തിന്റെ പ്രതിനിധാനത്തിലും അദ്ദേഹത്തിന്റെ പ്രബോധനത്തിലും അനുപമമായ ജീവിതചര്യകളിലുമാണ്. ആ വാക്കുകളില്‍ ഒന്നുപോലും പരിവര്‍ജ്യമല്ല; ആ ചലനങ്ങളില്‍ ഒന്നുപോലും അനുധാവനം ചെയ്യപ്പെടാതിരിക്കാവതല്ല. അവിടത്തെ വാക്കുകളോ ചര്യകളോ ഒന്നുപോലും ചോദ്യം ചെയ്യപ്പെടാവതുമല്ല. ദൈവികവും പരിപൂര്‍ണവുമാണ് അവയത്രയും. ഹദീഥ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി വെച്ചവയെല്ലാം ത്യാജ്യ ഗ്രാഹ്യ വിവേചനമില്ലാതെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് വരുമ്പോള്‍ നാം നാമറിയാതെ അന്ധവിശ്വാസത്തിന്റെയും പൊട്ടത്തരത്തിന്റെയും ചുടുകാട്ടില്‍ ആണ് എത്തിപ്പെടുക. അതാവട്ടെ പ്രവാചകന്റെ തന്നെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമാണ്. പ്രാമാണികതയുടെ കാര്യത്തില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന ബുഖാരിയില്‍നിന്ന് ഒന്ന് രണ്ട് ഉദ്ധരണികള്‍ ഹാജരാക്കാം- അവ വായിച്ച് നെഞ്ചത്ത് കൈവെച്ച് പറയൂ നിങ്ങള്‍ അവ അപ്പടി വിശ്വസിക്കുമോ അതോ നിങ്ങള്‍ അവയെ എന്നെപ്പോലെ പതുക്കെ ചാടിക്കടന്ന് പോകുകയോ ചെയ്യുക എന്ന്. അബൂഹുറൈറയില്‍നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: മൂസാനബി അതീവ ലജ്ജാലുവായിരുന്നു. ശരീരം ഭദ്രമായി മറയ്ക്കും. ഇതുകണ്ട് ആളുകള്‍ പറഞ്ഞു: വെള്ളപ്പാണ്ടോ മറ്റോ ഉള്ളതുകൊണ്ടാണ് മൂസ ഇപ്രകാരം 'അടച്ചു' വസ്ത്രം ധരിക്കുന്നത്. അങ്ങനെയിരിക്കേ ഒരു ദിവസം അലക്കുകല്ലില്‍ വസ്ത്രം അഴിച്ചുവെച്ച് മൂസ പൂര്‍ണ നഗ്നനായി കുളിക്കവെ ഉടുവസ്ത്രവുമായി ആ കല്ല് മാര്‍ക്കറ്റിലൂടെ ഒരു ഓട്ടം. ഇസ്‌റാഈലി പ്രമാണിമാര്‍ ഇരിക്കുന്നേടത്താണ് കല്ല് ചെന്ന് നിന്നത്. മൂസ തന്റെ കയ്യിലുള്ള വടിയോട് കല്ല് നില്‍ക്കുന്ന സ്ഥലം ചോദിച്ച് മനസ്സിലാക്കി കല്ലിന്റെ പിന്നാലെ ഓടി. മൂസയുടെ കുറ്റമറ്റ ശരീരം അവര്‍ കണ്ടു. അവര്‍ പറഞ്ഞു. ഒരു കുഴപ്പവുമില്ല. ഇമാം ബുഖാരി അംറുബ്‌നു മൈമൂനില്‍നിന്ന് ഉദ്ധരിക്കുന്നു. ഒരു കുരങ്ങിന് ചുറ്റും ഇതര കുരങ്ങന്മാര്‍ കൂടി നില്‍ക്കുന്നു. ആദ്യത്തെ കുരങ്ങ് വ്യഭിചരിച്ചുവത്രെ. തുടര്‍ന്ന് ഇതര കുരങ്ങന്മാര്‍ എല്ലാവരും ചേര്‍ന്ന് തെറ്റ് ചെയ്ത കുരങ്ങിനെ എറിഞ്ഞുകൊന്നു. ഞാനും (അംറുബ്‌നു മൈമൂന്‍) അവയോടൊപ്പം ചേര്‍ന്ന് അതിനെ എറിഞ്ഞു കൊന്നു. (ഹദീസുകളുടെ പദാനുപദ പരിഭാഷക്ക് പകരം സംഗ്രഹമാണ് ഉദ്ധരിച്ചിരിക്കുന്നത്).
ഇപ്പോള്‍ പറയൂ. ബുഖാരിയില്‍ ഉണ്ട് എന്ന കാരണത്താല്‍ അല്ലാഹുവിന്റെ ഒരു പ്രവാചകനെ നാം നഗ്നനാക്കി അങ്ങാടിയിലൂടെ ഓടിക്കണമോ? ആ ഒറ്റ കാരണത്താല്‍ അലക്കുകല്ലിന് ബുദ്ധിയുണ്ടെന്നും അതിന്ന് ഇസ്‌റാഈലി പ്രഭുക്കന്മാര്‍ അങ്ങാടിയില്‍ ഇരിക്കുന്ന സ്ഥലം കൃത്യമായി അറിയാമായിരുന്നുവെന്നും അംഗീകരിക്കണമോ? മനുഷ്യനെപ്പോലെ കുരങ്ങന്മാര്‍ക്കും ശരീഅത്ത് നിയമങ്ങള്‍ ബാധകമാണെന്നും പ്രസ്തുത ശരീഅത്തില്‍ വ്യഭിചാരിക്കുള്ള ശിക്ഷ എറിഞ്ഞ് കൊല്ലലാണെന്നും നാം സമ്മതിച്ചുകൊടുക്കണോ? ഇതൊക്കെ കാണുമ്പോഴാണ്, സുഹൃത്തേ ചോദിക്കാന്‍ തോന്നുന്നത് ഇത് ഏതാ മോനേ ദുനിയാവ്?

0 comments :

Post a Comment